എല്ലാ ദിനങ്ങളും മാതാപിതാക്കള്‍ക്കുള്ളതല്ലേ?എംഎ നിഷാദ്

ഈ പിതൃ ദിനത്തില്‍, മനസ്സിനെ സ്പര്‍ശിച്ച വെളളിത്തിരയിലെ ചില അച്ഛന്‍ കഥാപാത്രങ്ങളുടെ ഓര്‍മ്മ പുതുക്കി സംവിധായകന്‍ എം.എ നിഷാദ്.

ഓടയില്‍ നിന്നിലെ പപ്പു മുതല്‍ അമരത്തിലെ അച്ചൂവും,ഡംഗലിലെ മഹാവീര്‍ സിംഗും, കിരീടത്തിലെ ഹെഡ് കോണ്‍സ്റ്റബിള്‍ അച്ചുതന്‍ നായരും, അദ്ദേഹം തന്നെ സംവിധാനം ചെയ്ത വൈരത്തിലെ ശിവരാജനും തുടങ്ങി പ്രേക്ഷക ഹൃദയത്തില്‍ ഇന്നും ജീവിക്കുന്ന അച്ഛന്‍ കഥാപാത്രങ്ങളെക്കുറിച്ചുള്ള കുറിപ്പാണ് നിഷാദ് ഫേസ്ബുക്കിലൂടെ പങ്കു വച്ചത്.

കുറിപ്പിന്റെ പൂർണ്ണ രൂപം

മാതാപിതാക്കളേ ഓർമ്മിക്കാൻ വേണ്ടി ഒരു ദിനത്തിന്റ്റെ ആവശ്യമുണ്ടോ ? എല്ലാ ദിനവും അവർക്കുളളതല്ലേ ?…
ഈ പിതൃദിനത്തിൽ,(അങ്ങനെ പറഞ്ഞ് വെച്ചിരിക്കുന്ന) വെളളിത്തിരയിൽ ,എന്റ്റെ മനസ്സിനെ സ്പർശിച്ച അച്ഛൻ കഥാപാത്രങ്ങളെ ഒന്നോർത്തെടുക്കാൻ ആഗ്രഹം….
സിനിമ പലപ്പോഴും സമൂഹത്തിന്റ്റെ പ്രതിഫലനം തന്നെയാണ്…കഥയും,കഥാപാത്രങ്ങളും സൃഷ്ടിക്കപ്പെടുന്നത്,ജീവിതത്തിൽ നിന്ന് തന്നെയാണ്…ഏതൊരു കഥാകാരന്റ്റെ മനസ്സിലും,ഒരു കഥാപാത്രം രൂപപ്പെടുമ്പോൾ തന്നെ,അയാൾ കണ്ടതോ,കേട്ടതോ അല്ലെങ്കിൽ അയാൾക്ക് പരിചിതമായ ഏതെങ്കിലും സംഭവങ്ങളോ അയാൾ അറിയാതെ ഇടം പിടിച്ചിരിക്കും….
ഞാനേറെ ഇഷ്ടപ്പെടുന്ന വെളളിത്തിരയിലെ അച്ഛൻ കഥാപാത്രങ്ങൾ,ഓടയിൽ നിന്നിലെ പപ്പു മുതൽ ഇങ്ങോട്ട് ഒരുപാട് പേരുണ്ടെങ്കിലും,അമരത്തിലെ അച്ചൂവും,ഡംഗലിലെ മഹാവീർ സിംഗും,കിരീടത്തിലെ ഹെഡ് കോൺസ്റ്റബിൾ അച്ചുതൻ നായരും,ഞാൻ സംവിധാനം ചെയ്ത വൈരത്തിലെ ശിവരാജനും ഇന്നും എന്റ്റെ ഹൃദയത്തിൽ ഒരു നോവായി അവശേഷിക്കുന്നു…ഒരു പിതാവിന്റ്റെ മാനസ്സിക വിചാര ,വികാരങ്ങളിലൂടെ കടന്ന് പോകുന്ന കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ അഭിനേതാക്കൾ,ഓരോ പ്രേക്ഷകന്റ്റേയും മനസ്സിൽ ഇന്നും ജീവിക്കുന്നു…

ലോഹിതദാസിന്റ്റെ തിരക്കഥയിൽ,ഭരതൻ സംവിധാനം ചെയ്ത അമരം എന്ന ചിത്രത്തിൽ,അച്ചു എന്ന കഥാപാത്രത്തെ,അവതരിപ്പിച്ചത്,മലയാളത്തിലെ മഹാ നടൻ മമ്മൂട്ടിയാണെങ്കിലും,ഒരു സീനിൽ പോലും നമ്മുക്ക് മമ്മൂട്ടിയേ കാണാൻ കഴിയില്ല..കാരണം അദ്ദേഹം അച്ചൂട്ടി എന്ന കഥാപാത്രമായി ജീവിക്കുകയായിരുന്നു..മെതേഡ് ആക്റ്റിംഗിന്റ്റെ ഏറ്റവും വലിയ ഉദാഹരണമായി,കാണാം അഭിനയ മോഹമുളളവർക്കും,സിനിമാ വിദ്യാർത്ഥികൾക്കും .
ഒരച്ഛന് മകളോടുളള അതിയായ സ്നേഹവും കരുതലും നാം കണ്ടു…മത്സ്യതൊഴിലാളിയായ അച്ചുവിനൊപ്പം നാം സഞ്ചരിച്ചു,മകളെ ഒരു ഡോക്ടറായി കാണാനുളള അയാളുടെ ആഗ്രഹം നമ്മുടേതും കൂടിയായി…ഒടുവിൽ അയാളുടെ മകൾ മറ്റൊരാളുടെ കൂടെ പോയപ്പോൾ പ്രതീക്ഷ നഷ്ടപ്പെട്ട ആ പാവം അച്ഛന്റ്റെ ദുഖം നമ്മളുടേതും കൂടിയായി…അയാൾ കരഞ്ഞപ്പോൾ നമ്മുടെ കണ്ണുകളും ഈറനണിഞ്ഞു…ഓരോ പിതാവിന്റ്റേയും,മക്കളേ പറ്റിയുളള പ്രതീക്ഷകൾ വലുതാണ്…ഈ പിതൃദിനത്തിലും അച്ചു എന്ന അച്ഛനെ,ഞാനൊരുപാട് ഇഷ്ടപ്പെടുന്നു….

മഹാവീർ സിംഗ് കാർക്കശക്കാരനാണ്…ഗുസ്തിക്കാരനാണെങ്കിലും,തനിക്ക് നഷ്ടപ്പെട്ടത്,തന്റ്റെ മക്കളിലൂടെ നേടിയെടുക്കണമെന്ന വാശിയാണ് അയാളെ മദിച്ചത്…പെൺമക്കൾ ഉണ്ടായപ്പോളും പതറാതെ,അവരെ ലോകം അറിയുന്ന ഗുസ്തിക്കാരാക്കണമെന്ന നിശ്ചയ ദാർഡ്യം…അതായിരുന്നു മഹാവീർ സിംഗിന്റ്റെ മുഖമുദ്ര…അയാളുടെ ഉളളിലെ സനേഹം പ്രകടിപ്പിച്ചില്ല…ഒരു കടലോളം സ്നേഹം മനസ്സിൽ വെച്ച്,അത് പുറത്ത് കാണിക്കാത്ത,എത്രയോ മഹാവീർ സിംഗുകളുണ്ട് ഈ ലോകത്ത്…മിക്കവാറും നമ്മുടെയെല്ലാം,പിതാക്കളിൽ,ഒരു മഹാവീർ സിംഗ് ഒളിഞ്ഞിരിപ്പുണ്ടാകും…ആമിർ ഖാൻ എന്ന മികച്ച നടൻ മഹാവീർ സിംഗ് എന്ന കഥാപാത്രമാകാൻ എടുത്ത തയ്യാറെടുപ്പുകൾ,ഇൻഡ്യയിൽ മറ്റേതെങ്കിലും നടൻ എടുത്തിട്ടുണ്ടോ എന്ന് സംശയമാണ്…തന്റ്റെ മൂത്ത മകൾ തളളി പറയുമ്പോഴും,നിശബ്ദമായി കരഞ്ഞ് കൊണ്ട്,മഹാവീർസിംഗ് അയാളുടെ ലക്ഷ്യത്തിലെത്താൻ രണ്ടാമത്തെ മകളെ ഗോദയിലിറക്കുന്ന രംഗം ഇന്നും ഓരോ പ്രേക്ഷകന്റ്റെ മനസ്സിലും,നിറം മങ്ങാതെ കിടക്കുന്നുണ്ടെങ്കിൽ അതിനർത്ഥം,നാം കണ്ടത് മാഹാവീർ സിംഗിനെയാണ്,ആമീർ ഖാനെയല്ല..അതാണ് ഒരു നടന്റ്റെ വിജയവും…മഹാവീർ സിംഗ് ഒരു പ്രതീകമാണ്..ഈ പിതൃദിനത്തിൽ,നമ്മുക്ക് കാണാം,നമ്മുടെ ചുറ്റിലും,മനസ്സിലെ സ്നേഹം പുറത്ത് കാണിക്കാതെ മക്കൾക്ക് വേണ്ടി ജീവിക്കുന്ന മഹാവീർസിംഗുമാരായ അച്ഛന്മാരെ…..

ഹെഡ് കോൺസ്റ്റബിൾ അച്ചുതൻ നായരെ അറിയാത്ത മലയാളിയില്ല…അയാൾ നമ്മുക്കിടയിൽ എവിടെയോ ഉണ്ട്…
മകനെ S I ആയി കാണണമെന്ന് ഒരുപാട് ആഗ്രഹിച്ച അച്ചുതൻ നായരെന്ന അച്ഛൻ
പോലീസ്കാരനാണെങ്കിലും,പോലീസിന്റ്റെ ഗൗരവമൊന്നുമില്ലാത്ത,വാത്സല്ല്യ നിധിയായ ഒരച്ഛനായിരുന്നു അച്ചുതൻ നായർ…
ലോഹിതദാസിന്റ്റെ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ,തിലകനെന്ന അതുല്ല്യപ്രതിഭക്ക് ഒരു പ്രത്യേക ഊർജ്ജമാണ്,അത് അഭ്രപാളിയിൽ നമ്മുക്ക് കാണാം…തിലകന് സമം തിലകൻ മാത്രം…
മകൻ ഗുണ്ടയായി മാറുന്നത്,നിസ്സഹായതയോടെ,നോക്കി നിൽക്കുന്ന അച്ഛന്റ്റെ വേദന…അത് അവതരിപ്പിച്ചത് തിലകനല്ല..ഏതോ ഒരു അച്ചുതൻ നായരാണെന്ന് നമ്മളെ വിശ്വസിപ്പിച്ച മഹാനടനാണ് തിലകൻ..
മക്കളെ കുറിച്ചൊരുപാട് പ്രതീക്ഷകളുമായി ജീവിക്കുന്ന,ഒരുപാട് അച്ചുതൻനായർമാർക്ക്,ഹൃദയത്തിൽ തൊട്ട് പിതൃദിനാശംസകൾ…

ശിവരാജൻ ഒരു പാവമാണ്…
അയാൾക്ക് സ്നേഹിക്കാൻ മാത്രമേ അറിയൂ…ഒരുപാട് പ്രാർത്ഥനകളുടെ ഫലമായി,അയാൾക്കൊരു മകളുണ്ടായി..വൈരമണി…അയാളുടെ ജീവനായിരുന്നു,വൈരമണി…ഒരു സാധാരണ ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ശിവരാജൻ,ഒരുറുമ്പിനെപോലും നോവിക്കാത്ത ഒരു പാവം,തമിഴൻ…അയാൾക്കും,ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നു…അയാളുടെ കരളിന്റ്റെ കരളായ വൈരമണിയേ കുറിച്ച്..അവളായിരുന്നു അയാളുടെ ലോകം…അവളെ എന്നന്നേക്കുമായി നഷ്ടപ്പെട്ടെന്നറിഞ്ഞ നിമിഷം…അവളെ കൊലപ്പെടുത്തിയതാണെന്ന സത്യം മനസ്സിലാക്കിയ ആ നിമിഷം…തകർന്നു പോയ എന്റ്റെ ശിവരാജൻ ഇന്നും എന്റ്റെ മനസ്സിലെ അണയാത്ത കനലാണ്‌…
പെൺമക്കളുളള ആയിരകണക്കിന് മാതാപിതാക്കൾക്കുളള സന്ദേശമാണ്,എന്റ്റെ വൈരം എന്ന സിനിമയും,ശിവരാജനും…
മഞ്ചേരിയിൽ നടന്ന കൃഷ്ണപ്രിയ വധക്കേസാണ്,വൈരത്തിന്റ്റെ പ്രമേയം…എന്റ്റെ മനസ്സിൽ ഈ കഥ രൂപപ്പെട്ടപ്പോൾ തന്നെ,അച്ഛനെ അവതരിപ്പിക്കാൻ ഞാനാദ്യം സമീപിച്ചത് അന്തരിച്ച പ്രിയ നടൻ ശ്രീ മുരളിയേയാണ്…അദ്ദേഹം ഒരു തമിഴ് സിനിമയുടെ തിരക്ക് കാരണം ഡേറ്റ് തരാൻ കഴിഞ്ഞില്ല…ആ സമയത്താണ് വസന്തബാലൻ സംവിധാനം ചെയ്ത,വെയിലെന്ന തമിഴ് സിനിമ ഞാൻ കണ്ടത്,അതിൽ പ്രധാന കഥാപാത്രം അവതരിപ്പിച്ച പശുപതി എന്ന നടന്റ്റെ,രൂപം എന്റ്റെ മനസ്സിൽ നിന്നും മാഞ്ഞില്ല…അന്ധ് തന്നെ ഞാൻ തീരുമാനിച്ചു എന്റ്റെ കഥയിലെ നായകൻ പശുപതി തന്നെ..കഥാ പശ്ചാത്തലത്തിൽ,ചെറിയ മാറ്റം വരുത്തി..ശിവരാജനെന്ന തമിഴനെ കേന്ദ്ര കഥാപാത്രമാക്കി കഥ മുഴവനും എഴുതി,തിരക്കഥ യെഴുതാൻ ചെറിയാൻ കല്പകവാടിയേ ഏൽപ്പിച്ചു…
ശിവരാജനെന്ന സാധാരണക്കാരനായ ബാങ്ക് മാനേജർ,തന്റ്റെ മകളുടെ ഘാതകനെ തേടിയുളള യാത്രയും,ഒടുവിൽ അയാളെ കണ്ടെത്തി സംഹാരതാണ്ഡവമാടിയ രംഗത്തിൽ,പശുപതിയേ ഞങ്ങൾ മറന്നു..പല സന്ദർഭങ്ങളിലും കട്ട് പറയാൻ വരെ മറന്നു…പശുപതി ശിവരാജനായി നിറഞ്ഞാടി…ഒരു നടൻ കഥാപാത്രത്തിലേക്കിറങ്ങി ചെല്ലുന്നത്,അത്ഭുതത്തോടെ നോക്കികണ്ട നാളുകളായിരുന്നു അത്…
പെൺമക്കളുളള ഓരോ പിതാവിനും നെഞ്ചിൽ തീയാണ്…കൃഷ്ണപ്രിയയുടെ അച്ഛൻ ശങ്കരനാരായണനും,വൈരമണിയുടെ ശിവരാജനുമൊക്കെ ജീവിക്കുന്ന രക്തസാക്ഷികളാണ്…
നിയമം നോക്കുകുത്തിയാകുമ്പോൾ,നീതിക്ക് വേണ്ടി നിയമം കയ്യിലെടുക്കേണ്ടി വന്ന,ശങ്കരനാരായണനാണ് എന്റ്റെ നായകൻ….
ഈ പിതൃദിനത്തിൽ,ആശംസകൾ അവർക്കും കൂടിയാണ്…
NB
ഒരുപാട് അച്ഛൻ കഥാപാത്രങ്ങൾ ഇനിയുമുണ്ടെന്നറിയാം…അതെല്ലാം കൂടിയെഴുതിയാൽ ഒരുമാതിരി ഏഷ്യാനെറ്റിന്റ്റെ അവാർഡ് പോലെയാകും…

Noora T Noora T :