ഇന്ത്യ കണ്ട ഏറ്റവും വലിയ വിവാഹ മാമാങ്കമായിരുന്നു ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും. മാസങ്ങളോളം നീണ്ടു നിന്ന ചടങ്ങുകള്‍ക്കൊടുവില്‍ ജൂലൈ 12-നായിരുന്നു വിവാഹം നടന്നത്. കല്യാണത്തിന് എത്തിയ അതിഥികൾ മുതൽ അവർ ധരിച്ച വസ്ത്രങ്ങൾപോലും വാർത്തകളിൽ ഇടംപിടിച്ച ദിവസങ്ങളായിരുന്നു കഴിഞ്ഞുപോയത്.
വിവാഹച്ചടങ്ങിനെത്തിയ അടുത്ത സുഹൃത്തുക്കൾക്ക് ആനന്ദ് അംബാനി സമ്മാനങ്ങൾ നൽകി. ഷാരൂഖ് ഖാനും രൺവീർ സിങ്ങും ഉൾപ്പെടെയുള്ള സുഹൃത്തുക്കൾക്കാണ് ആനന്ദ് സമ്മാനം നൽകിയത്. ബോളിവുഡ് താരരാജാക്കന്മാർക്ക് അങ്ങനെ എന്തേലും ഒരു സമ്മാനമല്ല ആനന്ദ് നൽകിയിരിക്കുന്നത്. കോടികൾ വിലമതിക്കുന്ന വാച്ചായിരുന്നു ആനന്ദ് സുഹൃത്തുക്കൾക്ക് നൽകിയത്.
ഇപ്പോഴിതാ വിവാഹം നടന്ന് മാസങ്ങൾ കഴിഞ്ഞെങ്കിലും അംബാനി വിവാഹവും, വിവാഹത്തിന് നൽകിയ സമ്മാനങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുകയാണ്. ആനന്ദ് അംബാനിയുടെ വിവാഹത്തിന് ഒന്നര കോടിയുടെ വാച്ച് സമ്മാനമായി കിട്ടാത്തതിലുള്ള ദേഷ്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗായകന്‍ മിക സിങ്.
അംബാനി കല്യാണത്തിന് പരിപാടി അവതരിപ്പിക്കാന്‍ മിക സിങ്ങിന് ക്ഷണമുണ്ടായിരുന്നു. അതിന് ഒരുപാട് പണം തനിക്ക് ലഭിച്ചു. എന്നാല്‍ കുറച്ച് അതിഥികള്‍ക്കാണ് പ്രത്യേക സമ്മാനം ആനന്ദ് അംബാനി നല്‍കിയത്. ഇത് കിട്ടാത്തതില്‍ തനിക്ക് ദേഷ്യമുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഗായകന്‍.
ആനന്ദ് അംബാനിയുടെ വിവാഹത്തില്‍ പരിപാടി അവതരിപ്പിക്കാന്‍ ഞാന്‍ പോയിരുന്നു. അദ്ദേഹം എല്ലാവര്‍ക്കും ഒരുപാട് പണമാണ് നല്‍കിയത്. എനിക്കും ലഭിച്ചു. പക്ഷേ ഒരു കാര്യത്തില്‍ എനിക്ക് ദേഷ്യമുണ്ട്. അടുത്ത ആളുകള്‍ക്ക് ലഭിച്ചതുപോലെ എനിക്ക് ലഭിച്ചില്ല.
ആനന്ദ് ഭായ്, ഞാന്‍ നിങ്ങളുടെ സഹോദരനല്ലേ, എല്ലാവര്‍ക്കും വാച്ച് കൊടുത്തല്ലോ. യുഎസ് പരിപാടിക്കിടെ എനിക്ക് സ്വര്‍ണ ചെയിനും വാച്ചും സമ്മാനിച്ചിരുന്നു. പക്ഷേ ഞാന്‍ അപ്പോള്‍ അത് പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ അംബാനി കല്യാണത്തില്‍ ഞാന്‍ എന്തെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതിനാല്‍ ആനന്ദ് ഭായ്, ഇനി അടുത്ത തവണ വീട്ടില്‍ വരുമ്പോള്‍ എനിക്ക് ഇഷ്ടമുള്ളതൊക്കെ തരണം എന്നാണ് മിക സിങ് പറഞ്ഞത്.
ആനന്ദ് അംബാനിയുടെ വിവാഹത്തിന് പരിപാടി അവതരിപ്പിച്ചതിന് എത്ര രൂപയാണ് കിട്ടിയത് എന്ന് ഗായകന്‍ വെളിപ്പെടുത്തിയില്ല. എനിക്ക് വലിയ തുകയാണ് പ്രതിഫലമായി ലഭിച്ചത്. എന്നാല്‍ അത് എത്രയെന്ന് എനിക്ക് പറയാനാവില്ല. നിങ്ങള്‍ക്ക് ഊഹിക്കണം എന്നുണ്ടെങ്കില്‍ ഒരു കാര്യം പറയാം. എനിക്ക് അഞ്ച് വര്‍ഷം ചെലവാക്കാനുള്ള പണമുണ്ട് അത്. എനിക്ക് പ്രത്യേക ചെലവുകളൊന്നുമില്ല. അതിനാല്‍ അഞ്ചുവര്‍ഷം കഴിയാന്‍ ആ പണം മതി എന്നാണ് മിക സിങ് വ്യക്തമാക്കിയത്.