‘ഞാന്‍ എന്റെ ശരീരം മുഴുവന്‍ കൊടുത്ത ആളാണ്’; അവയവദാനത്തെ കുറിച്ച് മോഹന്‍ലാല്‍

ബിഗ് ബോസ് മലയാളം സീസണ്‍ 6 വേദിയില്‍ അവയവദാനത്തെക്കുറിച്ച് സംസാരിച്ച് മോഹന്‍ലാല്‍. ബിഗ് ബോസ് മത്സരാര്‍ഥികളായ നടി ശ്രീരേഖയും സിബിനും കഴിഞ്ഞ ദിവസം ഒരു അഭിനയപ്രകടനം നടത്തിയിരുന്നു. തന്റെ മകന്റെ മരണാനന്തരം നടത്തിയ അവയവദാനത്തിലൂടെ ജീവന്‍ നിലനിര്‍ത്താനായ ഒരു യുവാവിനെ കാണാന്‍ ഒരു അമ്മ എത്തുന്നതായിരുന്നു സന്ദര്‍ഭം.

ഇരുവരുടെയും അഭിനയത്തെ പ്രശംസിച്ച മോഹന്‍ലാല്‍ അവര്‍ തെരഞ്ഞെടുത്ത വിഷയം ഏറെ പ്രസക്തമാണെന്നും പറഞ്ഞു. താന്‍ ശരീരദാനത്തിന് സമ്മതപത്രം കൊടുത്ത ആളാണെന്നും മോഹന്‍ലാല്‍ ബിഗ് ബോസ് വേദിയില്‍ ഓര്‍മ്മിപ്പിച്ചു.

‘ഞാന്‍ എന്റെ ശരീരം മുഴുവന്‍ കൊടുത്ത ആളാണ്. എനിക്ക് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഒരു അവാര്‍ഡ് ഉണ്ട്. ഏറ്റവും കൂടുതല്‍ കണ്ണുകള്‍ ഞാന്‍ ദാനം ചെയ്യിപ്പിച്ചിട്ടുണ്ട്. പലര്‍ക്കും ഇപ്പോഴും ഈ അവയവദാനത്തെക്കുറിച്ച് തെറ്റായ ധാരണകളാണ്.

നമ്മള്‍ മരിച്ചുകഴിഞ്ഞാല്‍ ഇതുകൊണ്ട് യാതൊരു കാര്യവുമില്ല. കുറച്ച് സമയത്തിനുള്ളില്‍ ഇത് മറ്റൊരാള്‍ക്ക് ഗുണകരമായി മാറുക എന്നത് ഏറ്റവും വലിയ മനുഷ്വത്യമാണ്. എത്രയോ പേരുടെ ജീവന്‍ രക്ഷിക്കാം. നമ്മള്‍ രണ്ട് കണ്ണുകളിലൂടെ കാണുന്നത് രണ്ട് പേര്‍ക്ക് കാണാം’, എന്നും മോഹന്‍ലാല്‍ പറഞ്ഞു.

കേരള സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ ഗുഡ്‌വില്‍ അംബാസഡര്‍ കൂടിയായ മോഹന്‍ലാല്‍ അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മുന്‍പും സംസാരിച്ചിട്ടുണ്ട്.

Vijayasree Vijayasree :