യുവ മോഡൽ ശീതൾ എന്ന സിമ്മി ചൗധരിയുടെ മൃതദേഹം കനാലിൽ കണ്ടെത്തി. ഹരിയാന സോനിപത്തിലെ ഖാർഖൗദയിലാണ് സംഭവം. ഇരുപത്തിമൂന്ന്കാരിയായ ശീതളിന്റെ കഴുത്ത് മുറിച്ച നിലയിലാണ്. കഴിഞ്ഞ രാത്രി കണ്ടെത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി സിവിൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പാെലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ശീതളിന്റെ സഹോദരി സ്നേഹ യുവതിയെ കാണാനില്ലെന്ന് കാട്ടി പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് മൃതദേഹം കണ്ടെത്തുന്നത്. ജൂൺ 14നാണ് യുവതിയെ കാണാതാകുന്നത്. ആഹർ വില്ലേജിൽ മ്യൂസിക് ആൽബത്തിന്റെ ഷൂട്ടിംഗ് ഉണ്ടെന്ന് പറഞ്ഞായിരുന്നു ശീതൾ വീട്ടിൽ നിന്നിറങ്ങിയത്.
പിന്നീട് ഒരു വിവരവും ഇല്ലായിരുന്നു. തുടർന്നാണ് സഹോദരി പോലീസിനെ സമീപിക്കുന്നത്. മദ്ലൗഡ പൊലീസാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തെത്തിയിട്ടില്ല. പോസ്റ്റ് മോർട്ടം റിപ്പോർട്ട് കിട്ടിയാലേ സംഭവത്തിൽ കൂടുതൽ വ്യക്തത വരൂവെന്ന് പോലീസ് അറിയിച്ചു.