മലയാളികളുടെ പ്രിയങ്കരനാണ് നടനവിസ്മയം മോഹൻലാൽ. തന്റെ 65ാം പിറന്നാൾ ആഘോഷത്തിന്റെ തിളക്കത്തിലാണ് അദ്ദേഹം. ഇന്ന് കൊച്ചുകുട്ടികൾ വരെ സ്‌നേഹത്തോടെ വിളിക്കുന്ന ‘ലാലേട്ട’ന്റെ പിറന്നാൾ ആഘോഷങ്ങൾ തലേ ദിവസം തന്നെ ആരാധകർ ആഘോഷമാക്കാൻ തുടങ്ങി. ആരാധകർ മാത്രമല്ല, സിനിമാ ലോകം ഒന്നടങ്കമാണ് മലയാള സിനിമയുടെ രാജാവിന്റെ മകന്റെ പിറന്നാൾ ആഘോഷിക്കുന്നത്.
എല്ലാവരെയും ഒരേ രീതിയിൽ കാണുന്ന, ബഹുമാനിക്കുന്ന, ഏറെ ഭക്തിയും വിശ്വാസവും കാത്ത് സൂക്ഷിക്കുന്ന, എല്ലാ മതസ്ഥരെയും ബഹുമാനിക്കുന്ന വ്യക്തി കൂടിയാണ് മലയാളിയുടെ സ്വകാര്യ അഹങ്കാരവും അഭിമാനവും ആയ മോഹൻലാൽ. നടനെന്നതിനേക്കാളുപരി ഗായകൻ,കേണൽ, പാചകപ്രേമി, അവതാരകൻ അതിലേറെ നല്ലൊരു കുടുംബസ്ഥൻ എന്നിങ്ങനെയെല്ലാം തിളങ്ങി നിൽക്കുകയാണ് അദ്ദേഹം.
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ വില്ലനായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടൻ മലയാള സിനിമയുടെ നട്ടെല്ല് എന്ന് പറയാവുന്ന രീതിയിലുള്ള കഥാപാത്രങ്ങൾ, ആർക്കും തൊടാൻ പോലും പറ്റാത്ത അത്രയും പെർഫക്ഷനിൽ അവതരിപ്പിച്ച് വെച്ചിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ ബോളിവുഡ് ചിത്രങ്ങളിൽ തന്റേതായ സാന്നിധ്യമാറിയിച്ചിട്ടുണ്ട്. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രൻ എന്ന വില്ലനിൽ നിന്ന് തുടരും എന്ന ചിത്രത്തിലെ ഷൺമുഖത്തിലേയ്ക്കുളള ദൂരം ഒരു സിനിമ കഥയെ പോലെയാണ്.
മോഹൻലാൽ ജീവൻ നൽകിയ പല കഥപാത്രങ്ങളും പ്രേക്ഷകരുടെ ഇടയിൽ ഇന്നും ചർച്ച വിഷയമാണ്. കീരടവും, ദേവാസുരവും ഇരുവരുമൊക്കെ ഇന്നും സിനിമ ഗ്രൂപ്പുകളിൽ ചർച്ചയാകുന്നുണ്ട്. മലയാളികളുടെ ലാലേട്ടന് ആശംസകൾ അറിയിച്ച് സിനിമാ രംഗത്തെ സഹപ്രവർത്തകരും സുഹൃത്തുക്കളും ആരാധകരും സോൽഷ്യൽ മീഡിയയിൽ എത്തി. എന്നാൽ ഈ പിറന്നാൾ ദിനത്തിൽ മോഹൻലാൽ തന്റെ ആരാധകർക്കായി മറ്റൊരു സന്തോഷ വാർത്ത കൂടെ പങ്കുവയ്ക്കുകയാണ്.
47 വർഷത്തെ മോഹൻലാലിന്റെ ജീവിതം പുസ്തകമാകുന്നു എന്ന സന്തോഷമാണ് മോഹൻലാൽ പങ്കുവെച്ചത്. മുഖരാഗം എന്ന പേരിൽ ഭാനുപ്രകാശ് ആണ് ലാലിന്റെ ജീവചരിത്രം എഴുതുന്നത്. പ്രിയപ്പെട്ടവരേ, എന്റെ ഈ പിറന്നാൾ ദിനത്തിൽ ഒരു വലിയ സന്തോഷം നിങ്ങളുമായി പങ്കുവയ്ക്കുകയാണ്. ഭാനുപ്രകാശ് എഴുതിയ എന്റെ ജീവചരിത്രം, മുഖരാഗം മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എം ടി വാസുദേവൻ നായർ, അദ്ദേഹമാണ് അവതാരക എഴുതിയിരിക്കുന്നത്.
കഴിഞ്ഞ 47 വർഷത്തിലേറെയായി തുടരുന്ന എന്റെ അഭിനയ ജീവിതത്തിലെ വിവിധ അടരുകൾ അടയാളപ്പെടുത്തുന്ന പുസ്കമാണിത്. ഏറെ വർഷങ്ങളായി എനിക്കൊപ്പം സഞ്ചരിച്ച് എന്റെ ജീവിതം അക്ഷരങ്ങളിലേക്ക് പകർത്തിയെഴുതാൻ ഭാനുപ്രകാശ് എന്ന എഴുത്തുകാരൻ നടത്തുന്ന പരിശ്രമങ്ങളാണ് മുഖരാഗത്തെ യാഥാർത്ഥ്യമാക്കുന്നത്. ആയിരത്തോളം പേജ് വരുന്ന ഈ പുസ്തകം എന്റെ സിനിമാ ജീവിതത്തിന്റെ 47 വർഷം പൂർത്തിയാവുന്ന 2025 ഡിസംബർ 25 ന് പുറത്തുവരും, നന്ദി എന്നും മോഹൻലാൽ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.
അതേസമയം, മോഹൻലാലിന്റെ പഴയൊരു വീഡിയോയും വൈറലായി മാറുന്നുണ്ട്. അഭിനയത്തെക്കുറിച്ചും മനുഷ്യന്റെ പ്രായമാകുന്നതിനെക്കുറിച്ചുമെല്ലാം മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്. താനായാലും എല്ലാവരും ഈ നാട്ടിൽ മരിക്കും. എല്ലാവർക്കും പ്രായമാകുമെന്നും മോഹൻലാൽ പറഞ്ഞു. ജരാനരകൾ ബാധിക്കണം, പ്രായമാകണം, മരിക്കണം എന്ന സിസ്റ്റത്തിനോടാണ് ഞാൻ യോജിക്കുന്നത്.
ഇല്ലെങ്കിൽ എന്തോ കുഴപ്പമുണ്ടെന്നാണ് കരുതുന്നത്. അതല്ലെങ്കിൽ വല്ല കായകൽപ്പ ചികിത്സയൊക്കെ ചെയ്ത് നമ്മൾ പുറകിലേക്ക് പോകണം. എനിക്ക് അറിയാം ഞാൻ ഏത് നിമിഷവും മരിച്ചു പോകുമെന്ന്,’ എന്നും മോഹൻലാൽ പറഞ്ഞു. നിങ്ങൾ മരിക്കും, ഇവർ മരിക്കും, എല്ലാവരും മരിക്കും, നമുക്ക് വയസാകും, പല്ലുകൾ കൊഴിയും, മുടി പോകും. അങ്ങനെയല്ലേ വേണ്ടത്. എല്ലാം നമ്മുടെ ഇഷ്ടത്തിനാണ് ജീവിതമെങ്കിൽ അതിനെ ഭയപ്പെട്ടിട്ട് കാര്യമില്ലല്ലോ. നാളെ എനിക്ക് അസുഖം വരും എന്ന് പറയുന്നതിന് ഇന്നേ മരുന്ന് കഴിക്കുന്നത് എന്തിനാണ്? പിന്നെ ഭാഗ്യം എന്ന് പറയുന്നത് സിനിമയുടെ കൂടെയുണ്ട്. 90 വയസുണ്ടെങ്കിലും നമുക്ക് ആരോഗ്യമുണ്ടെങ്കിൽ അഭിനയിക്കാൻ പറ്റുന്ന കാര്യം തന്നെയാണന്നും മോഹൻലാൽ പറഞ്ഞു.
കഥകളി ഒക്കെ നോക്കൂ, 92 വയസുള്ള ആളുകളൊക്കെ ഇപ്പോഴും നാടകത്തിലായാലും സിനിമയിലായാലും കഥകളി ആയാലും, ഇതൊക്കെ ചെയ്യുന്നവരില്ലേ? തിക്കുറിശ്ശി സാർ ഒക്കെ എത്രയോ വയസായിട്ടും അവർ ഒക്കെ അഭിനയിച്ചില്ലേ. കാലത്തിനൊത്ത് കോലം കെട്ടുക എന്ന് പറയില്ലേ, അതുപോലെ തന്നെ, പക്ഷെ മലയാളത്തിൽ പ്രായത്തിനൊത്ത വേഷങ്ങൾ തന്നെയാണ് നമ്മൾ ചെയ്യുന്നത്. എപ്പോഴും ചോദിക്കുന്ന കാര്യമാണ് നിങ്ങൾ എന്തിനാണ് 16 വയസുള്ള പെൺകുട്ടിയുടെ കൂടെ ആടുകയും പാടുകയും ഒക്കെ ചെയ്യുന്നത് എന്ന്. നമ്മൾ ഇന്ന് ഒരു പഴയ സിനിമ കാണുന്ന പോലെ ഒന്നുമല്ലല്ലോ.
പണ്ട് നസീർ സാർ കോളേജിൽ പഠിക്കുന്ന പയ്യനായി അഭിനയിച്ച പോലെ ഇന്ന് നമുക്ക് ഒരിക്കലും ചെയ്യാൻ പറ്റില്ലല്ലോ. ആ കാലഘട്ടം മാറി. നമ്മുടെ പ്രായത്തിലുള്ള സ്ത്രീകൾ എന്ന് പറയുമ്പോൾ അത് സിനിമയിൽ വരുമ്പോൾ അതിന് ഒരുപാട് പരിമിതികൾ ഉണ്ട്. അതുകൊണ്ട് തന്നെ പ്രായത്തിന് താഴെയുള്ള കുട്ടികളുമായാണ് അഭിനയിക്കാൻ പറ്റുന്നത്. എനിക്ക് ഇപ്പോൾ 45 വയസുണ്ടെന്ന് കരുതുക, ആ ഞാൻ 45 വയസുള്ള സ്ത്രീയുമായി ഒരു സിനിമയിൽ അഭിനയിക്കുമ്പോൾ അത് വേറെ ഒരു തരത്തിൽ ആയി പോകുമെന്നും മോഹൻലാൽ പറയുന്നു. കരിയറിനൊപ്പം ജീവിതത്തോടുള്ള മോഹൻലാലിന്റെ കാഴ്ചപ്പാടുകളും പലപ്പോഴും ശ്രദ്ധ നേടിയിട്ടുണ്ട്. ആത്മീയതയിൽ വിശ്വസിക്കുന്ന മോഹൻലാൽ പല കാര്യങ്ങളിലും ചില ഫിലോസഫികൾ പിന്തുടരുന്നുണ്ട്.
മോഹൻലാലിനെ സംബന്ധിച്ചിടത്തോളം ബ്ലോക്ക്ബസ്റ്റർ വർഷമാണ് കടന്നുപോകുന്നത്, സമീപകാല ട്രെൻഡുകളെ മറികടന്ന് അദ്ദേഹത്തിന്റെ സിനിമകൾ വമ്പൻ വിജയങ്ങൾ നേടി മുന്നേറി. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ മലയാളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ പണം വാരി ചിത്രമായി. 265 കോടി രൂപ ആഗോള കളക്ഷനും 325 കോടി രൂപ ആഗോള ബിസിനസിൽ എമ്പുരാൻ സ്വന്തമാക്കി. ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ രണ്ടാം സ്ഥാനമാണ് എമ്പുരാനാണ്. മലയാള സിനിമയിൽ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ബജറ്റിൽ നിർമ്മിച്ച സിനിമയെന്ന റെക്കോർഡും എമ്പുരാൻ സ്വന്തമാക്കി.
മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ബോക്സോഫിസിൽ വമ്പൻ വിജയമാണ് കൊയ്തത്. 200 കോടി കടന്ന അഞ്ച് ചിത്രങ്ങളിൽ അഞ്ചാം സ്ഥാനത്താണ് ‘തുടരും’. മിന്നുന്ന പ്രകടനമാണ് തുടരും എന്ന സിനിമയിൽ മോഹൻലാൽ കാഴ്ചവെച്ചത്. 15 വർഷങ്ങൾക്കിപ്പുറം മോഹൻലാൽ-ശോഭന ഒന്നിച്ച ചിത്രം കൂടിയാണ് തുടരും. മോഹൻലാലിലെ നടനെ നഷ്ടമായി എന്ന് പറയുന്നവർക്കുള്ള മറുപടിയാണ് ഈ ചിത്രം എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഞങ്ങളുടെ പഴയ ലാലേട്ടനെ ഇതിൽ കണ്ടു എന്നാണ് പലരും പറഞ്ഞത്. മോഹൻലാലെന്ന നടനെ സ്നേഹിക്കുന്നവരൊന്നാകെ സംവിധായകൻ തരുൺ മൂർത്തിക്ക് നന്ദി പറയുകയായിരുന്നു.
ഷൺമുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഷൺമുഖത്തിന്റെ ജീവിതം നർമ്മത്തിലൂടെയും ഹൃദയസ്പർശിയായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. രജപുത്ര ഫിലിംസ് നിർമിക്കുന്ന ചിത്രത്തിൽ ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിച്ചിരുന്നു.
ഇനിയും നിരവധി കഥാപാത്രങ്ങളുമായി മലയാളത്തിൻെറ മോഹൻലാൽ പ്രേക്ഷകർക്ക് മുന്നിൽ എത്തും. ഹൃദയപൂർവ്വം, വൃഷഭ, ദൃശ്യം3,റമ്പാൻ, കണ്ണപ്പ എന്നിവയാണ് ഈ വർഷത്തെ വരാനിരിക്കുന്ന മോഹൻലാൽ ചിത്രങ്ങൾ.
1960 ൽ, ഇടവ മാസത്തിലെ രേവതി നാളിൽ സർക്കാർ ഉദ്യേഗസ്ഥനായ വിശനാഥൻ നായരുടെയും ശാന്തകുമാരിയുടെയും രണ്ടാമത്തെ മകനായി പിറന്ന മോഹൻലാൽ. സ്കൂൾ പഠന കാലത്തു തന്നെ നാടകങ്ങളിലൊക്കെ സജീവമായിരുന്നു. ആറാം ക്ലാസിൽ പഠിക്കുമ്പോളാണ് അഭിനയത്തിനുള്ള ആദ്യത്തെ പുരസ്കാരം ലഭിച്ചത്. തിരുവനന്തപുരത്തെ മോഡൽ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ മോഹൻലാൽ തിരുവനന്തപുരം എംജി കോളേജിൽ നിന്നു ബികോം ബിരുദം നേടി. മോഹൻലാൽ കോളേജിലെത്തിയതോടെയാണ് സിനിമയുമായി ചങ്ങാത്തത്തിലാകുന്നത്. പിന്നീട് കോളേജ് പഠനകാലത്ത് മണിയൻപിള്ള രാജുവിനെയും പ്രിയദർശനെയും സുരേഷ് കുമാറിനെയും പോലുള്ള കൂട്ടുകാരാണ് ലാലിനെ സിനിമയിലേക്ക് എത്തിച്ചത്.
മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെയാണ് മോഹൻലാൽ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നതെങ്കിലും അദ്ദേഹത്തിന്റെ അരങ്ങേറ്റ ചിത്രം 1978ലെ തിരനോട്ടം ആണ്. ഒരു ഹാസ്യ കഥാപാത്രത്തെയായിരുന്നു അദ്ദേഹം അവതരിപ്പിച്ചിരുന്നത്. എന്നാൽ സെൻസർ ബോർഡുമായി ബന്ധപ്പെട്ട ചില തടസ്സങ്ങൾ മൂലം ഈ ചിത്രം പുറത്തിറങ്ങിയിരുന്നില്ല.വില്ലനായി അഭിനയിച്ച ‘മഞ്ഞിൽവിരിഞ്ഞ പൂക്കൾ’ ആണ് ലാലിന്റെതായി ആദ്യം പുറത്തിറങ്ങുന്ന ചിത്രം. വില്ലനായി എത്തി നായകനായി വളർന്ന് മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടാൻ അദ്ദേഹത്തിനായി. ജനപ്രീതിയുടെ അഭ്രപാളിയിൽ നിരന്തര സാന്നിധ്യമായി ദശാബ്ദങ്ങൾക്കിപ്പുറവും നിറഞ്ഞ് നിൽക്കുകയാണ് ആരാധകരുടെ പ്രിയപ്പട്ട ലാലേട്ടൻ.
നാലു പതിറ്റാണ്ടിലേറെയായി സിനിമയിലെ നിറ സാന്നിധ്യമാണ് മോഹൻലാൽ. 5 ദേശീയ ചലച്ചിത്ര അവാർഡുകൾ, രണ്ട് മികച്ച നടനുള്ള പ്രത്യേക ജൂറി പരാമർശം, അഭിനയത്തിന് പ്രത്യേക ജൂറി അവാർഡ്, മികച്ച ഫീച്ചർ ഫിലിമിനുള്ള അവാർഡ്, നിർമ്മാതാവ് എന്ന നിലയിൽ കേരള സ്‌റ്റേറ്റ് ഫിലിം അവാർഡ്, ഫിലിം ഫെയർ അവാർഡുകൾ, എന്നിവയും മറ്റു നിരവധി അംഗീകാരങ്ങളും മോഹൻലാലിനെ തേടിയെത്തിയിട്ടുണ്ട്.
ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകളെ മാനിച്ച് 2001ലും 2010 ലും പത്മശ്രീ പുരസ്‌കാരവും 2019 ൽ പത്മഭൂഷനും, ഇന്ത്യയുടെ നാലാമത്തെയും, മൂന്നാമത്തെയും ഉയർന്ന സിവിലിയൻ ബഹുമതികൾ എന്നിവയും അദ്ദേഹത്തെ തേടിയെത്തി. 2009 ടെറിട്ടോറിയൽ ആർമിയിലെ ലെഫ്റ്റ് കേണൽ പദവി ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ നടനായി മോഹൻലാൽ മാറി. 2001 മുതൽ 2014 വരെ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ നിന്നും, 2018 കാലിക്കറ്റ് സർവകലാശാലയിൽ നിന്നും ഓണറ്റി ഡോക്ടറേറ്റുകൾ നേടിയിട്ടുണ്ട്.