കടുത്ത പനിയും ശ്വാസകോശ സംബന്ധമായ അണുബാധയും; മോഹൻലാൽ ആശുപത്രിയിൽ

നടൻ മോഹൻലാൽ ആശുപത്രിയിൽ. കടുത്ത പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിന് പിന്നാലെയാണ് നടനെ ആശുപച്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവിൽ കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. മോഹൻലാൽ ചികിത്സ തേടിയ കാര്യം ആശുപത്രി അധികൃതർ തന്നെയാണ് പുറത്തുവിട്ടത്. ‌‌

താരത്തിന് ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടെന്നാണ് ഡോക്ടർമാർ സംശയിക്കുന്നത്. ഇതേ തുടർന്ന് 5 ദിവസത്തെ വിശ്രമം അദ്ദേഹത്തിന് നിർദ്ദേശിച്ചിട്ടുണ്ട്. തിരക്കുള്ള സ്ഥലങ്ങളിൽ സന്ദർശനം ഒഴിവാക്കണമെന്നും ഡോക്ടർമാർ നിർദ്ദേശിച്ചു. മോഹൻലാൽ സുഖം പ്രാപിച്ചുവരുന്നതായും ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

അതേസമയം, തന്റെ ഷൂട്ടിം​ഗ് തിരക്കുകളിലായിരുന്നു മോഹൻലാൽ. എമ്പുരാന്റെ ഗുജറാത്ത് ഷൂട്ടിംഗ് ഷെഡ്യൂളും തൻ്റെ ആദ്യ സംവിധാന സംരംഭമായ ബറോസിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും പൂർത്തിയാക്കിയ താരം കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് കൊച്ചിയിൽ തിരിച്ചെത്തിയത്. പിന്നാലെയാണ് ശാരീരിക അസ്വസ്ഥതകൾ തോന്നിതുടങ്ങിയത്.

ഈ വാർത്ത പുറത്തെത്തിയതോടെ ആരാധകർ ആശങ്കയിലാണ്. താരം എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നാണ് എല്ലാവരും പറയുന്നത്. നിരവധി പേരാണ് അദ്ദേഹം രോ​ഗശാന്തി നേടാൻ പ്രാർത്ഥിക്കുന്നത്. മോഹൻലാലിന്റെ ബാറോസ് എന്ന ചിത്രമാണ് ഇനി പുറത്തെത്താനുള്ളത്. ഒക്ടോബർ 3നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നതെന്നാണ് മോഹൻലാൽ അറിയിച്ചിരിക്കുന്നത്.

ബറോസ്: ഗാർഡിയൻ ഓഫ് ഡി’ഗാമാസ് ട്രഷർ എന്ന നോവലിനെ അടിസ്ഥാനമാക്കി ജിജോ പുന്നൂസാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. മലയാളത്തിലെ ഇതുവരെ കാണാത്ത ദൃശ്യവിസ്മയമായിരിക്കും ബറോസിലൂടെ പ്രേക്ഷകർക്ക് ലഭിക്കാൻ പോവുകയെന്ന് തന്നെയാണ് സിനിമാപ്രേമികളുടെ പ്രതീക്ഷ. 3D യിലാണ് ചിത്രമെത്തുന്നത്.

ഫാന്റസി ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്. ടൈറ്റിൽ കഥാപാത്രമായ ബറോസ് ആയി എത്തുന്നതും മോഹൻലാൽ തന്നെയാണ്. സന്തോഷ് ശിവൻ ആണ് ചിത്രത്തിന് ഛായാഗ്രഹം നിർവഹിക്കുന്നത്. ലിഡിയൻ നാദസ്വരം എന്ന പതിനെട്ടുവയസുകാരനാണ് ചിത്രത്തിനായി സംഗീത സംവിധാനം നിർവഹിക്കുന്നത്. ടി. കെ രാജീവ്കുമാറാണ് ചിത്രത്തിന്റെ ടെക്നിക്കൽ ഹെഡ്.

വാസ്‌കോഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബറോസ് എന്ന ഭൂതത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നിധി തേടി ഒരു കുട്ടി ബറോസിനു മുന്നിലെത്തുന്നതാണ് കഥയുടെ പ്രമേയം. ബറോസ് എന്ന ഭൂതമായാണ് മോഹൻലാൽ വേഷമിടുന്നത്. 40 വർഷത്തെ അഭിനയ ജീവിതത്തിലെ മുഴുവൻ അനുഭവവുമായാണ് മോഹൻലാൽ സംവിധാന മേഖലയിലേക്ക് തിരിഞ്ഞത്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തിരക്കുകളിൽ നിന്നും മാറി കൊച്ചി എളമക്കരയിലെ വീട്ടിലേയ്ക്ക് അമ്മയുടെ പിറന്നാൾ ആഘോഷിക്കാൻ ലാലും ഭാര്യ സുചിത്രയും എത്തിയത് വാർത്തായിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായിരുന്നു. മേജർ രവി അടക്കമുള്ള മോഹൻലാലിന്റെ സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും ആഘോഷത്തിൽ പങ്കെടുത്തിരുന്നു.

അസുഖവും വാർധക്യവും നൽകിയ അവശതകൾ അമ്മയെ അലട്ടുന്നതിനെ കുറിച്ച് പലപ്പോഴായി മോഹൻലാൽ പറഞ്ഞിട്ടുണ്ട്. തൊണ്ണൂറ് വയസിനടുത്ത് പ്രായമുണ്ടെങ്കിലും മകനടുത്തുള്ളതിന്റെ സന്തോഷം ആ അമ്മയുടെ ചിരിയിൽ പ്രതിഫലിക്കുന്നുണ്ടെന്നാണ് ആരാധകർ പറയുന്നത്. നിരവധി പേരാണ് പ്രിയ നടന്റെ അമ്മയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയത്.

സ്ട്രോക്ക് വന്നതിനുശേഷം കൊച്ചിയിലാണ് ശാന്തകുമാരി താമസിക്കുന്നത്. മോഹൻലാൽ കുടുംബസമേതം ചെന്നൈയിലാണ് താമസം. എങ്കിലും സമയം കിട്ടുമ്പോഴെല്ലാം അമ്മയെ കാണാൻ എത്താറുണ്ട്. തന്റെ അമ്മയുടെ പ്രായത്തിലുള്ള അമ്മമാർ ആരോഗ്യത്തോടെ നടന്ന് പോകുന്നത് കാണുമ്പോൾ അമ്മയുടെ അവശതയെ കുറിച്ചാണ് താൻ ഓർക്കാറുള്ളതെന്ന് മോഹൻലാൽ മുമ്പൊരിക്കൽ പറഞ്ഞിരുന്നു.

Vijayasree Vijayasree :