അപകീർത്തികരമാം വിധം പ്രചാരണങ്ങൾ നടത്തിയ യൂട്യൂബ് ചാനലിനും സോഷ്യൽ മീഡിയ ഫെയിം ദയ അശ്വതിക്കുമെതിരെ ഗായിക അമൃത സുരേഷ് കഴിഞ്ഞ ദിവസമാണ് പോലീസിൽ പരാതിപ്പെട്ടത്. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് അമൃത പരാതി നൽകിയത്. ഇതിന്റെ വിശദവിവരങ്ങൾ അമൃതയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുമുണ്ട്.
കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി ദയ അശ്വതി ഫെയ്സ്ബുക്ക് വിഡിയോയിലൂടെയും മറ്റും തന്നെ അപകീർത്തിപ്പെടുത്തും വിധത്തിൽ സംസാരിക്കുകയാണെന്നും ഇനിയും മൗനം പാലിക്കാനാകില്ലെന്നും അതിനാലാണ് നിയമവഴി തേടിയതെന്നും അമൃത പറഞ്ഞു.
ദയ അശ്വതിയ്ക്കുള്ള മറുപടി ഇതാണെന്ന് പറഞ്ഞ് അഭിരാമിയും കേസ് കൊടുത്തതിന്റെ വിവരങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ഇത്രയും വര്‍ഷം നിരന്തരം സൈബര്‍ ബുള്ളീങ് നടത്തിയിട്ടും എന്തുകൊണ്ടാണ് ഇപ്പോള്‍ പ്രതികരിക്കുന്നത് എന്നു വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ അഭിരാമി.

എന്തിനാണ് ഇപ്പോള്‍ കേസ് കൊടുത്തത് എന്ന് ചോദിച്ച് ഒരുപാട് കമന്റുകള്‍ വന്നിട്ടുണ്ട്. അതിനുള്ള മറുപടിയായിട്ടാണ് അഭിരാമി ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവച്ചത്. ബിഗ്ഗ് ബോസ് കഴിഞ്ഞ സമയം മുതല്‍ ദയ അശ്വതി തങ്ങള്‍ക്ക് എതിരെ വ്യാജ പ്രചരണങ്ങളും അപകീര്‍ത്തി പരമായ വീഡിയോകളും ഇട്ടുകൊണ്ടിരിക്കുകയാണ്. അതൊക്കെ ഗെയിമിന്റെ ഭാഗമാണെന്ന് പറഞ്ഞ് ഞങ്ങള്‍ ആദ്യം ഒഴിവാക്കി. പിന്നീട് ചേച്ചിയുടെ (അമൃത സുരേഷ്) സ്വഭാവത്തെ കുറിച്ചെല്ലാം വളരെ മോശമായ രീതിയില്‍ അസഭ്യം പറഞ്ഞു. അതിനോടൊന്നും ഞങ്ങള്‍ പ്രതികരിച്ചില്ല.
ഇപ്പോഴും ദയ അശ്വതി ഇട്ട വീഡിയോയ്ക്കുള്ള മറുപടിയല്ല ഇത്. അതിന് മറുപടി കൊടുക്കാന്‍ താത്പര്യമില്ല. അങ്ങനെ പറയാനാണെങ്കില്‍ ഒരുപാടുണ്ട്. ഇപ്പോള്‍ കേസ് കൊടുത്തതിന് കാരണം, കഴിഞ്ഞ ദിവസം അവര്‍ പങ്കുവച്ച വീഡിയോയുെട അടിസ്ഥാനത്തിലാണ്. ‘അച്ഛന് മരിച്ചിട്ട് ദിവസങ്ങളല്ലേ ആയുള്ളൂ. അപ്പോഴേക്കും അമൃത സുരേഷ് ഓണം സെലിബ്രേറ്റ് ചെയ്യുന്നു, കഷ്ടം’ എന്നു പറഞ്ഞുകൊണ്ടുള്ളതാണ് വീഡിയോ. വ്യക്തപരമായി അത് ഞങ്ങളെ വളരെ അധികം വേദനിപ്പിച്ചു.
ആ വീഡിയോ കണ്ട ഉടനെ അതിന് താഴെ പോയി, ഇതു പാടില്ല എന്നു പറഞ്ഞ് ഞാന്‍ കമന്റിട്ടിരുന്നു. അതിന് ശേഷം അവരത് ഡിലീറ്റ് ചെയ്തു. പക്ഷേ തെളിവ് എന്റെ കൈയ്യിലുണ്ട്. അച്ഛന്റെ വേര്പാടിന് ശേഷം ഞങ്ങള്‍ മൂന്നു പേരും അനുഭവിയ്ക്കുന്ന അവസ്ഥ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലെങ്കിലും അവര്‍ക്ക് മനസ്സിലാക്കാം. ഒരു എന്റര്‍ടൈന്‍മെന്റ് രംഗത്ത് നില്ക്കുന്ന ഞങ്ങള്‍ക്ക്, ജോലിയുടെ ഭാഗമായി ഇത്തരം ഷൂട്ടുകള്‍ ചെയ്യേണ്ടി വരും. അതു മനസ്സിലാക്കാതെ വ്യക്തിഹത്യ നടത്തുന്നത് സഹിക്കാന്‍ പറ്റില്ല- എന്നാണ് അഭിരാമി പറയുന്നത്.
മിസ്റ്ററി മലയാളി എന്ന യുട്യൂബ് ചാനലിനെതിരെയാണ് അമൃതയുടെ മറ്റൊരു പരാതി. ഏതാനും ദിവസങ്ങൾക്കു മുന്‍പ് അന്യഭാഷയിലെ അമൃത എന്ന അഭിനേത്രിയുടെ മകൾ മരണപ്പെട്ട വാർത്ത കൊടുത്തപ്പോൾ തെറ്റിദ്ധരിപ്പിക്കാനും കൂടുതൽ പ്രേക്ഷകരെ ലഭിക്കാനുമായി തന്റെയും അമൃത എന്ന പേരുള്ള മറ്റു ചില പ്രശസ്തരുടെയും കരയുന്ന ചിത്രം ഉപയോഗിച്ചുവെന്നും അമൃത വെളിപ്പെടുത്തി. ഇതോടെ പലരും തന്നെ വിളിച്ചു കാര്യങ്ങൾ തിരക്കിയെന്നും ഗായിക കൂട്ടിച്ചേർത്തു. ദീർഘമായ കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് അമൃത സുരേഷ് പരാതിയുടെ വിശദാംശങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.

‘എന്റെ കുടുംബത്തിന്റെ സൽപ്പേരിന് കളങ്കം വരുത്തുന്ന വ്യാജ വാർത്തകൾ, വ്യക്തിഹത്യ, സമൂഹമാധ്യമ ആക്രമണങ്ങള്‍, വേദനിപ്പിക്കുന്ന കഥകൾ ഇതെല്ലാം വളരെക്കാലമായി ഞാൻ സഹിക്കുകയാണ്. ഇത് പരിധിവിട്ടു. ഇപ്പോൾ ഞാൻ മൗനം വെടിയുകയാണ്. നിരപരാധിയായ എന്റെ മകളെ പോലും അസഹ്യമായ, ദാരുണമായ സാഹചര്യത്തിലേക്ക് വലിച്ചിഴച്ചു. സിംഗിൾ മദർ എന്ന നിലയിൽ അവളെ ഇത്തരം അപകടങ്ങളിൽ നിന്നും സംരക്ഷിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. എന്നെയും എന്റെ കുടുംബത്തെയും കുറിച്ച് നുണപ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുകയാണ്. തെറ്റായ വിവരങ്ങൾ പങ്കുവയ്ക്കുന്നതിനു മുൻപ് ചിന്തിക്കുക. നമുക്ക് കൂടുതൽ സത്യസന്ധവും മാന്യവുമായ ഡിജിറ്റൽ ലോകം വളർത്തിയെടുക്കാം’, അമൃത സുരേഷ് കുറിച്ചു.