മനോഹരമായ ദിവസം, ഹാപ്പി ബർത്ത് ഡേ അച്ഛാ; മോഹൻലാലിന് പിറന്നാൾ ആശംസകളുമായി വിസ്മയയും പ്രണവും

ഇന്നലെയായിരുന്നു മലയാളത്തിന്റെ മഹാ നടൻ മോഹൻലാലിന്റെ പിറന്നാൾ. ഇന്ന് കൊച്ചുകുട്ടികൾ വരെ സ്‌നേഹത്തോടെ വിളിക്കുന്ന ‘ലാലേട്ട’ന്റെ പിറന്നാൾ ആഘോഷങ്ങൾ തലേ ദിവസം തന്നെ ആരാധകർ ആഘോഷമാക്കാൻ തുടങ്ങിയിരുന്നു. പ്രിയ നടന് ജന്മദിന ആശംസകളുമായി സഹപ്രവർത്തകരും ആരാധകരും സുഹൃത്തുക്കളും എല്ലാം സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. ഇപ്പോഴിതാ, വളരെ ലളിതമായി നടന്ന പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ മകൾ വിസ്മയ മോഹൻലാൽ പുറത്തുവിട്ടിരിക്കുകയാണ്.

അച്ഛനും അമ്മയും മക്കളും മാത്രം അടങ്ങുന്ന വളരെ ലളിതവും മനോഹരവുമായ ഒരു പിറന്നാൾ ആഘോഷമായിരുന്നു നടന്നത്. അച്ഛനെയും സഹോദരി വിസ്മയയെയും ചേർത്ത് പിടിച്ച് മകൻ പ്രണവ് മോഹൻലാലും, കേക്കുമായി എത്തിയ സുചിത്രയെയുമാണ് വിസ്മയ പങ്കുവെച്ച ചിത്രത്തിൽ കാണാനാകുന്നത്. നാല് പേരും ഒന്നിച്ചെടുത്ത ഒരു സെൽഫിയും പങ്കുവെച്ചിട്ടുണ്ട്.

‘ഒരു മനോഹരമായ ദിവസം, ഹാപ്പി ബർത്ത് ഡേ അച്ഛാ, വി ലവ് യു’ എന്ന് പറഞ്ഞാണ് വിസ്മയ ചിത്രങ്ങൾ പങ്കുവച്ചിരിയ്ക്കുന്നത്. രാത്രി ഏറെ വൈകിയായിരുന്നു ആഘോഷം. പതിനൊന്നര മണിക്ക് എടുത്ത ചിത്രമാണെന്നും ഫോട്ടോയിൽ മെൻഷൻ ചെയ്തിട്ടുണ്ട്. കുറേ കാലങ്ങൾക്ക് ശേഷമാണ് മോഹൻലാലിന്റെ കുടുംബത്തിന്റെ ഒരു ഗ്രൂപ്പ് ഫോട്ടോ പുറത്ത് വരുന്നത്. അതിനാൽ തന്നെ അദ്ദേഹത്തിന്റെ ഫാൻസ് ഗ്രൂപ്പുകളിലടക്കം ചിത്രം വൈറലായി മാറിയിട്ടുണ്ട്.

പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ലാലേട്ടന് കിട്ടാവുന്നതിൽ ഏറ്റവും വലിയ സമ്മാനമായിരിക്കും ഇത്. കുടുംബത്തോടൊപ്പം എന്ത് ആഘോഷിച്ചാലും അത് വളരെ മൂല്യമേറിയതാണ്. ലാലേട്ടനും കുടുംബവും എന്നും സന്തോഷമായിരിക്കട്ടെ, അച്ഛന്റെ പിറന്നാൾ ആഘോഷമാക്കാൻ മക്കൾ രണ്ടാളും ഓടിയെത്തിയല്ലോ എന്നെല്ലാമാണ് പലരും കമന്റുകളായി രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം, ആന്റണി പെരുമ്പാവൂരും കുടുംബവും മോഹൻലാലിന്റെ പിറന്നാൾ ആഘോഷമാക്കിയിരുന്നു. ആന്റണിയുടെ വീട്ടിൽവച്ചായിരുന്നു പിറന്നാൾ ആഘോഷം സംഘടിപ്പിച്ചത്. ആന്റണിയുടെ ഭാര്യ ശാന്തി, മക്കളായ അനിഷ, ആശിഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. അനിഷയുടെ ഭർത്താവിന്റെ മാതാപിതാക്കളായ ഡോ. വിൻസന്റിനെയും ഭാര്യ സിന്ധുവിനെയും ചിത്രങ്ങളിൽ കാണാമായിരുന്നു. പിറന്നാൾ ആഘോഷ ചിത്രങ്ങൾക്കൊപ്പം എമ്പുരാൻ ലൊക്കേഷനിൽനിന്നുളള സ്പെഷൽ ഫോട്ടോയും ആന്റണി പങ്കുവച്ചിട്ടുണ്ട്. അമേരിക്കയിൽ വെച്ചെടുത്ത ചിത്രമാണിത്.

അതേസമയം, പിറന്നാൾ ദിനത്തിൽ തന്റെ ആരാധകർക്കായി മറ്റൊരു സന്തോഷ വാർത്ത കൂടെ പങ്കുവെച്ചിരുന്നു. 47 വർഷത്തെ മോഹൻലാലിന്റെ ജീവിതം പുസ്തകമാകുന്നു എന്ന സന്തോഷമാണ് മോഹൻലാൽ പങ്കുവെച്ചത്. മുഖരാഗം എന്ന പേരിൽ ഭാനുപ്രകാശ് ആണ് ലാലിന്റെ ജീവചരിത്രം എഴുതുന്നത്. പ്രിയപ്പെട്ടവരേ, എന്റെ ഈ പിറന്നാൾ ദിനത്തിൽ ഒരു വലിയ സന്തോഷം നിങ്ങളുമായി പങ്കുവയ്ക്കുകയാണ്. ഭാനുപ്രകാശ് എഴുതിയ എന്റെ ജീവചരിത്രം, മുഖരാഗം മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എം ടി വാസുദേവൻ നായർ, അദ്ദേഹമാണ് അവതാരക എഴുതിയിരിക്കുന്നത്.

കഴിഞ്ഞ 47 വർഷത്തിലേറെയായി തുടരുന്ന എന്റെ അഭിനയ ജീവിതത്തിലെ വിവിധ അടരുകൾ അടയാളപ്പെടുത്തുന്ന പുസ്കമാണിത്. ഏറെ വർഷങ്ങളായി എനിക്കൊപ്പം സഞ്ചരിച്ച് എന്റെ ജീവിതം അക്ഷരങ്ങളിലേക്ക് പകർത്തിയെഴുതാൻ ഭാനുപ്രകാശ് എന്ന എഴുത്തുകാരൻ നടത്തുന്ന പരിശ്രമങ്ങളാണ് മുഖരാഗത്തെ യാഥാർത്ഥ്യമാക്കുന്നത്. ആയിരത്തോളം പേജ് വരുന്ന ഈ പുസ്തകം എന്റെ സിനിമാ ജീവിതത്തിന്റെ 47 വർഷം പൂർത്തിയാവുന്ന 2025 ഡിസംബർ 25 ന് പുറത്തുവരും, നന്ദി എന്നും മോഹൻലാൽ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

അതേസമയം കരിയറിലെ വലിയ വിജയ ഘട്ടത്തിൽ നിൽക്കുകയാണ് ഇപ്പോൾ മോഹൻലാൽ. ഇടവേളയ്ക്ക് ശേഷം ഒരു ഇൻഡസ്ട്രി ഹിറ്റ് ലഭിച്ചു എന്ന് മാത്രമല്ല, തുടർച്ചയായി എത്തിയ രണ്ട് ചിത്രങ്ങൾ ആഗോള ബോക്സ് ഓഫീസിൽ നിന്ന് 500 കോടിക്ക് അടുത്ത് കളക്റ്റ് ചെയ്യുകയുമുണ്ടായി. എമ്പുരാൻ, തുടരും എന്നിവയായിരുന്നു ആ ചിത്രങ്ങൾ. ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ രണ്ടാം സ്ഥാനമാണ് എമ്പുരാനാണ്. മലയാള സിനിമയിൽ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ബജറ്റിൽ നിർമ്മിച്ച സിനിമയെന്ന റെക്കോർഡും എമ്പുരാൻ സ്വന്തമാക്കി.

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ മലയാളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ പണം വാരി ചിത്രമായി. 265 കോടി രൂപ ആഗോള കളക്ഷനും 325 കോടി രൂപ ആഗോള ബിസിനസിൽ എമ്പുരാൻ സ്വന്തമാക്കി. സമീപകാല ട്രെൻഡുകളെ മറികടന്ന് അദ്ദേഹത്തിന്റെ സിനിമകൾ വമ്പൻ വിജയങ്ങൾ നേടി മുന്നേറുന്ന കാഴചയ്ക്കാണ് ആരാധകർ സാക്ഷ്യം വഹിച്ചത്. മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ബോക്സോഫിസിൽ വമ്പൻ വിജയമാണ് കൊയ്തത്.

200 കോടി കടന്ന അഞ്ച് ചിത്രങ്ങളിൽ അഞ്ചാം സ്ഥാനത്താണ് ‘തുടരും’. മിന്നുന്ന പ്രകടനമാണ് തുടരും എന്ന സിനിമയിൽ മോഹൻലാൽ കാഴ്ചവെച്ചത്. 15 വർഷങ്ങൾക്കിപ്പുറം മോഹൻലാൽ-ശോഭന ഒന്നിച്ച ചിത്രം കൂടിയാണ് തുടരും. മോഹൻലാലിലെ നടനെ നഷ്ടമായി എന്ന് പറയുന്നവർക്കുള്ള മറുപടിയാണ് ഈ ചിത്രം എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഞങ്ങളുടെ പഴയ ലാലേട്ടനെ ഇതിൽ കണ്ടു എന്നാണ് പലരും പറഞ്ഞത്. മോഹൻലാലെന്ന നടനെ സ്നേഹിക്കുന്നവരൊന്നാകെ സംവിധായകൻ തരുൺ മൂർത്തിക്ക് നന്ദി പറയുകയായിരുന്നു.

ഷൺമുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഷൺമുഖത്തിന്റെ ജീവിതം നർമ്മത്തിലൂടെയും ഹൃദയസ്പർശിയായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. രജപുത്ര ഫിലിംസ് നിർമിക്കുന്ന ചിത്രത്തിൽ ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിച്ചിരുന്നു.
ഇനിയും നിരവധി കഥാപാത്രങ്ങളുമായി മലയാളത്തിൻെറ മോഹൻലാൽ പ്രേക്ഷകർക്ക് മുന്നിൽ എത്തും. ഹൃദയപൂർവ്വം, വൃഷഭ, ദൃശ്യം3,റമ്പാൻ, കണ്ണപ്പ എന്നിവയാണ് ഈ വർഷത്തെ വരാനിരിക്കുന്ന മോഹൻലാൽ ചിത്രങ്ങൾ.

അതേസമയം പിറന്നാൾ ദിനത്തിൽ പുതിയ പ്രഖ്യാപനങ്ങൾ ഉണ്ടാവുമോ എന്ന കാത്തിരിപ്പിലുമാിരുന്നു ആരാധകർ. കൃഷാന്ദിൻറെ സംവിധാനത്തിൽ മോഹൻലാൽ നായകനാവുന്ന ഒരു ചിത്രം തൻറെ നിർമ്മാണത്തിൽ പ്ലാനിംഗിൽ ഉണ്ടെന്ന് മണിയൻപിള്ള രാജു പറഞ്ഞിരുന്നു. വിപിൻ ദാസിൻറെ രചനയിൽ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന കോമഡി ചിത്രം, അമൽ നീരദ്, ബ്ലെസി, ജിത്തു മാധവൻ, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവർക്കൊപ്പമുള്ള ചിത്രങ്ങൾ എന്നിവയും മോഹൻലാലിൻറെ അപ്കമിംഗ് ഫിലിമോഗ്രഫിയിൽ പറഞ്ഞുകേൾക്കുന്നുണ്ട്.

ദൃശ്യം 3, ലൂസിഫർ ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രമായ അസ്രായേൽ എന്നിവ വരുമെന്ന് ഉറപ്പാണ്. തെലുങ്ക് ചിത്രം കണ്ണപ്പ, ജയിലർ 2 എന്നിവയിലെ അതിഥി വേഷം, മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിലെ വേഷം, പാൻ ഇന്ത്യൻ ചിത്രം വൃഷഭ എന്നിവയും മോഹൻലാലിൻറേതായി വരാനുണ്ട്. ദിലീപ് നായകനാവുന്ന ഭഭബ എന്ന ചിത്രത്തിലും മോഹൻലാൽ അതിഥി വേഷത്തിൽ എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രം ഹൃദയപൂർവ്വം ഫുൾ പായംക്കപ്പ് ആയിരുന്നു. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.പ്രധാനമായും പൂനയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം കൊച്ചി,വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലായിട്ടാണ് പൂർത്തിയായിരിക്കുന്നത്.മെഗാ ഹിറ്റുകളായ എമ്പുരാൻ, തുടരും എന്നീ ചിത്രങ്ങൾക്കു ശേഷം വീണ്ടുമൊരു ഹാട്രിക്കിനുള്ള രസക്കൂടുകളുമായി പ്രേഷകർക്ക് എന്നും പ്രതീക്ഷ നൽകുന്ന സത്യൻ അന്തിക്കാട്- മോഹൻലാൽ കൂട്ടുകെട്ടിലെ ഹൃദയപൂർവ്വം എന്ന ചിത്രം എത്തുന്നത്. ധാരാളം പുതുമകളും, , കൗതുകങ്ങളുമായി ട്ടാണ് ഹൃദയപൂർവ്വ ത്തെ സത്യൻ അന്തിക്കാട് അവതരിപ്പിക്കുന്നത്. പൂന നഗരരത്തിൽ ജീവിക്കുന്ന സന്ധീപ് ബാലകൃഷ്ണൻ എന്ന വ്യക്തിയുടെ ജീവിതത്തിലൂടെ വളരെ പ്ലസൻ്റ് ആയ ഒരു ചിത്രമാണ് സത്യൻ അന്തിക്കാട് കാഴ്ച്ചവക്കുന്നത്.

1960 ൽ, ഇടവ മാസത്തിലെ രേവതി നാളിൽ സർക്കാർ ഉദ്യേഗസ്ഥനായ വിശനാഥൻ നായരുടെയും ശാന്തകുമാരിയുടെയും രണ്ടാമത്തെ മകനായി പിറന്ന മോഹൻലാൽ. സ്കൂൾ പഠന കാലത്തു തന്നെ നാടകങ്ങളിലൊക്കെ സജീവമായിരുന്നു. ആറാം ക്ലാസിൽ പഠിക്കുമ്പോളാണ് അഭിനയത്തിനുള്ള ആദ്യത്തെ പുരസ്കാരം ലഭിച്ചത്. തിരുവനന്തപുരത്തെ മോഡൽ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ മോഹൻലാൽ തിരുവനന്തപുരം എംജി കോളേജിൽ നിന്നു ബികോം ബിരുദം നേടി. മോഹൻലാൽ കോളേജിലെത്തിയതോടെയാണ് സിനിമയുമായി ചങ്ങാത്തത്തിലാകുന്നത്. പിന്നീട് കോളേജ് പഠനകാലത്ത് മണിയൻപിള്ള രാജുവിനെയും പ്രിയദർശനെയും സുരേഷ് കുമാറിനെയും പോലുള്ള കൂട്ടുകാരാണ് ലാലിനെ സിനിമയിലേക്ക് എത്തിച്ചത്.

മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെയാണ് മോഹൻലാൽ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നതെങ്കിലും അദ്ദേഹത്തിന്റെ അരങ്ങേറ്റ ചിത്രം 1978ലെ തിരനോട്ടം ആണ്. ഒരു ഹാസ്യ കഥാപാത്രത്തെയായിരുന്നു അദ്ദേഹം അവതരിപ്പിച്ചിരുന്നത്. എന്നാൽ സെൻസർ ബോർഡുമായി ബന്ധപ്പെട്ട ചില തടസ്സങ്ങൾ മൂലം ഈ ചിത്രം പുറത്തിറങ്ങിയിരുന്നില്ല.വില്ലനായി അഭിനയിച്ച ‘മഞ്ഞിൽവിരിഞ്ഞ പൂക്കൾ’ ആണ് ലാലിന്റെതായി ആദ്യം പുറത്തിറങ്ങുന്ന ചിത്രം. വില്ലനായി എത്തി നായകനായി വളർന്ന് മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടാൻ അദ്ദേഹത്തിനായി. ജനപ്രീതിയുടെ അഭ്രപാളിയിൽ നിരന്തര സാന്നിധ്യമായി ദശാബ്ദങ്ങൾക്കിപ്പുറവും നിറഞ്ഞ് നിൽക്കുകയാണ് ആരാധകരുടെ പ്രിയപ്പട്ട ലാലേട്ടൻ.

നാലു പതിറ്റാണ്ടിലേറെയായി സിനിമയിലെ നിറ സാന്നിധ്യമാണ് മോഹൻലാൽ. 5 ദേശീയ ചലച്ചിത്ര അവാർഡുകൾ, രണ്ട് മികച്ച നടനുള്ള പ്രത്യേക ജൂറി പരാമർശം, അഭിനയത്തിന് പ്രത്യേക ജൂറി അവാർഡ്, മികച്ച ഫീച്ചർ ഫിലിമിനുള്ള അവാർഡ്, നിർമ്മാതാവ് എന്ന നിലയിൽ കേരള സ്‌റ്റേറ്റ് ഫിലിം അവാർഡ്, ഫിലിം ഫെയർ അവാർഡുകൾ, എന്നിവയും മറ്റു നിരവധി അംഗീകാരങ്ങളും മോഹൻലാലിനെ തേടിയെത്തിയിട്ടുണ്ട്.

ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകളെ മാനിച്ച് 2001ലും 2010 ലും പത്മശ്രീ പുരസ്‌കാരവും 2019 ൽ പത്മഭൂഷനും, ഇന്ത്യയുടെ നാലാമത്തെയും, മൂന്നാമത്തെയും ഉയർന്ന സിവിലിയൻ ബഹുമതികൾ എന്നിവയും അദ്ദേഹത്തെ തേടിയെത്തി. 2009 ടെറിട്ടോറിയൽ ആർമിയിലെ ലെഫ്റ്റ് കേണൽ പദവി ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ നടനായി മോഹൻലാൽ മാറി. 2001 മുതൽ 2014 വരെ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ നിന്നും, 2018 കാലിക്കറ്റ് സർവകലാശാലയിൽ നിന്നും ഓണറ്റി ഡോക്ടറേറ്റുകൾ നേടിയിട്ടുണ്ട്.

Vijayasree Vijayasree :