മലയാളികൾക്ക് എം.ജി ശ്രീകുമാർ എന്ന ഗായകനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കാതെ ഒരു ദിവസം പോലും മലയാളികളുടെ ജീവിതത്തിലുണ്ടാവില്ല. ഗാനരംഗത്ത് പകരം വെക്കാനില്ലാത്ത പ്രതിഭയാണ് അദ്ദേഹം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം യൂട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കാറുമുണ്ട്.
ഇപ്പോഴിതാ പ്രിയദർശനും യേശുദാസും തമ്മിൽ പിണക്കമുണ്ടെന്ന ഗോസിപ്പുകളെക്കുറിച്ച് സംസാരിക്കുകയാണ് എംജി ശ്രീകുമാർ. സത്യസന്ധമായി പറഞ്ഞാൽ ഒരു പ്രശ്‌നവുമില്ല. പക്ഷെ ഒരു തെറ്റിദ്ധാരണയുണ്ടായി. ചെപ്പ് എന്ന സിനിമയിൽ പാടാൻ വേണ്ടി മദ്രാസിൽ ദാസേട്ടൻ വന്നു. ദാസേട്ടന് ഒരു രീതിയുണ്ട്.
വന്ന് കഴിഞ്ഞാൽ സംഗീത സംവിധായകനും മ്യൂസിക് ഡയറ്കടറും മാത്രമേ കാണാൻ പാടുള്ളൂ. വരികൾ എഴുതുന്നു. മ്യൂസിക് ഡയറ്കടർ എല്ലാം പഠിപ്പിക്കുന്നു, ഓക്കെയാണെന്ന് പറഞ്ഞ ശേഷം വെള്ളം കുടിക്കും. ആ സമയത്താകും ആരെങ്കിലും വരുന്നതും ഫോട്ടോയെടുക്കുന്നതുമെല്ലാം. ഇതൊന്നും അറിയാതെ പ്രിയനും നിർമ്മാതാവും ഒന്ന് രണ്ട് കൂട്ടുകാരും ഗാനരചയിതാവും എല്ലാവരും അവിടെ നിന്നു.
അപ്പോൾ ദാസേട്ടന് ഒരു വീർപ്പുമുട്ടലുണ്ടായി. എനിക്കും ഉണ്ടാകാറുണ്ട്. പാട്ട് എഴുതിയെടുത്ത് പഠിക്കുമ്പോൾ അതിന് ഇടയിൽ ഒരാൾ നോക്കിയിരുന്നാൽ ബുദ്ധിമുട്ടാകും. വളരെ ചെറിയ സ്‌പേസാണ്. ഇടയ്ക്ക് മ്യൂസിക് ഡയറ്കടറോട് സംശയമൊക്കെ ചോദിക്കാനുണ്ടാകും. അതിനൊന്നും പറ്റിയെന്ന് വരില്ല.
അതോടെ ഇവിടെ ഇരിക്കുന്നവരെല്ലാം പുറത്ത് പോകണമെന്ന് ദാസേട്ടൻ പറഞ്ഞു. പ്രിയനെ ആദ്യമായിട്ടാണ് കാണുന്നത്. സംവിധായകൻ ആണെന്ന് ദാസേട്ടന് അറിയില്ലായിരുന്നു. പ്രിയൻ അവിടെ ഇരിക്കുകയും ബാക്കിയുള്ളവരെല്ലാം പോവുകയും ചെയ്തു. നിങ്ങളും പോകണമെന്ന് ദാസേട്ടൻ പറഞ്ഞു. ഇല്ല, ഞാൻ സംവിധായകൻ ആണെന്ന് പ്രിയൻ പറഞ്ഞു.
ദാസേട്ടൻ ആണെങ്കിൽ ഇറങ്ങിപ്പോകണമെന്ന് പറഞ്ഞു പോവുകയും ചെയ്തല്ലോ. സംവിധായകൻ ആയാലും ആരായാലും ഇപ്പോൾ ഞാൻ പാട്ട് പഠിക്കുകയാണെന്നും ഇറങ്ങിപ്പോകണമെന്നും ദാസേട്ടൻ പറഞ്ഞു. അതിൽ പ്രിയൻ അപമാനിതനായി. പ്രിയൻ പുറത്ത് പോയി പാക്കപ്പ് പറഞ്ഞു. പാട്ട് എടുക്കുന്നില്ലെന്ന് പറഞ്ഞു. അങ്ങനൊരു സംഭവമുണ്ടായി.
എന്നു കരുതി സ്ഥായിയായൊരു വിരോധവും പ്രിയന് ദാസേട്ടനോടും ദാസേട്ടന് പ്രിയനോടുമില്ല. അങ്ങനെയാണെങ്കിൽ മേഘം എന്ന സിനിമയിൽ ഞാനൊരു പാട്ട് പാടം എന്ന പാട്ടൊക്കെ പാഠിക്കുമോ? പ്രിയന്റെ ഹിന്ദിയടക്കമുള്ള സിനിമകളിൽ ദാസേട്ടൻ പാടിയിട്ടുണ്ട് പിന്നീട്. ഇത്തിരി കിട്ടിയാൽ വലുതാക്കുന്നവരാണ് വലുതാക്കിയത്. അല്ലാതെ കാര്യമൊന്നുമില്ല എന്നാണ് എംജി ശ്രീകുമാർ പറയുന്നത്.
അതേസമയം ദാസേട്ടൻ മറ്റുള്ളവരെ സിനിമയിലേക്ക് അടുപ്പിക്കാൻ സമ്മതിച്ചില്ലെന്ന കിംവദന്തിയേയും എംജി ശ്രീകുമാർ തള്ളിപ്പറയുന്നുണ്ട്. ദാസേട്ടന്റെ വീട്ടിലായിരുന്നു ഞാൻ. ദാസേട്ടനെ ചുറ്റിപ്പറ്റി ഒരുപാട് പോയിട്ടുണ്ട്. എനിക്ക് ഒരുപാട് ആഹാരം വാങ്ങിത്തന്നിട്ടുണ്ട്. ദാസേട്ടനൊപ്പം പാടിയിട്ടുമുണ്ട്. ദാസേട്ടൻ മനസാവാചാ കർമനാ ആരുടേയും അവസരം ഇല്ലാതാക്കിയിട്ടില്ലെന്നും എംജി ശ്രീകുമാർ പറയുന്നുണ്ട്.
അതേസമയം, അടുത്തിടെ ഒരു ഗാനമേളയിൽ പങ്കെടുത്തപ്പോഴുള്ള എംജി ശ്രീകുമാറിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സദസിൽ നിന്ന് ഒരാൾ പറഞ്ഞ കമന്റും അതിന് എംജി പറഞ്ഞ മറുപടിയുമാണ് വൈറൽ. നല്ല പാട്ട് പാടണേ… എന്നായിരുന്നു കാണികളിൽ ഒരാളിൽ നിന്നും വന്ന കമന്റ്. ഉടനടി കുറിക്കുകൊള്ളുന്ന മറുപടി എംജി നൽകി. ഇത്രയും നേരം പാടിയത് ചീത്ത പാട്ടായിരുന്നുവോ?. ഇനി നല്ല പാട്ട് കേൾക്കണമെങ്കിൽ താൻ ഒരു കാര്യം ചെയ്യു… വീട്ടിൽ പോയി റേഡിയോ ഓൺ ചെയ്ത് കേൾക്കൂ.
അതിനകത്ത് നല്ല പാട്ടൊക്കെ വരും. താൻ നല്ല പാട്ട് കേട്ടിട്ടില്ല. താൻ കേട്ടിട്ടുള്ളത് മറ്റേതെങ്കിലുമാകും. ശരണമയ്യപ്പാ… ഇവനതൊക്കെ വേണമെന്ന്… അത്രയും കിട്ടിയില്ലെങ്കിൽ ഉറക്കം വരില്ല. പോകുന്ന വഴി വല്ലവരും മോണയ്ക്ക് കുത്തും കെട്ടോ… പറഞ്ഞേക്കാം എന്നാണ് എംജി പരിഹസിക്കാൻ ശ്രമിച്ച ആരാധകന് നൽകിയ മറുപടി.