95ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങളില്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയ ഡോക്യുമെന്ററിയായിരുന്നു കാര്‍തികി ഗോണ്‍സാല്‍വസ് സംവിധാനം ചെയ്ത ദ എലിഫന്റ് വിസ്പറേഴ്‌സ്. മികച്ച ഡോക്യുമെന്ററി (ഷോര്‍ട്ട്) വിഭാഗത്തിലായിരുന്നു ചിത്രത്തിന് പുരസ്‌കാരം. ഇപ്പോഴിതാ ഡോക്യുമെന്ററി സംവിധായിക കാര്‍തികിയെ ആദരിച്ചിരിക്കുകയാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍.
പുരസ്‌കാരം ഏറ്റുവാങ്ങി കഴിഞ്ഞ ദിവസമാണ് കാര്‍തികി ഗോണ്‍സാല്‍വസ് നാട്ടിലെത്തിയത്. തുടര്‍ന്ന് അവര്‍ മുഖ്യമന്ത്രി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. പുരസ്‌കാരം സ്വന്തമാക്കിയതിന് ഒരുകോടി രൂപയാണ് സംവിധായികയ്ക്ക് സ്റ്റാലിന്‍ പാരിതോഷികമായി നല്‍കിയത്. കാര്‍തികിയുടെ നേട്ടത്തേക്കുറിച്ച് അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്തു. കാര്‍തികിയെ ആദരിക്കുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഊട്ടി സ്വദേശിയായ കാര്‍തികി ഗോണ്‍സാല്‍വസ് സംവിധാനം ചെയ്ത് ഗുണീത് മോംഗ നിര്‍മിച്ച ‘ദ എലഫന്റ് വിസ്പറേഴ്‌സ്’ ഈ വിഭാഗത്തില്‍ ഇന്ത്യയില്‍നിന്ന് ഓസ്‌കാര്‍ നേടുന്ന ആദ്യചിത്രമാണ്.
തമിഴ്‌നാട്ടിലെ ഗോത്രവിഭാഗത്തില്‍പ്പെട്ട ദമ്പതികളാണ് ബൊമ്മനും ബെള്ളിയും. മുതുമല വന്യജീവി സങ്കേതത്തിന്റെ ഭാഗമായ തെപ്പക്കാട് ആന പരിശീലനകേന്ദ്രത്തിലെ പരിശീലകരാണ് ഇരുവരും. കാട്ടില്‍ ഉപേക്ഷിക്കപ്പെടുന്ന ആനക്കുട്ടികള്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ചവരാണ് രണ്ടുപേരും.
ഇവരുടെ ജീവിതകഥയാണ് കാര്‍തികി ഗോണ്‍സാല്‍വസ് സംവിധാനം ചെയ്ത ദ എലിഫന്റ് വിസ്പറേഴ്‌സ്. ബൊമ്മനേയും ബെള്ളിയേയും ഈയിടെ സ്റ്റാലിന്‍ ആദരിച്ചിരുന്നു. മുതുമലൈ ദേശീയോദ്യാനത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ആനയും മനുഷ്യരും തമ്മിലുള്ള, പ്രകൃതിയും മനുഷ്യരും തമ്മിലുള്ള, മനുഷ്യരും മനുഷ്യരും തമ്മിലുള്ള ആത്മബന്ധത്തിന്റെ വൈകാരികമായ, ഹൃദയഹാരിയായ ആവിഷ്‌കാരമാണ് ഈ ഡോക്യുമെന്ററി. പ്രിസില്ല ഗോണ്‍സാല്‍വസാണ് രചന. 40 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി നെറ്റ്ഫ്‌ളിക്‌സാണ് സംപ്രേഷണം ചെയ്യുന്നത്. ഡഗ്ലസ് ബ്ലഷ്, കാര്‍തികി ഗോണ്‍സാല്‍വസ്, ഗുനീത് മോംഗ, അഛിന്‍ ജെയ്ന്‍ എന്നിവരാണ് നിര്‍മാണം.