മലയാളത്തിൽ ഏറ്റവും കൂടുതൽ കാഴചക്കാരുള്ള, സോഷ്യൽ മീഡിയയിലടക്കം തരംഗമായി മാറാറുള്ള റിയാലിറ്റി ഷോയാണ് മോഹൻലാൽ അവതാരകനായി എത്താറുള്ള ബിഗ് ബോസ്. ഇതുവരെ ബിഗ് ബോസിന്റെ ആറ് സീസണുകളാണ് മലയാളത്തിൽ പുറത്തെത്തിയിട്ടുള്ളത്. ഇപ്പോഴിതാ ബിഗ് ബോസ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഷോയുടെ ഏഴാം സീസണിന്റെ വരവ് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഈ വർഷം ആദ്യം മുതൽ സീസൺ ഏഴിന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയായിരുന്നു ബിബി പ്രേക്ഷകർ. സാധാരണ എല്ലാ വർഷവും മാർച്ച് മാസം ആകുമ്പോഴേക്കും ബിഗ് ബോസ് തുടങ്ങാറുണ്ട്. എന്നാൽ മെയ് പകുതിയായിട്ടും സീസൺ ഏഴുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റൊന്നും വരാതെയായപ്പോൾ ബിഗ്ബോസ് പ്രേക്ഷകരും നിരാശയിലായിരുന്നു.
അവതാരകനായി ഇക്കുറിയും നടൻ മോഹൻലാൽ തന്നെയാണ് എത്തുക. മോഹൻലാലിന്റെ പിറന്നാൾ ദിവസം തന്നെയാണ് പുതിയ സീസണിന്റെ ലോഗോയും പുറത്തിറക്കിയിരിക്കുന്നത്. എന്നാൽ മോഹൻലാൽ ഷോയുടെ അവതാരകനായി വീണ്ടും എത്തുന്നത് അദ്ദേഹത്തിന്റെ ആരാധകരിൽ പലർക്കും ഇഷ്ടമായിട്ടില്ലെന്ന് വേണം സോഷ്യൽ മീഡിയയിൽ നിന്ന് മനസിലാക്കാൻ.
മോഹൻലാൽ ഷോയിൽ നിന്ന് പിന്മാറണം എന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് പലരും കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. ബിഗ് ബോസ് അവതാരകൻ എന്ന നിലയിൽ നിരവധി വിമർശനങ്ങൾ പല സീസണുകളിലായി മോഹൻലാൽ നേരിട്ടിട്ടുണ്ട്. സ്വന്തം വില മോഹൻലാൽ കളയുകയാണെന്നും ഹിന്ദി ബിഗ് ബോസിലെ അവതാരകനായ സൽമാൻ ഖാനെ പോലെ ശക്തമായ അവതാരകൻ വരണമെന്നാണ് പലരും പറയുന്നത്.
മോഹൻലാൽ അത്രയൊന്നും പരുഷമായി സംസാരിക്കുന്നില്ലെന്നും ബിഗ് ബോസ് അണിയറപ്രവർത്തകരുടെ പാവ പോലെ പ്രവർത്തിക്കുന്നുവെന്നുമാണ് പലരും പറയുന്നത്. ഈ ഷോ മോഹൻലാൽ എന്ന നടന്റെ ഇമേജിനെ തന്നെ ബാധിക്കുമെന്നും പലരും പറയുന്നു. മാത്രമല്ല ഷോയുടെ അവതാരകനായതിന്റെ പേരിൽ ചില മത്സരാർത്ഥികളുടെ ഫാൻസ് മോഹൻലാലിനെ തെറി വിളിക്കുകയും സൈബർ ആക്രമണം നടത്തുകയും ചെയ്യുന്ന സാഹചര്യവും നേരത്തെ ഉണ്ടായിട്ടുണ്ട്.
അതുകൊണ്ട് തന്നെ മോഹൻലാലിനോട് ജനങ്ങൾക്ക് ഇപ്പോഴുളള ഇഷ്ടം ബിഗ് ബോസ് അവതാരക സ്ഥാനം വീണ്ടും ഏറ്റെടുത്ത് ഇല്ലാതാക്കരുത് എന്നാണ് ചില ആരാധകർ പറയുന്നത്. പിറന്നാൾ ദിനത്തിലാണ് മോഹൻലാൽ പുതിയ ബിഗ്ബോസ് തുടങ്ങുന്നതായി അറിയിച്ച് വീഡിയോ പങ്കുവെച്ചിരുന്നത്. എന്നാൽ നല്ലൊരു ദിവസമായിട്ട് ഒന്നും പറയുന്നില്ലെന്നാണ് പലരും ഇതിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.
ഈ നല്ലൊരു ദിവസത്തിൽ എന്നെ പോലുള്ള ഒരു ശരാശരി മോഹൻലാൽ ആരാധകൻ ഒരിക്കലും ആഗ്രഹിക്കാത്ത ഒരു കാര്യം ആണ് ഇത്. കുറച്ചു നാളുകൾ ആയി സോഷ്യൽ മീഡിയയിലും അല്ലാതെയും നിങ്ങൾക്ക് ഏറ്റവും കൂടുതൽ വെറുപ്പ്, എതിർപ്പ്, കളിയാക്കലുകൾ നേടിത്തന്ന പ്രോഗ്രാം ഇനിയും നിങ്ങൾ അതിന്റ ഭാഗം ആകില്ല എന്ന് കരുതുന്നു…
നിങ്ങൾക്ക് തന്നെ ആണ് നിങ്ങളുടെ കാര്യങ്ങൾ തീരുമാനിക്കാൻ ഉള്ള അധികാരം ബട്ട് ഈ പ്രോഗ്രാം നിങ്ങളുടെ ബ്രാൻഡ് വാല്യൂ ഉപയോഗിച്ച് ചാനൽ നേട്ടം ഉണ്ടാക്കുന്നു. അതിൽ നിന്നുള്ള മോശം അഭിപ്രായം എല്ലാം നിങ്ങളിൽ എത്തിച്ചേരുന്നു. അത്രയേ ഇതിൽ നിന്ന് സംഭവിക്കുന്നുള്ളൂ. ഇത്രയും നാളായിട്ട് ഏഷ്യാനെറ്റ് പല കാലങ്ങളായി കാണിച്ചു കൂട്ടിയ ഓണത്തിനുള്ള കോമാളി സ്കിറ്റുകളിലും ആളുകൾ ഏറ്റവും വെറുക്കുന്ന ഈ ബിഗ് ബോസ് പ്രോഗ്രാമിലും നിങ്ങളെ കാണാൻ ഒട്ടും ആഗ്രഹിക്കുന്നില്ല” എന്നാണ് ഒരു ആരാധകൻ കുറിച്ചിരിക്കുന്നത്.
‘എന്റെ പൊന്ന് ലാലേട്ടാ ഇതിൽ ഇനിയും തല വെക്കരുത് എത്ര പൈസ തരുകയാണ് എന്ന് പറഞ്ഞാലും.. എല്ലാവരും വെറുത്തു പോകും… വേണ്ട ഇനി വേണ്ട”. ഈ പരിപാടി എല്ലാ ഭാഷയിലും ഉണ്ട്. കേരളത്തിൽ ലാലേട്ടൻ അവതരിപ്പിക്കുന്നു. കൊറോണാ സമയത്ത് നിർത്തിയ ഷോ. അതിൽ വന്നവർ വളരെ സംസ്ക്കാരം ഇല്ലാത്തവർ ആയിരുന്നു . എന്തിനും ഒരു സംസ്ക്കാരം വേണം. ഈ ഷോയിൽ വന്ന് കാശം വാങ്ങി പോയിട്ട് ഷോയെ ചീത്ത പറയുന്നതിൽ കാര്യമില്ലെന്നും ചിലർ കുറിക്കുന്നു.
കുത്തിയിരുന്ന് ബിഗ്ബോസ് കാണുകയും കുറ്റം പറയുകയും ചെയ്യുന്നവർ.. പറഞ്ഞു കൊണ്ടേ ഇരിക്കും. നമുക്ക് തുടരാം.. കയറി വരട്ടെ ബിഗ്ബോസ്” എന്നും ”ബിഗ് ബോസ് കാണുമ്പോൾ ആഴ്ചയിൽ ലാലേട്ടൻ വരുന്നത് ആകെ ഒരു പ്രതീക്ഷ. ആ ലാലേട്ടൻ ഇല്ലെങ്കിൽ പിന്നെ എന്തിനാ ബിഗ് ബോസ്” എന്നും ”ഈ പ്രാവശ്യം എങ്കിലും നേരിട്ട് കണ്ടിട്ട്… ശനി/ഞായർ ദിവസങ്ങളിൽ വരണേ… ബിഗ്ഗ്ബോസിൽ എഴുതി തരുന്നത് മാത്രം വായിച്ച് വില കളയല്ലേ ലാലേട്ടാ എന്നാണ് മറ്റൊരാൾ കുറിച്ചത്.
ഇത് ഇനിയും ഉണ്ടോ ലാലേട്ടാ. ഇത് പോലെ ഒരു ആഭാസം ചെയ്യാൻ കൂട്ട് നിക്കാതെ ഏതെങ്കിലും നിസ്സഹായരായ ഒരുപാട് കുട്ടികൾ ഉണ്ട്, അവരുടെ ഭാവിക്കു വേണ്ടി ഈ തുക വിനിയോഗിച്ച് കൂടെ. തോന്ന്യാസം അല്ലാതെ അതിനകത്തു എന്താ നടക്കുന്നത്” എന്നാണ് ഒരാളുടെ പ്രതികരണം. ” ലാലേട്ടൻ തന്നെ ഹോസ്റ്റ് ചെയ്യണമെന്നാണ് ആഗ്രഹം. പക്ഷെ ചില സിനിമയിലെപ്പോലെ തന്നെ മറ്റുള്ളവരുടെ കളിപ്പാവയാകാതെ ഷോ കണ്ട് സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം കൂടെ വാങ്ങണം. അപേക്ഷയാണ് എന്നും ഒരാൾ കുറിച്ചു.
വീണ്ടും മൂന്നു മാസം പൂര തെറി കേൾക്കാൻ പോകുന്ന ലാലേട്ടന് പിറന്നാൾ ദിനത്തിൽ തന്നെ തെറിമാല കൊണ്ട് ആശംസകൾ കിട്ടാനുള്ള പോസ്റ്റ് ആണോ?, ഇത് ലാലേട്ടൻ ‘തുടരാതിരിക്കുന്നതാണ് ‘ നല്ലത്, നല്ല ഒരു പിറന്നാൾ ആയിട്ട് ഈ പോസ്റ്റ് വേണ്ടായിരുന്നു, എന്റെ പൊന്ന് ലാലേട്ടാ ഇതിൽ ഇനിയും തല വെക്കരുത് എത്ര പൈസ തരുകയാണ് എന്ന് പറഞ്ഞാലും.. എല്ലാവരും വെറുത്തു പോകും, ഇത് മാത്രം താല്പര്യമില്ല ഏഷ്യാനെറ്റ് ചാനലിനോട് ലാലേട്ടനെ NO പറയാൻ അറിയത്തില്ല നിങ്ങൾ വീണ്ടും വീണ്ടും അദ്ദേഹത്തിന് വിളിച്ച് ധർമ്മ സങ്കടത്തിൽ ആക്കരുത് ഈ പന്ന പ്രോഗ്രാം നിങ്ങൾ മറ്റാരെങ്കിലും കൊണ്ട് ചെയ്യിപ്പിക്കൂ, പ്രിയ പ്രേക്ഷകരുടെ ഈ comments വായിച്ചിട്ടെങ്കിലും ഇതിൽ നിന്ന് ഒഴിയൂ.. ലാലേട്ടാ എന്നെല്ലാമാണ് ആരാധകർ പറയുന്നത്.
ഇത്തവണ വളരെ അധികം വൈവിധ്യം നിറച്ചാണ് ലോഗോ അണിയറപ്രവർത്തകർ തയ്യാറാക്കിയിരിക്കുന്നത്. സ്വർണ്ണ നിറമാണ് ലോഗോയിലാകെ നിറഞ്ഞ് നിൽക്കുന്നത്. കണ്ണിന്റെ ആകൃതിയിൽ തന്നെയാണ് ലോഗോ. ലോഗോയുടെ ഇടത് വശത്ത് ഇംഗ്ലീഷ് ലെറ്റർ എല്ലും വലത് വശത്ത് സീസൺ ഏഴിനെ സൂചിപ്പിക്കുന്ന ഏഴ് സംഖ്യ ചരിച്ച് എഴുതിയിരിക്കുന്നതും കാണാം. ഇടത് വശത്തുള്ള എൽ എന്ന അക്ഷരം അവതാരകനായ മോഹൻലാലിനെ സൂചിപ്പിക്കുന്നത്. കണ്ണിന്റെ കോർണിയ പോലുള്ള ഭാഗത്ത് ക്യാമറ ലെൻസും കാണും.
സ്വർണ്ണ നിറത്തിന് പുറമെ പിങ്ക്, പർപ്പിൾ, ബ്ലാക്ക് നിറങ്ങളും ലോഗോയിൽ പലയിടത്തായി ഉപയോഗിച്ചിരിക്കുന്നു. ഡയമണ്ടുകൾ പോലെ തോന്നിക്കുന്ന ഏഴ് ചിഹ്നങ്ങളും ലോഗോയിൽ സൂക്ഷിച്ച് നോക്കിയാൽ കാണാം. ഉടൻ തന്നെ സീസൺ ഏഴ് ആരംഭിക്കുമെന്ന സൂചനയും പ്രമോ നൽകുന്നു. ഭൂരിഭാഗം ബിബി ആരാധകർക്കും ലോഗോ ഇഷ്ടപ്പെട്ടുവെന്നതാണ് പ്രമോയുടെ കമന്റ് ബോക്സിൽ നിന്നും വ്യക്തമാകുന്നത്.
സീസൺ ആറുപോലെയാകാതെ അർഹിക്കുന്നവർ കപ്പുയർത്തട്ടേയെന്ന് ആഗ്രഹിക്കുന്നുവെന്നാണ് ഏറെയും കമന്റുകൾ. ബിഗ് ബോസ് മലയാളം സീസൺ ആറുപോലത്തെ സീസണും ആ സീസണിലുണ്ടായിരുന്നത് പോലുള്ള ടോപ്പ് ഫൈവും അതുപോലെ ഒരു വിജയിയും ഉണ്ടാവാതിരിക്കട്ടെ, നല്ല മത്സരാർത്ഥികളേയും നല്ല ബിഗ് ബോസ് ക്രൂവിനേയും പ്രതീക്ഷിക്കുന്നു, കപ്പ് അർഹിക്കുന്നയാൾ ഉയർത്തുമെന്ന് പ്രതീക്ഷിക്കുന്നു എന്നും പലരും അഭിപ്രായം പങ്കുവെച്ച് എത്തിയിട്ടുണ്ട്.
വലിയ രീതിയിൽ കോളിളക്കം സൃഷ്ടിക്കുകയും വാർത്തകളിൽ ഇടംപിടിക്കുകയും ചെയ്ത സീസണായിരുന്നു ബിഗ് ബോസ് സീസൺ ആറ്. സീസൺ ആരംഭിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ ബിഗ് ബോസിന്റെ ചരിത്രത്തിൽ ഇന്നേവരെ നടന്നിട്ടില്ലാത്ത തരത്തിൽ മത്സരാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. അസി റോക്കി എന്ന മത്സരാർത്ഥി സിജോയുടെ മുഖത്ത് ഇടിച്ച് താടിയെല്ല് തകർത്തു. കൂടുതൽ വിചാരണയ്ക്ക് നിൽക്കാതെ അസി റോക്കിയെ ഷോയിൽ നിന്നും പുറത്താക്കിയിരുന്നു.
ഇടിയുടെ ആഘാതത്തിൽ സാരമായി പരിക്കേറ്റ സിജോ പിന്നീട് ഏറെക്കാലം ചികിത്സയിലായിരുന്നു. സീസൺ ആറിൽ വിജയിയായത് സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനറായ ജിന്റോയായിരുന്നു. മോഡലായ അർജുൻ ശ്യാം ഗോപനായിരുന്നു ഫസ്റ്റ് റണ്ണറപ്പ്. ജാസ്മിൻ, റിഷി, അഭിഷേക് ശ്രീകുമാർ തുടങ്ങിയവരായിരുന്നു ടോപ്പ് ഫൈവ്. പണപ്പെട്ടി ടാസ്ക്കിൽ പങ്കെടുത്ത് വിജയിച്ചത് വൈൽഡ് കാർഡ് എൻട്രിയായി എത്തിയ സായ് കൃഷ്ണയായിരുന്നു.
ആറാം സീസണിൽ ആറുപേരാണ് വൈൽഡ് കാർഡ് എൻട്രിയായി എത്തിയത്. എന്നാൽ പ്രതീക്ഷിച്ചതുപോലൊരു പ്രകടനം കാഴ്ചവെക്കാൻ ആർക്കും കഴിഞ്ഞില്ല. അതേസമയം, അടുത്തിടെ ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ് അന്വേഷണത്തിൽ നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർക്ക് പുറമെ അഞ്ച് പേരുടെ പേരുകൾ കൂടി ഉയർന്നു വന്നിരുന്നു. ബിഗ് ബോസ് താരം ജിന്റോയ്ക്കും എക്സൈസ് നോട്ടീസ് അയച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇതിന് പിന്നാലെ ജിന്റോ രംഗത്തെത്തിയതും വാർത്തയായിരുന്നു. നമ്മളെക്കുറിച്ച് കുറേ വ്യാജ പ്രചരണങ്ങൾ നടക്കുന്നുണ്ട്. ബിഗ് ബോസിൽ ആയിരുന്ന സമയത്ത് ഒരുപാട് ട്രോളുകളും മറ്റും വന്നിരുന്നു. പുറത്തിറങ്ങിയ ശേഷം അതിനോടൊന്നും പ്രതികരിക്കാൻ വന്നിട്ടില്ല. അതൊക്കെ ഒരു ഗെയ്മിന്റെ ഭാഗമായിട്ടേ എടുത്തിട്ടുള്ളൂ. മറ്റുള്ളവർക്ക് ജയിക്കാൻ വേണ്ടി ചെയ്തതാകാം എന്നാണ് കരുതിയത്. പുറത്തിറങ്ങിയ ശേഷം കൂടെ മത്സരിച്ചവരും അവരുടെ ഫാൻസും സുഹൃത്തുക്കളും എന്നെക്കുറിച്ച് പലതും പറഞ്ഞിട്ടുണ്ട്. പക്ഷെ അതിനൊന്നും ഞാൻ മറുപടി കൊടുക്കാൻ പോയിട്ടില്ല. കൂടെ മത്സരിച്ചവരോട് നന്ദി മാത്രമേ പറഞ്ഞിട്ടുള്ളൂ.
പക്ഷേ, എന്നെക്കുറിച്ച് നടക്കുന്നത് വ്യാജ പ്രചരണമാണ്. എന്റെ സ്ഥാപനത്തിൽ പത്രസമ്മേളനം വിളിച്ചു വരുത്താൻ കാരണം അന്നം തരുന്ന ഇടം ആയതിനാലാണ്. അതിന് തന്നെ തടസം വരുത്തുന്ന കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. എന്റെ കുടുംബത്തെ ബാധിക്കുന്ന കാര്യങ്ങളാണ്. എക്സൈസ് ഉദ്യോഗസ്ഥർ വിളിപ്പിച്ചിരുന്നു. ഒത്തിരി പേരെ വിളിപ്പിച്ചിട്ടുണ്ട്. അവരുടെ ഫോണിലേക്ക് പൈസ ട്രാൻസ്ഫർ ചെയ്തവർ മുതൽ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തവരെയെല്ലാം വിളിപ്പിച്ചിട്ടുണ്ട്
കുറേ മാധ്യമപ്രവർത്തകരും മുൻ ബിഗ് ബോസ് താരങ്ങളും എന്നെ അറസ്റ്റ് ചെയ്തതായി പറഞ്ഞുണ്ടാക്കി. എന്നെ അറസ്റ്റ് ചെയ്തിട്ടില്ല. ഞാൻ ഇവിടെ തന്നെയുണ്ട്. അറസ്റ്റ് ചെയ്യാൻ പാകത്തിന് ഒന്നും ചെയ്തിട്ടില്ല. ഈ വാർത്ത പുറത്ത് വന്ന ദിവസം ആലപ്പുഴയിൽ എന്റെ ഗുരുതുല്യനായ പണിക്കർ സാർ മരിച്ചപ്പോൾ പോയിരുന്നു. കൂടെ വർക്ക് ചെയ്തവരോടെല്ലാം ഇങ്ങനൊരു വ്യാജ പ്രചരണം നടക്കുന്നതായി ഞാൻ പറഞ്ഞിരുന്നു. വ്യക്തി വൈരാഗ്യം തീർക്കുന്നത് പോലെയാണ് ഓരോന്ന് പറയുന്നതെന്നും ജിന്റോ പറഞ്ഞിരുന്നു.