അറിഞ്ഞോ അറിയാതയോ ഇമേജ് നോക്കാതെ ഇത്ര നെഗറ്റീവുള്ള കുറുപ്പിനെ അവതരിപ്പിക്കാൻ ഈ യുവതാരം കാണിച്ച ധൈര്യം അത് ജനം അംഗീകരിക്കുകയും വിജയിക്കുകയും ചെയ്തു എന്ന് പറയുമ്പോൾ ഇയാളെ അഭിനന്ദിക്കാതെ തരമില്ല; ബാലചന്ദ്ര മേനോന്‍

ദുരൂഹതയുടെ യവനികയ്ക്കുള്ളില്‍ മറഞ്ഞ് 37 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും കേരളാപോലീസിന് ഒരു തീരാ കളങ്കമായി നിലനില്‍ക്കുകയാണ് സുകുമാരക്കുറുപ്പ് എന്ന പിടികിട്ടാപ്പുള്ളി. ഒരു കടങ്കഥ പോലെ തോന്നിക്കുന്ന ആ ജീവിതത്തിലേക്കുള്ള കടന്നുചെല്ലലാണ് ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ ടൈറ്റില്‍ റോളിലെത്തിയ ‘കുറുപ്പ്’. തീയേറ്ററിൽ 50 കോടി ക്ലബ്ബിൽ എത്തിച്ച് നിറഞ്ഞാടുകയാണ് കുറുപ്പ്. അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് നിരവധിപേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.

ഇപ്പോഴിതാ സുകുമാരക്കുറുപ്പിനെ പോലെ ഇത്രമാത്രം നെഗറ്റീവ് ടച്ചുള്ള ഒരു കഥാപാത്രം ഇമേജ് നോക്കാതെ ചെയ്യാൻ ദുൽഖർ കാണിച്ച ചങ്കൂറ്റത്തെ അഭിനന്ദിക്കാതെ വയ്യെന്ന് വ്യക്തമാക്കി നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ രംഗത്ത്. കോവിഡും മഴയും മറന്ന് ജനത്തെ തിയറ്ററിലെത്തിക്കുന്ന വിധം സിനിമയെ മാർക്കറ്റ് ചെയ്ത ബുദ്ധിയെയും അദ്ദേഹം അഭിനന്ദിക്കുന്നു.

ബാലചന്ദ്ര മേനോന്റെ വാക്കുകൾ ഇങ്ങനെ;

എല്ലാവരും ഇമേജിനെ പറ്റി ആശങ്കപ്പെടുമ്പോൾ അറിഞ്ഞോ അറിയാതയോ ഇമേജ് നോക്കാതെ ഇത്ര നെഗറ്റീവുള്ള കുറുപ്പിനെ അവതരിപ്പിക്കാൻ ഈ യുവതാരം കാണിച്ച ധൈര്യം. അത് ജനം അംഗീകരിക്കുകയും വിജയിക്കുകയും ചെയ്തു എന്ന് പറയുമ്പോൾ ഇയാളെ അഭിനന്ദിക്കാതെ തരമില്ല. എനിക്ക് ദുൽഖറുമായി അടുത്ത ബന്ധമില്ല. ഒരുമിച്ചുള്ള ഒരു ഫോട്ടോ പോലും കാണില്ല. അവന്റെ ബാപ്പയോട് നല്ല ബന്ധമാണ്. സിനിമ ഇറങ്ങും മുൻപ് മകനും ബാപ്പയ്ക്കും ആശംസാ സന്ദേശം അയച്ചിരുന്നു.

സന്തോഷവാനായാണ് ഞാൻ ഇപ്പോൾ ക്യാമറയെ അഭിമുഖീകരിക്കുന്നത്. ഇതെന്റെ വ്യക്തിപരമായ സന്തോഷമല്ല. മറ്റുള്ളവരുടെ സന്തോഷത്തിലും നമുക്ക് ഭാഗമാകണം. ഇതിന് കാരണം ദുൽഖർ സൽമാൻ ആണ്. എന്റെ സ്നേഹിതൻ മമ്മൂട്ടിയുടെ മകൻ. ദുൽഖറിന്റെ ഒരു ചിത്രം നല്ല രീതിയിൽ സാമ്പത്തികമായ തിയറ്ററുകളിൽ തുടരുന്നു എന്നത് ഞങ്ങളെ എല്ലാവരെയും സംബന്ധിച്ച് സന്തോഷകരമായ വാർത്തയാണ്. ഈ പടം ഞാൻ കണ്ടില്ല. മാത്രമല്ല ദുൽഖറിനെയും അടുത്ത് കണ്ടിട്ടില്ല.

കോവിഡ് സാഹചര്യമാണ്, മാത്രമല്ല മോശം കാലാവസ്ഥയും. ഇതിനെയൊക്കെ അതിജീവിച്ചാണ് പ്രേക്ഷകർ തിയറ്ററുകളിലേക്ക് വന്നത്. സിനിമയ്ക്ക് ജീവൻ കൊടുക്കുന്ന അവസ്ഥ. അതിനാണ് ഞാൻ ദുല്‍ഖറിനെ അഭിനന്ദിക്കുന്നത്. ജനങ്ങൾക്ക് ആ സിനിമ ഇഷ്ടപ്പെട്ടു എന്നത് ഉറപ്പാണ്. ആ ചിത്രത്തിന്റെ പേരിനും പ്രത്യേകതയുണ്ട്. കുറുപ്പ് ! എന്റെ ജീവിതത്തിലും ഒരുപാട് ‘കുറുപ്പുമാർ’ വന്നുപോയിട്ടുണ്ട്. വലിയ വിജമായ എന്റെയൊരു ചിത്രത്തിന്റെ പേരും കുറുപ്പിലുണ്ട്.

ദുൽഖറിന്റെ ഈ ചിത്രം കാരണം എത്രപേരാണ് ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നത്. തിയറ്ററിനെചുറ്റിപ്പറ്റി ജീവിക്കുന്ന ഒരുപാട് പേർക്ക് തൊഴിൽ തിരിച്ചുകിട്ടി. അതൊക്കെ വലിയ കാര്യമല്ലേ. മാത്രമല്ല ടൊവീനോെയക്കുറിച്ച് ദുൽഖർ ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകളും ഞാൻ ശ്രദ്ധിച്ചു. സിനിമ ഒരു കൊച്ചുകുടുംബമാണ്. ഇതിലെ അംഗങ്ങൾ കൂട്ടായി നിന്നുകഴിഞ്ഞാൽ കിട്ടുന്നൊരു ശക്തി ഉണ്ട്. അതൊരു നല്ല സന്ദേശമാണ്.

Noora T Noora T :