48 വർഷത്തെ സൗഹൃദം, സ്റ്റൈൽ മന്നനോടൊപ്പമുള്ള ചിത്രങ്ങളുമായി മോഹൻ ബാബു

ബസ് കണ്ടക്ടറിൽ നിന്നും ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ സ്റ്റാറായി മാറിയ നടനാണ് രജനികാന്ത്. പല പ്രമുഖ അഭിനേതാക്കളും അടക്കി വാണിരുന്ന തമിഴ് സിനിമാ മേഖലയിൽ ഇങ്ങനെ ഒരു സ്ഥാനം നേടി എടുക്കുക എന്നത് അത്ര എളുപ്പമായ കാര്യമല്ല.

എന്നാൽ തന്നെയും തന്റെ നിശ്ചയദാർണ്ഡ്യവും കഴിവും കൊണ്ട് രജനികാന്ത് എന്ന നടൻ പടുത്തുയർത്തത് തമിഴ് സിനിമയിൽ സ്വന്തമായൊരു സാമ്രാജ്യം ആയിരുന്നു. ഒപ്പം വന്നവരും പിന്നാലെ വന്നവരും ന്യുജനറേഷനും വന്നെങ്കിലും തമിഴകത്തിന് സൂപ്പർസ്റ്റാർ എന്നാൽ രജികാന്ത് തന്നെ.

ഇപ്പോഴിതാ രജനികാന്തിനോടൊപ്പമുള്ള രസകരമായ ചിത്രം പങ്കുവച്ച് എത്തിയിരിക്കുകയാണ് തെലുങ്ക് നടൻ മോഹൻ ബാബു. വിമാനത്തിനുള്ളിൽ അടുത്തടുത്ത സീറ്റുകളിൽ ഇരിക്കുന്ന ചിത്രമാണ് മോഹൻ ബാബു പങ്കുവച്ചത്. എക്സിലൂടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. പതിറ്റാണ്ടുകൾ പഴക്കമുള്ള സൗഹൃദ ബന്ധമാണിതെന്ന് മോ​ഹൻ ബാബു എക്സിൽ കുറിച്ചു.

അന്നും ഇന്നും എന്നും സൗഹ‍ൃദമാണ് ജീവിതമെന്ന് കുറിച്ചുകൊണ്ടാണ് മോഹൻ ബാബു ചിത്രം പങ്കുവച്ചത്. താരത്തിന്റെ മകൾ മഞ്ജു ലക്ഷ്മിയാണ് ചിത്രങ്ങളെടുത്തിരിക്കുന്നത്. ശരത് കുമാറിന്റെ മകൾ വരലക്ഷ്മിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് ഇരുവരും കണ്ടുമുട്ടിയത് എന്നാണ് വിവരം.

48 വർഷങ്ങളായി അടുത്ത സുഹൃത്തുക്കളാണ് മോഹൻ ബാബുവും രജനികാന്തും. ധർമയുദ്ധം, പെഡ്ഡരായുഡു, അണ്ണൈ ഒരു ആലയം തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയാണ് രജനികാന്തിന്റേതായി വരാനിരിക്കുന്ന ചിത്രം. മുകേഷ് കുമാർ സിം​ഗിന്റെ കണ്ണപ്പയിലാണ് മോഹൻ ബാബു നിലവിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Vijayasree Vijayasree :