സ്വർണ്ണത്തിന് സുഗന്ധം പോലെയാണ് ചലച്ചിത്ര താരങ്ങൾക്ക് വിനയം; ആസിഫ് അലിയ്ക്കൊപ്പമുള്ള ചിത്രവുമായി മന്ത്രി ആർ ബിന്ദു

നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷക പ്രീതി സ്വന്തമാക്കിയ നടനാണ് ആസിഫ് അലി. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് മലയാള സിനിമയിലെ യുവതാര നിരയിലേയ്ക്ക് താരം ഉയർന്നത്. അടുത്തിടെ സംഗീത സംവിധായകൻ രമേഷ് നാരായണനുമായി ബന്ധപ്പെട്ട വിവാദത്തിൽ ആസിഫിന് പിന്തുണയുമായിനിരവധി പേരാണ് രംഗത്തെത്തിയിരുന്നത്.

പിന്നാലെ നടൻ സ്വീകരിച്ച നിലപാടിനും കയ്യടികൾ ലഭിച്ചിരുന്നു. ആ വേദിയിൽ വെച്ച് താൻ അപമാനിക്കപ്പെട്ടതായി തനിക്ക് തോന്നിയിട്ടില്ലെന്നും തന്നോട് കാണിച്ച സ്നേഹത്തിന് നന്ദിയുള്ളതിനോടൊപ്പം തന്നെ രമേശ് നാരായണെനിതിരെ നടക്കുന്ന വിമർശനങ്ങൾ അവസാനിപ്പിക്കണമെന്നുമായിരുന്നു ആസിഫ് അലി പറ‍ഞ്ഞത്.

ഇപ്പോഴിതാ ആസിഫ് അലിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് മന്ത്രി ആർ ബിന്ദു. ഫേസേബുക്കിൽ മന്ത്രി പങ്കുവെച്ച പോസ്റ്റ് ഇപ്പോൾ വൈറലാണ്.

ബിന്ദുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ;

യുവ നടൻ പ്രിയപ്പെട്ട ആസിഫ് അലിയെ ഇന്ന് വന്ദേഭാരത് ട്രെയിനിൽ വെച്ച് യാദൃച്ഛികമായി കണ്ടുമുട്ടിയപ്പോൾ. ..
ആസിഫ് അലിയെ കുറിച്ച് ഏതാനും ദിവസം മുൻപ് ഇട്ട പോസ്റ്റ്‌ മുപ്പത്തിനായിരത്തിലധികം പേർ സ്നേഹപൂർവ്വം ഏറ്റെടുത്ത കാര്യം പറഞ്ഞപ്പോൾ സ്വന്തം ശൈലിയിൽ വിനയാന്വിതനായി പുഞ്ചിരി തൂകി…

സ്വർണ്ണത്തിന് സുഗന്ധം പോലെയാണ് ചലച്ചിത്ര താരങ്ങൾക്ക് (മറ്റു സെലിബ്രിറ്റികൾക്കും)വിനയം. ആസിഫ് അലിക്ക് എക്കാലത്തും ഇങ്ങനെ പ്രകാശം പരത്തുന്ന വ്യക്തിത്വമായി തുടരാനാകട്ടെ എന്ന് ആശംസിച്ചു…..എന്നുമാണ് പോസ്റ്റ്.

നേരത്തെും ആസിഫ് അലിയ്ക്ക് പിന്തുണയുമായി ആർ ബിന്ദു രം​ഗത്തെത്തിയിരുന്നു.

പ്രിയപ്പെട്ട ആസിഫ് അലിക്ക് സ്നേഹാഭിവാദ്യങ്ങൾ. ..

തലയിൽ കൊമ്പ് മുളച്ച തമ്പുരാക്കന്മാരുടെ മേലാളഭാവങ്ങൾ കൊണ്ട് ഭൂമി മലയാളം വീർപ്പു മുട്ടുന്ന കാലത്ത്, പ്രിയ മകനേ, നിന്നെ പോലെ വിനയം ഭൂഷണമാക്കി, പ്രസാദാത്മകമായ നറുചിരിയുടെ പ്രകാശം പരത്തി, പോസിറ്റിവിറ്റിയുടെ ഊർജ്ജം പ്രസരിപ്പിക്കുന്ന ചെറുപ്പക്കാർ നമ്മുടെയെല്ലാം പ്രത്യാശയാണ്…

ആർക്കും അവഗണിച്ച് ഇല്ലാതാക്കാൻ കഴിയാത്ത കലാപ്രതിഭയുടെ ഉടമയായി യശസ്സിന്റെ ആകാശങ്ങളിൽ നക്ഷത്രശോഭയോടെ തിളങ്ങിനിൽക്കാനാകട്ടെ…

ഇകഴ്ത്തിയും താഴ്ത്തിക്കെട്ടിയും മറ്റുള്ളവരെ അപമാനിക്കുകയും തന്നെ കുറിച്ചു തന്നെ വൻപ് വിചാരിക്കുകയും ചെയ്യുന്ന അൽപ്പന്മാർ ആ ഉയർച്ച കണ്ട് തല താഴ്ത്തട്ടെ. .. നന്നായി വരട്ടെ. … എന്നാണ് മന്ത്രി കുറിച്ചിരുന്നത്.

Vijayasree Vijayasree :