അഭ്രപാളിയിലെ വിസ്മയങ്ങളുടെ രാജാവ്, ആരാധകരുടെ സ്വന്തം ‘ലാലേട്ടന്‍’; മലയാളത്തിന്റെ ആറാംതമ്പുരാന് ഇന്ന് 64ാം പിറന്നാള്‍

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹന്‍ലാല്‍, ആരാധകരുടെ സ്വന്തം ലാലേട്ടന്‍. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന് സോഷ്യല്‍ മീഡിയയില്‍ ആഘോഷങ്ങളുടെയും ആശംസകളുടെയും വസന്തകാലമാണ്. 1980 ല്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ മനസ്സിനെ കീഴടക്കാന്‍ മോഹന്‍ലാല്‍ എന്ന നടന് അധികം കാലതാമസം ഒന്നും വേണ്ടി വന്നില്ല.

മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെയാണ് മോഹന്‍ലാല്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നതെങ്കിലും അദ്ദേഹത്തിന്റെ അരങ്ങേറ്റ ചിത്രം 1978ലെ തിരനോട്ടം ആണ്. ഒരു ഹാസ്യ കഥാപാത്രത്തെയായിരുന്നു അദ്ദേഹം അവതരിപ്പിച്ചിരുന്നത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡുമായി ബന്ധപ്പെട്ട ചില തടസ്സങ്ങള്‍ മൂലം ഈ ചിത്രം പുറത്തിറങ്ങിയിരുന്നില്ല.

വില്ലനായി അഭിനയിച്ച ‘മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍’ ആണ് ലാലിന്റെതായി ആദ്യം പുറത്തിറങ്ങുന്ന ചിത്രം. വില്ലനായി എത്തി നായകനായി വളര്‍ന്ന് മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടാന്‍ അദ്ദേഹത്തിനായി. ജനപ്രീതിയുടെ അഭ്രപാളിയില്‍ നിരന്തര സാന്നിധ്യമായി ദശാബ്ദങ്ങള്‍ക്കിപ്പുറവും നിറഞ്ഞ് നില്‍ക്കുകയാണ് ആരാധകരുടെ പ്രിയപ്പട്ട ലാലേട്ടന്‍.

ഇന്ന് കൊച്ചുകുട്ടികള്‍ വരെ സ്‌നേഹത്തോടെ വിളിക്കുന്ന ‘ലാലേട്ട’ന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ തലേ ദിവസം തന്നെ ആരാധകര്‍ ആഘോഷമാക്കാന്‍ തുടങ്ങി. ആരാധകര്‍ മാത്രമല്ല, സിനിമാ ലോകം ഒന്നടങ്കമാണ് മലയാള സിനിമയുടെ രാജാവിന്റെ മകന്റെ പിറന്നാള്‍ ആഘോഷിക്കുന്നത്.

പതിവ് പോലെ തന്നെ മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി മമ്മൂട്ടിയും എത്തി. കൃത്യം രാത്രി 12 മണിക്ക് തന്നെ മമ്മൂട്ടി മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട് അദ്ദേഹം. മോഹന്‍ലാലിനെ ചേര്‍ത്ത് നിര്‍ത്തി കവിളില്‍ ചുംബിക്കുന്ന ചിത്രമാണ് മോഹന്‍ലാലിന്റെ സ്വന്തം ഇച്ചാക്ക പങ്കുവെച്ചിരിക്കുന്നത്.

മോഹന്‍ലാലിന്റെ 64ാം പിറന്നാളിനോട് അനുബന്ധിച്ച് നടന്റെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ വീണ്ടും പ്രേക്ഷകരിലേക്കും എത്തുന്നുണ്ട്. ഒമ്പത് ചിത്രങ്ങളാണ് തിയേറ്ററിലേയ്ക്ക് എത്തുന്നത്. ഏയ് ഓട്ടോ, ഇരുവര്‍, ചന്ദ്രലേഖ, ആറാം തമ്പുരാന്‍, തൂവാന തുമ്പികള്‍, നരസിംഹം, ഹിസ് ഹൈനസ് അബ്ദുല്ല, ഭ്രമരം, തേന്മാവിന്‍ കൊമ്പത്ത് തുടങ്ങിയ സിനിമകളാണ് റീ റിലീസ് ചെയ്യുന്നത്.

തിരുവനന്തപുരം ഏരീസ് പ്ലക്‌സ് സിനിമാസില്‍ മെയ് 20, 21, 22 തീയതികളാണ് പ്രദര്‍ശനം. മേയ് 20ന് ഏയ് ഓട്ടോ, ഇരുവര്‍, ചന്ദ്രലേഖ എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.

21ന് ആറാം തമ്പുരാന്‍, തൂവാന തുമ്പികള്‍, നരസിംഹം എന്നീ സിനിമകളും 22ന് ഹിസ് ഹൈനസ് അബ്ദുല്ല, ഭ്രമരം, തേന്മാവിന്‍ കൊമ്പത്ത് എന്നിവയും പ്രദര്‍ശിപ്പിക്കും.രാവിലെ പതിനൊന്നര, ഉച്ചയ്ക്ക് രണ്ടര, വൈകിട്ട് ആറര എന്നിങ്ങനെയാണ് പ്രദര്‍ശന സമയം. ലാലേട്ടന്‍ മൂവി ഫെസ്റ്റിവല്‍’ എന്ന പേരിലാണ് ചിത്രങ്ങള്‍ റി റീലിസ് ചെയ്യുന്നത്.

മാത്രമല്ല, ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് L360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രം. മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ 360ാമത്തെ ചിത്രത്തില്‍ ശോഭനയാണ് നായിക. 15 വര്‍ഷത്തിന് ശേഷം മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്ന ചിത്രമെന്ന നിലയില്‍ ശ്രദ്ധ നേടിയ ചിത്രമാണിത്. ഈ ചിത്രം സംബന്ധിച്ച രണ്ട് പ്രധാന അപ്‌ഡേറ്റുകള്‍ മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനമായ ഇന്ന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കുമാണ് അവ. ഇത് സംബന്ധിച്ച് ഒഫിഷ്യല്‍ പ്രഖ്യാപനമൊന്നും വന്നിട്ടില്ലെങ്കിലും ഒരു സര്‍െ്രെപസ് ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്.

അഭിനയ ജീവിതത്തില്‍ നാല് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ ഒരു വലിയ ബ്രാന്‍ഡായി മോഹന്‍ലാല്‍ എന്ന പേര് മാറി. ബോക്‌സ് ഓഫിസ് കണക്കുകളിലും മോഹന്‍ലാല്‍ ചിത്രങ്ങള്‍ മുന്നിട്ട് നില്‍ക്കുന്നു. മോഹന്‍ലാലിന്റെ ‘പുലിമുരുകനാ’ണ് 100 കോടി ക്ലബ്ബില്‍ ഇടം നേടുന്ന ആദ്യ മലയാള ചിത്രം. 2019 ല്‍ പുറത്തിറങ്ങിയ ‘ലൂസിഫര്‍’ 200 കോടി ക്ലബിലും ഇടംനേടി. നാല് ദേശീയ പുരസ്‌കാരങ്ങള്‍, ഒന്‍പത് സംസ്ഥാന പുരസ്‌കാരങ്ങള്‍, പത്മശ്രീ, പത്മഭൂഷണ്‍ തുടങ്ങി മോഹന്‍ലാല്‍ സ്വന്തമാക്കിയ അംഗീകാരങ്ങളുടെ പട്ടിക നീളുന്നു.

വെള്ളിത്തിരയില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ച വച്ച മോഹന്‍ലാല്‍ 198090കളിലെ വേഷങ്ങളിലൂടെയാണ് ഒരു നടന്‍ എന്ന നിലയിലുള്ള തന്റെ അടയാളപ്പെടുത്തല്‍ നടത്തുന്നത്. പിന്നീട് തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ‘രാജാവിന്റെ മകന്‍’ എന്ന ചിത്രത്തിലൂടെ സൂപ്പര്‍താര പദവിയിലേക്ക് മോഹന്‍ലാല്‍ ഉയര്‍ന്നു. ‘സുഖമോ ദേവി’യിലെ സണ്ണിയും, ‘തൂവാനത്തുമ്പികളി’ലെ ജയകൃഷ്ണനും, ‘നമുക്ക് പാര്‍ക്കാന്‍ മുന്തിരിതോപ്പി’ലെ സോളമനും അങ്ങനെ മോഹന്‍ലാല്‍ അഭ്രപാളിയില്‍ പകര്‍ന്നാടിയ പ്രണയ നായകന്‍മാരെല്ലാം മലയാളിക്ക് എന്നെന്നും പ്രിയപ്പെട്ടതാണ്.

‘നാടോടിക്കാറ്റി’ലെ ദാസന്‍, ‘ചിത്ര’ത്തിലെ വിഷ്ണു, ‘കിരീട’ത്തിലെ സേതുമാധവന്‍, ‘ഭരത’ത്തിലെ ഗോപി, ‘കമലദള’ത്തിലെ നന്ദഗോപന്‍, ‘ദേവാസുര’ത്തിലെ മംഗലശ്ശേരി നീലകണ്ഠന്‍, ‘ആറാംതമ്പുരാനിലെ’ ജഗന്നാഥന്‍,’വാനപ്രസ്ഥ’ത്തിലെ കുഞ്ഞിക്കുട്ടന്‍, ‘സ്ഫടിക’ത്തിലെ ആടുതോമ, ‘ദശരഥ’ത്തിലെ രാജീവ് മേനോന്‍, ‘ഉണ്ണികളേ ഒരു കഥപറയാം’ എന്ന ചിത്രത്തിലെ എബി അബ്രഹാം, ‘തന്മാത്ര’യിലെ രമേശന്‍ നായര്‍, ‘പരദേശി’യിലെ വലിയകത്ത് മൂസ, ‘ഭ്രമര’ത്തിലെ ശിവന്‍ കുട്ടി എന്നിവരെ മലയാളികള്‍ എങ്ങനെ മറക്കാനാണ്?

2005ല്‍ പുറത്തിറങ്ങിയ മേജര്‍ രവി ചിത്രം ‘കീര്‍ത്തിചക്ര’യിലെ മേജര്‍ മഹാദേവന്‍ എന്ന കഥാപാത്രം ഇന്ത്യന്‍ ടെറിറ്റോറിയല്‍ ആര്‍മിയുടെ ലഫ്റ്റനന്റ് കേണല്‍ പദവിയും ലാലിന് നേടി കൊടുത്തു. ലഭിച്ചവയ്ക്ക് പുറമെ, 13 തവണ ദേശീയ പുരസ്‌കാരങ്ങളില്‍ അദ്ദേഹം പരിഗണിക്കപ്പെട്ടുവെന്നതും ചരിത്രം. മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും മോഹന്‍ലാല്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

രാംഗോപാല്‍ വര്‍മ സംവിധാനം ചെയ്ത ‘കമ്പനി’, മണിരത്‌നം ഒരുക്കിയ ‘ഇരുവര്‍’ എന്നിവയിലെ വേഷങ്ങള്‍ മോഹന്‍ലാലിലെ പാന്‍ ഇന്ത്യന്‍ നടനെ അടയാളപ്പെടുത്തുന്നവയാണ്. വിശ്വനാഥന്‍ നായരുടെയും ശാന്താകുമാരിയുടെയും രണ്ടാമത്തെ മകനായി 1960 മേയ് 21ന് പത്തനംതിട്ടയിലാണ് മോഹന്‍ലാലിന്റെ ജനനം. മുടവന്‍മുകള്‍ സ്‌കൂള്‍, തിരുവനന്തപുരം മോഡല്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ലാല്‍ തിരുവനന്തപുരം എംജി കോളജില്‍ നിന്ന് ബികോം ബിരുദം നേടി. കോളജ് കാലയളവിലാണ് അഭിനയത്തിലേയ്ക്ക് തിരിയുന്നത്.

Vijayasree Vijayasree :