പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രിയദർശൻ മോഹൻലാൽ കൂട്ട് കെട്ടിൽ പുറത്തിറങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിനായി ആരാധകർ ഏറെ നാളായി കാത്തിരിപ്പിലാണ്. തന്റെ പുതിയ ചിത്രം മരക്കാറിനെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് മോഹന്‍ലാല്‍. ഈ ചിത്രം ഒരു ഡോക്യുമെന്ററി സ്വഭാവത്തിലുള്ളതല്ലെന്നും പ്രിയദര്‍ശന്റെയും, തന്റെയും കരിയറിലെ നാഴികക്കല്ലാണെന്നും മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ മോഹൻലാൽ പറയുന്നു
ചിത്രം ആരെയും അത്ഭുതപ്പെടുന്ന ഒന്നായിരിക്കുമെന്നു സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. മലയാള സിനിമയ്ക്ക് ദേശീയ തലത്തില്‍ ഒരു മാറ്റമുണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യം കൂടി ഈ സിനിമയ്ക്ക് പിന്നിലുണ്ട് എന്നും ബാഹുബലി തെലുങ്ക് സിനിമക്ക് ഉണ്ടാക്കിക്കൊടുത്ത ഒരു മാര്‍ക്കറ്റുണ്ട്. ബാഹുബലി ഭാവനാസൃഷ്ടിയായിരുന്നു. അതില്‍ റിയലിസം അധികം വിട്ടുപോകാതെ എടുക്കാനാണ് ശ്രമിച്ചത് എന്നും അതുപോലെ മലയാള സിനിമ ഇൻഡസ്ട്രിയിൽ ഒരു മാറ്റമുണ്ടാക്കാനാണ് മരക്കാർ എന്ന ചിത്രത്തിലൂടെ ലക്ഷ്യമിടുന്നതെന്നും സംവിധായകൻ വെളിപ്പെടുത്തിയിരുന്നു.
നാലാമത്തെ കുഞ്ഞാലിമരക്കാരെക്കുറിച്ചാണ് സിനിമ. സാമൂതിരിക്ക് വേണ്ടി പോര്‍ച്ചുഗീസ് സൈന്യത്തിനെതിരെ പൊരുതിയ മരക്കാറുടെ കടലില്‍ നടക്കുന്ന യുദ്ധങ്ങളാണ് സിനിമകളില്‍ ഏറെയും.അഞ്ച് ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ട്രെയിലര്‍ സൂപ്പര്‍താരങ്ങള്‍ എല്ലാം ചേര്‍ന്നാണ് പുറത്തിറങ്ങിയത്. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമ 100 കോടി ബഡ്ജറ്റിലാണ് എടുത്തിരിക്കുന്നത്. അക്ഷയ് കുമാര്‍, സൂര്യ, ചിരഞ്ജീവി, രാംചരണ്‍, യഷ്, രക്ഷിത് ഷെട്ടി, മഹേഷ് ബാബു, നാഗാര്‍ജുന, ചിരഞ്ജീവി, ശില്‍പ്പ ഷെട്ടി തുടങ്ങിയവരെല്ലാം മരക്കാര്‍ ട്രെയിലര്‍ പങ്കുവെച്ചിരുന്നു. അഞ്ച് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം അമ്പതിലേറെ രാജ്യങ്ങളിൽ 5000 സ്‌ക്രീനുകളിലാണ് പ്രദർശിപ്പിക്കുന്നത് . കേരളത്തിലെ 90 ശതമാനം തിയേറ്ററുകളിലും മരയ്ക്കാര്‍ പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ചു ഭാഷകളിലായി അമ്പതില്‍ അധികം രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രവും കൂടിയാവും മരക്കാര്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത് . ഡോക്ടര്‍ റോയ്, സന്തോഷ് ടി. കുരുവിള എന്നിവര്‍ സഹനിര്‍മ്മാതാക്കളാണ്.
ചിത്രത്തിന്റെ ട്രെയ്‌ലർ കണ്ട ശേഷം ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്റെ പ്രസ്താവന വളരെയധികം ശ്രദ്ധ നേടിയിരുന്നു. ട്രെയിലര്‍ കണ്ടതിന് പിന്നാലെ മോഹന്‍ലാലിനോടുളള ആരാധന വര്‍ധിക്കുന്നു എന്ന് അമിതാഭ് ബച്ചന്‍ ട്വീറ്റ് ചെയ്തു. താന്‍ എന്നും ആരാധിക്കുന്ന നടനാണ് മോഹന്‍ലാലെന്നും മരക്കാര്‍ ട്രെയിലര്‍ കണ്ടതോട് കൂടി അദ്ദേഹത്തോടുളള തന്റെ ആരാധന വര്‍ധിച്ചുവെന്നും അമിതാഭ് ബച്ചന്‍ കുറിച്ചു. അഞ്ച് ഭാഷകളിലായി റിലീസ് ചെയ്ത ട്രെയിലര്‍ 24 മണിക്കൂര്‍ കൊണ്ട് 70 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്.
മലയാള സിനിമ ചരിത്രത്തിന്റെ മറ്റൊരു ഏടായി മാറാൻ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് കഴിയുമെന്നുള്ള സൂചനകളാണ് ട്രെയിലറില്‍ നിന്നും ലഭിക്കുന്നത്. കുഞ്ഞാലിയെ കുറിച്ചുള്ള ഇന്‍ട്രോയോടെയായിരുന്നു ട്രെയിലര്‍ എത്തിയത് . മോഹന്‍ലാലിനൊപ്പം പ്രണവ് മോഹൻ ലാലും ട്രെയിലറില്‍ പ്രത്യക്ഷപ്പെട്ടിരുന്നു . പറങ്കികള്‍ക്കെതിരെയുള്ള കുഞ്ഞാലി മരക്കാരുടെ യുദ്ധമാണ് സിനിമയുടെ പ്രധാന ഇതിവൃത്തം. കുഞ്ഞാലി രക്ഷകനായി എത്തുന്നതും ട്രെയിലറില്‍ സൂചിപ്പിച്ചിരിക്കുന്നു. കുഞ്ഞാലി മരക്കാര്‍ നാലമന്റെ കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാലും പ്രണവ് മോഹന്‍ലാലുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മഞ്ജു വാര്യരാണ് നായിക. അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
അതേസമയം, കൊറോണാ വ്യാപനത്തിന്റെ സാഹചര്യത്തില്‍ മാര്‍ച്ച് 31വരെ റിലീസുകള്‍ ഒഴിവാക്കിയിരിക്കുകയാണ്. മാര്‍ച്ച് 26ന് റിലീസ് ചെയ്യാനിരുന്ന മരക്കാര്‍ കേരളത്തില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായതിന് പിന്നാലെയാവും റിലീസ്.
Marakkar: Arabikadalinte Simham