പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ; ആശംസകൾ നേർന്ന് ഇച്ചാക്ക

മലയാളികളുടെ പ്രിയ നടൻ മോഹൻലാലിൻറെ ജന്മദിനമാണ് ഇന്ന്. പ്രിയതാരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്ത് വന്നിരിക്കുകയാണ് ആരാധകരും സിനിമാലോകവും. മോഹൻലാലിന് ജന്മദിനാശംസകൾ നേർന്ന് നടൻ മമ്മൂട്ടി എത്തിയിരിക്കുകയാണ്. മെയ് 21നാണ് മോഹൻലാൽ ജന്മദിനം ആഘോഷിക്കുന്നത്. അർധരാത്രിയിൽ തന്നെയാണ് മമ്മൂട്ടി ജന്മദിനാശംസകൾ നേർന്നത്. ഇരുവരും ഒരുമിച്ച് കൈകോർത്ത് നിൽക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു മമ്മൂട്ടിയുടെ ആശംസ.

. നാല് ദേശീയ പുരസ്‌കാരങ്ങള്‍, ഒന്‍പത് സംസ്ഥാന പുരസ്‌കാരങ്ങള്‍, പത്മശ്രീ, പത്മഭൂഷണ്‍ അങ്ങനെ ഒട്ടനവധി നേട്ടങ്ങളാണ് നാലു പതിറ്റാണ്ടുകള്‍ നീണ്ട അഭിനയ ജീവിതത്തിലൂടെ മോഹന്‍ലാല്‍ സ്വന്തമാക്കിയത്. പുരസ്‌കാരങ്ങള്‍ക്ക് അതീതമാണ് മോഹന്‍ലാലിന്റെ അഭിനയ നടന ശൈലി, മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും മോഹന്‍ലാല്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

പത്തനംതിട്ടയിലെ ഇലന്തൂരില്‍ 1960 മെയ് 21നാണ് വിശ്വനാഥന്‍ നായരുടെയും ശാന്തകുമാരിയുടെയും മകനായി മോഹന്‍ ലാലിന്റെ ജനനം. മുടവന്‍മുകള്‍ എന്ന സ്ഥലത്തെ തറവാട്ടു വീട്ടിലായിരുന്നു മോഹന്‍ലാലിന്റെ കുട്ടിക്കാലം. മുടവന്‍മുകളിലുള്ള ഒരു ചെറിയ സ്‌കൂളിലാണ് മോഹന്‍ലാല്‍ തന്റെ വിദ്യാഭ്യാസം ആരംഭിക്കുന്നത്. പ്രിയദര്‍ശന്‍, എം.ജി. ശ്രീകുമാര്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ സഹപാഠികള്‍ ആയിരുന്നു. ഈ സൗഹൃദം അദ്ദേഹത്തെ ഒരുപാടു സ്വാധീനിച്ചിട്ടുണ്ട്.

ഫാസില്‍ സംവിധാനം ചെയ്ത ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളി’ലൂടെയാണ് മോഹന്‍ലാല്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ ആദ്യമായി എത്തുന്നത്. പൂര്‍ണിമ ജയറാം, ശങ്കര്‍ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ ചിത്രത്തില്‍ നരേന്ദ്രന്‍ എന്ന വില്ലന്‍ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. 1980-90കളിലെ ചലച്ചിത്ര വേഷങ്ങളിലൂടെയാണ് മോഹന്‍ലാല്‍ ശ്രദ്ധേയനായി മാറിയത്. പിന്നീട് നായകനും സഹനടനും വില്ലനുമായി വെള്ളിത്തിരയില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ച വച്ച് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടി. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ സൂപ്പര്‍താര പദവിയിലേക്ക് ഉയരുന്നത്.

സമീപകാലത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങള്‍ പലതും വാണിജ്യവിജയമായിരുന്നുവെങ്കിലും ഭൂരിഭാഗം ആരാധകര്‍ക്കും നിരാശയാണ് നല്‍കിയത്. തുടര്‍ന്ന് ഒരു മാറ്റത്തിന്റെ പാതയിലൂടെ തിരഞ്ഞെടുത്തിരിക്കുകയാണ് ഈ മഹാനടന്‍. ലിജോ ജോയ് പെല്ലശ്ശേരി സംവിധാനം ചെയ്യുന്ന മലൈകോട്ടെ വാലിഭന്‍ ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രമാണ്. കൂടാതെ മോഹന്‍ലാലിന്റെ ആദ്യസംവിധാന സംരഭമായ ബറോസ് എന്ന ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ഓളവും തീരവും ജീത്തും ജോസഫറിന്റെ റാം എന്നിവയാണ് ഇനി മോഹന്‍ലാലിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍. കൂടാതെ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ പ്രീപ്രൊഡക്ഷന്‍ ജോലികളും നടന്നുകൊണ്ടിരിക്കുകയാണ്.

Noora T Noora T :