വെറുതേ ആൾക്കാർ തെറ്റിദ്ധരിക്കുന്നതാണ്, പ്രചരിക്കുന്നതെല്ലാം വ്യാജ വാർത്തകൾ; അദ്ദേഹത്തിന്റെ അവസ്ഥ ഇങ്ങനെ; ഡോക്ടർ പറയുന്നത്…

കഴിഞ്ഞ ദിവസമായിരുന്നു കടുത്ത പനിയും ശ്വാസതടസവും നേരിട്ടതിനെ തുടർന്ന് നടൻ മോഹൻലാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായുള്ള വാർത്തകൾ പുറത്തെത്തിയത്. കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന താരം ഇപ്പോൾ ആശുപത്രിവിട്ടുവെന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്. നിലവിൽ താരം വീട്ടിൽ തന്നെ വിശ്രമത്തിലാണ്. മോഹൻലാൽ ചികിത്സ തേടിയ കാര്യം ആശുപത്രി അധികൃതർ തന്നെയാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ‌‌

തുടർന്ന് 5 ദിവസത്തെ വിശ്രമം അദ്ദേഹത്തിന് നിർദ്ദേശിച്ചിട്ടുണ്ട്. തിരക്കുള്ള സ്ഥലങ്ങളിൽ സന്ദർശനം ഒഴിവാക്കണമെന്നും ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം, താരം ഗുരുതരാവസ്ഥയിലാണെന്നും ഐസിയുവിലാണെന്നുമെല്ലാം ചില വ്യാജവാർത്തകളും പ്രചരിച്ചിരുന്നു. ഈ വേളയിൽ അമൃത ആശുപത്രിയിലെ ഒരു ഡോക്ടറുടേതെന്ന തരത്തിൽ പ്രചരക്കുന്ന ഓഡിയോ ആണ് വൈറലായി മാറുന്നത്.

ഒരു യൂട്യൂബ് ചാനൽ പുറത്ത് വിട്ട വീഡിയോയിലാണ് ഇതേ കുറിച്ച് പറയുന്നത്. അദ്ദേഹത്തിന് പനിയുണ്ടായിരുന്നെന്നും എന്നാൽ അതീവഗുരുതരാവസ്ഥയിലാണെന്ന് പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും ഡോക്ടർ പറയുന്നത് കേൾക്കാം. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു;

വെറുതേ ആൾക്കാർ തെറ്റിദ്ധരിക്കുന്നതാണ്. എന്താണ് ശരിക്കും സംഭവിച്ചത് എന്ന് വെച്ചാൽ അദ്ദേഹത്തിന് പനിയുണ്ടായിരുന്നു. ഇപ്പോഴത്തെ പനി വലിയ പ്രശ്നമായതുകൊണ്ട് പൂർണമായി വിശ്രമം ആവശ്യമാണെന്നും തിരക്കുള്ള സ്ഥലങ്ങളിൽ സന്ദർശനം ഒഴിവാക്കണമെന്നും ഉപദേശം എഴുതിക്കൊടുത്തു.

അവർക്ക് പ്രോഗ്രാമുകൾ ഉള്ളതുകൊണ്ട് പറയണമല്ലോ ഇങ്ങനെ പോകാൻ പറ്റില്ലെന്ന്. അത് എങ്ങനെയോ ലീക്കായിട്ട് ലാസ്റ്റ് അദ്ദേഹം ഐസിയുവിലാണെന്നൊക്കെയാണ് പറഞ്ഞിറക്കിയത്. അതിലൊന്നും ഒരു സത്യാവസ്ഥയുമില്ല. അദ്ദേഹം സ്ഥിരം അമൃതയിൽ തന്നെയാണ് ചികിത്സിക്കുന്നത്. അദ്ദേഹത്തിന്റെ അമ്മയെയും അമൃതയിൽ തന്നെയാണ് ചികിത്സിക്കുന്നത് എന്നുമാണ് ഡോക്ടർ പറയുന്നത്.

തന്റെ ഷൂട്ടിംഗ് തിരക്കുകളിലായിരുന്നു മോഹൻലാൽ. എമ്പുരാന്റെ ഗുജറാത്ത് ഷൂട്ടിംഗ് ഷെഡ്യൂളും തൻ്റെ ആദ്യ സംവിധാന സംരംഭമായ ബറോസിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും പൂർത്തിയാക്കിയ താരം കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് കൊച്ചിയിൽ തിരിച്ചെത്തിയത്. പിന്നാലെയാണ് ശാരീരിക അസ്വസ്ഥതകൾ തോന്നിതുടങ്ങിയത്.

അതേസമയം, മോഹൻലാലിന്റെ ബാറോസ് എന്ന ചിത്രമാണ് ഇനി പുറത്തെത്താനുള്ളത്. ഒക്ടോബർ 3നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നതെന്നാണ് മോഹൻലാൽ അറിയിച്ചിരിക്കുന്നത്. ബറോസ്: ഗാർഡിയൻ ഓഫ് ഡി’ഗാമാസ് ട്രഷർ എന്ന നോവലിനെ അടിസ്ഥാനമാക്കി ജിജോ പുന്നൂസാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. മലയാളത്തിലെ ഇതുവരെ കാണാത്ത ദൃശ്യവിസ്മയമായിരിക്കും ബറോസിലൂടെ പ്രേക്ഷകർക്ക് ലഭിക്കാൻ പോവുകയെന്ന് തന്നെയാണ് സിനിമാപ്രേമികളുടെ പ്രതീക്ഷ. 3D യിലാണ് ചിത്രമെത്തുന്നത്.

ഫാന്റസി ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്. ടൈറ്റിൽ കഥാപാത്രമായ ബറോസ് ആയി എത്തുന്നതും മോഹൻലാൽ തന്നെയാണ്. സന്തോഷ് ശിവൻ ആണ് ചിത്രത്തിന് ഛായാഗ്രഹം നിർവഹിക്കുന്നത്. ലിഡിയൻ നാദസ്വരം എന്ന പതിനെട്ടുവയസുകാരനാണ് ചിത്രത്തിനായി സംഗീത സംവിധാനം നിർവഹിക്കുന്നത്. ടി. കെ രാജീവ്കുമാറാണ് ചിത്രത്തിന്റെ ടെക്നിക്കൽ ഹെഡ്.

വാസ്‌കോഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബറോസ് എന്ന ഭൂതത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നിധി തേടി ഒരു കുട്ടി ബറോസിനു മുന്നിലെത്തുന്നതാണ് കഥയുടെ പ്രമേയം. ബറോസ് എന്ന ഭൂതമായാണ് മോഹൻലാൽ വേഷമിടുന്നത്. 40 വർഷത്തെ അഭിനയ ജീവിതത്തിലെ മുഴുവൻ അനുഭവവുമായാണ് മോഹൻലാൽ സംവിധാന മേഖലയിലേക്ക് തിരിഞ്ഞത്.

Vijayasree Vijayasree :