പ്രേക്ഷകർക്കേറെ സുപരിചിതനായ വ്യക്തിയാണ് സംവിധായകൻ ആലപ്പി അഷ്‌റഫ്. തന്റെ യൂട്യൂബ് ചാനലിലൂടെ അദ്ദേഹം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. സിനിമാ താരങ്ങളുടെ ജീവിതവും അറിയാക്കഥകളും അറിയാൻ പ്രേക്ഷകർക്കുമേറെ ഇഷ്ടമാണ്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഗായകൻ എംജി ശ്രീകുമാർ തന്നെ വിമർശിച്ചതിനുള്ള മറുപടി പുതിയ വീഡിയോയിലൂടെ നൽകിയിരിക്കുകയാണ് ആലപ്പി അഷ്റഫ്.
താനുമായി ബന്ധപ്പെട്ട പഴയ കാര്യങ്ങൾ വീണ്ടും കുത്തിപ്പൊക്കി കൊണ്ടുവന്ന് പങ്കുവെച്ചതിലുള്ള രോഷം കൊണ്ടായിരുന്നു ആലപ്പി അഷ്റഫിനെ കഴിഞ്ഞ ദിവസം എം.ജി ശ്രീകുമാർ വിമർശിച്ചത്. ആ വിമർശനം തന്റെ ശ്രദ്ധയിൽപ്പെട്ടുവെന്ന് പറഞ്ഞാണ് അതിനുള്ള മറുപടിയുമായി ആലപ്പി അഷ്റഫ് പുതിയ വീഡിയോയുമായി രംഗത്തെത്തിയിരിക്കുന്നത്. പക്ഷെ വീഡിയോയിൽ എവിടേയും എം.ജി ശ്രീകുമാറിന്റെ പേര് ആലപ്പി അഷ്റഫ് പരാമർശിച്ചിട്ടില്ല. വളരെ ചുരുങ്ങിയ സമയം കൊണ്ട് വീഡിയോ വൈറലായി മാറുകയും ചെയ്തിട്ടുണ്ട്.
തിരുവനന്തപുരത്തുള്ള ഒരു പാട്ടുകാരനായ യുട്യൂബർ ഈ കഴിഞ്ഞ ദിവസം അയാളുടെ യുട്യൂബ് ചാനലിലൂടെ പറഞ്ഞത് പലരും എന്റെ ശ്രദ്ധയിൽപ്പെടുത്തി. അയാൾ പറയുന്നു… ഏതോ ഒരുത്തൻ ആലപ്പുഴക്കാരന്റെ പന്ന ചാനലുണ്ടെന്ന്. ഞാൻ ഫ്ലാറ്റ് മാറി കയറി കിടന്ന കാര്യം വലിയ കാര്യമായി അയാൾ പറഞ്ഞുവെന്നും ഈ ഗായകൻ ആരോപിക്കുന്നു. ആ വിഷയം ഈ ഗായകൻ നാന വാരികയുടെ വെളിപ്പെടുത്തിയതായും പറയുന്നുണ്ട്.
ജീവിതത്തിൽ നുണകളുടെ താഴിട്ട് സൂക്ഷിക്കുന്നതിന് ഒന്നും അധികം ആയുസുണ്ടാവില്ല എന്നോർക്കുക. അടിച്ച് പൂക്കുറ്റിയായി വല്ലവന്റെയും ഫ്ലാറ്റിൽ കയറി അവിടെ കിടന്നുറങ്ങുകയായിരുന്ന സ്ത്രീയുടെ ഒപ്പം കിടന്നെന്ന് അദ്ദേഹം തന്നെ തുറന്ന് പറഞ്ഞെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? അത് വെളിപ്പെടുത്തിയത് ഞാൻ ആയിരുന്നു എന്നതാണ് സത്യം. നാന വാരികയിലെ അഷ്‌റഫ് കഥകൾ എന്ന ലേഖനത്തിലാണ് ഇത് പറഞ്ഞിരുന്നത്.
വിശ്വാസം നഷ്‌ടപ്പെടുവാൻ ഒരു നിമിഷം മതി. എന്നാൽ അതുണ്ടാക്കാൻ സമയം കുറച്ച് മതിയാവില്ല. അയാൾ ഫ്ലാറ്റ് മാറി കയറിയ കഥ ഞാൻ കുറച്ച് യാഥാർഥ്യം മറച്ചുവെച്ച് കൊണ്ടാണ് പറഞ്ഞത്. കാരണം അയാൾ കൂടുതൽ നാണംകെടേണ്ടെന്ന് കരുതി. അന്ന് തല്ല് കൊള്ളാതെയും അവിടെ നിന്ന് പീഡന കേസില്ലാതെയും രക്ഷപ്പെടുത്തിയയാൾ ഇന്നും ജീവിച്ചിരിപ്പുണ്ടെന്ന് ഓർത്താൽ നല്ലത്.
പാട്ട് കൊള്ളില്ല, മറ്റൊരു പാട്ട് പാടണം എന്ന് പറഞ്ഞയാളുടെ മൂക്കാമണ്ട അടിച്ചുപൊളിക്കണമെന്ന് പറഞ്ഞതും ഭൂലോക തട്ടിപ്പുവീരൻ മോൺസൺ മാവുങ്കലിനൊപ്പം കൂടി വജ്ര മോതിരം ധരിച്ചതും, ആർത്തി മൂത്ത് സർക്കാർ ഭൂമി കയ്യേറി ബംഗ്ലാവ് പണിതതുമൊക്കെ പൊതു സമൂഹം കണ്ടതാണെന്നും കേട്ടതാണെന്നും ഓർക്കണം. ഇതൊക്കെ വെറും പൈനായിരം രൂപ കൊടുത്താൽ ഒതുക്കി തീർക്കാൻ കഴിയുന്നതല്ല. ഇയാളുടെ ചൊറിച്ചിലിന്റെ കാരണം എന്താണെന്ന് എനിക്ക് നന്നായി അറിയാം.
പ്രിയദർശന്റെ ചിത്രത്തിൽ ദാസേട്ടൻ പാടാത്തത് കാരണം കുറച്ച് മികച്ച ഗാനങ്ങൾ മലയാളികൾക്ക് നഷ്ടപ്പെട്ടുവെന്ന് പറഞ്ഞത് കൊണ്ടല്ലേ?. മലയാളത്തിലെ എല്ലാ ഗാന സ്നേഹികളും അത് അംഗീകരിച്ചതുമാണ് എന്നാണ് വിമർശനത്തിന് മറുപടി നൽകി ആലപ്പി അഷ്റഫ് പറഞ്ഞത്. അടുത്തിടെ ഒരു ഗാനമേളയിൽ പങ്കെടുത്തപ്പോഴുള്ള എംജി ശ്രീകുമാറിന്റെ വീഡിയോ ആയിരുന്നു സോഷ്യൽ മീഡിയയിൽ വൈറലായിരുന്നത്. സദസിൽ നിന്ന് ഒരാൾ പറഞ്ഞ കമന്റും അതിന് എംജി പറഞ്ഞ മറുപടിയുമാണ് വൈറൽ. നല്ല പാട്ട് പാടണേ… എന്നായിരുന്നു കാണികളിൽ ഒരാളിൽ നിന്നും വന്ന കമന്റ്. ഉടനടി കുറിക്കുകൊള്ളുന്ന മറുപടി എംജി നൽകി. ഇത്രയും നേരം പാടിയത് ചീത്ത പാട്ടായിരുന്നുവോ?. ഇനി നല്ല പാട്ട് കേൾക്കണമെങ്കിൽ താൻ ഒരു കാര്യം ചെയ്യു… വീട്ടിൽ പോയി റേഡിയോ ഓൺ ചെയ്ത് കേൾക്കൂ.
അതിനകത്ത് നല്ല പാട്ടൊക്കെ വരും. താൻ നല്ല പാട്ട് കേട്ടിട്ടില്ല. താൻ കേട്ടിട്ടുള്ളത് മറ്റേതെങ്കിലുമാകും. ശരണമയ്യപ്പാ… ഇവനതൊക്കെ വേണമെന്ന്… അത്രയും കിട്ടിയില്ലെങ്കിൽ ഉറക്കം വരില്ല. പോകുന്ന വഴി വല്ലവരും മോണയ്ക്ക് കുത്തും കെട്ടോ… പറഞ്ഞേക്കാം എന്നാണ് എംജി പരിഹസിക്കാൻ ശ്രമിച്ച ആരാധകന് നൽകിയ മറുപടി.
അടുത്തിടെ നൽകിയ അഭിമുഖത്തിലും ഇതേ കുറിച്ച് അദ്ദേഹം പരാമർശിച്ചിരുന്നു. പാടിക്കൊണ്ടിരുന്നപ്പോൾ നല്ല പാട്ട് പാടണേയെന്ന് പറഞ്ഞപ്പോൾ, അത് മൈക്കിലൂടെ എല്ലാവരും കേട്ടപ്പോഴാണ് ദേഷ്യം തോന്നിയത്. ആരെങ്കിലും മോശം പാട്ട് പാടാനായി വേദിയിൽ വരുമോ, മോഹൻലാലിന് വേണ്ടി പാടിയ പാട്ടുകളാണ് ഞാൻ പാടിയത്. അത് മോശമാണെന്ന് ആർക്കെങ്കിലും പറയാനാവുമോയെന്നായിരുന്നു എംജി ചോദിച്ചത്.
അതേസമയം, എംജി ശ്രീകുമാറിന്റെ വ്യക്തി ജീവിതം പലപ്പോഴും ചർച്ചയായിട്ടുണ്ട്. 15 വർഷത്തെ ലിവിങ് റ്റുഗദർ ജീവിതത്തിന് ശേഷമായാണ് എംജിയും ലേഖയും വിവാഹിതരായത്. മൂകാംബികയിൽ വെച്ചായിരുന്നു വിവാഹം. ആയുർവേദ ചികിത്സയ്ക്കായി പോയിരുന്ന സമയത്ത് ഒരു അഭിമുഖം കൊടുത്തിരുന്നു. അന്ന് ഞങ്ങളുടെ ഫോട്ടോയും എടുത്താണ്. എംജി ശ്രീകുമാറും ലേഖയും രഹസ്യമായി വിവാഹിതരായി എന്ന തരത്തിലായിരുന്നു ക്യാപ്ഷൻ. അതുകഴിഞ്ഞ് അധികം വൈകാതെയായാണ് വിവാഹം നടന്നതെന്നും എംജിയും ലേഖയും പറഞ്ഞിരുന്നു.
‘ലിവിങ് റ്റുഗദറിലായിരുന്ന സമയത്ത് പല തരത്തിലുള്ള വിമർശനങ്ങൾ കേട്ടിട്ടുണ്ട്. അതൊന്നും ഞങ്ങളെ ഒരുതരത്തിലും ബാധിച്ചിരുന്നില്ല. കുറേക്കൂടി മനസിലാക്കാനുള്ള അവസരമായാണ് ലിവിങ് റ്റുഗദറിനെ കാണുന്നത്. പ്രേമത്തിന്റെ പേരിലായാണ് ഞങ്ങൾ ലിവിങ് റ്റുഗദറായത്. ലിവിങ് റ്റുഗദറും വിവാഹവും രണ്ടാണെന്ന് മനസിലായി. കല്യാണം കഴിയുമ്പോൾ നമുക്ക് കുറേക്കൂടി പക്വത വരും.
ലിവിങ് റ്റുഗദർ ആർക്കും അഡ്വൈസ് ചെയ്യില്ല. ജനങ്ങൾ അംഗീകരിക്കുകയും മനസിലാക്കുകയും ചെയ്യണമെങ്കിൽ വിവാഹമെന്ന സിസ്റ്റത്തിന്റെ ഭാഗമാവണം. വിദേശ രാജ്യങ്ങളിലൊന്നും ഇങ്ങനെയുള്ള പ്രശ്‌നങ്ങളൊന്നുമില്ല. ലിവിങ് റ്റുഗദറിലായിരുന്ന സമയത്ത് എങ്ങനെയാണോ അതേപോലെ തന്നെയാണ് ഞങ്ങളിപ്പോഴും ജീവിക്കുന്നത്.
എനിക്ക് അദ്ദേഹത്തിന്റെ കൂടെയല്ലാതെ വേറൊരാളുടെ കൂടെ പോവാനാവില്ലല്ലോ’. താൻ ഒന്നും പറയാതെ തനിക്കായി വേണ്ടതൊക്കെ ചെയ്യുന്ന ആളാണ്, എന്റെ ഭർത്താവ് എന്ത് ചെയ്യുന്നതും തനിക്ക് ഇഷ്ടമാണ് എന്നും എംജിയെകുറിച്ച് ലേഖ പറഞ്ഞിട്ടുണ്ട്. ശ്രീകുമാറിനെ കണ്ടുമുട്ടിയതാണ് ജീവിതത്തിലെ ഏറ്റവും സുന്ദര നിമിഷം എന്ന് പലപ്പോഴും ലേഖ പറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് നാളുകൾക്ക് മുമ്പ് ശ്രീകുമാർ പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നേ വരെ ഞങ്ങൾ തമ്മിൽ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. ഇനി ഒരു പ്രശ്‌നവും ഉണ്ടാവുകയും ഇല്ല. ഇത് വലിയൊരു അഹങ്കാരമായി പറയുന്നതല്ല. അവളുടെ സന്തോഷത്തിൽ ഞാനും, എന്റെ സന്തോഷത്തിൽ അവളും കൈ കടത്താറില്ല. എനിക്ക് ഇഷ്ട്ടം ഉള്ളതൊക്കെ അവൾ ചെയ്തു തരുന്നുണ്ട്. അവൾക്ക് ഇഷ്ടമുള്ളത് ഞാനും”, എന്നാണ് ഒരിക്കൽ ശ്രീകുമാർ പറഞ്ഞത്.
എനിക്ക് എന്റേതായ വ്യക്തിത്വം ഉണ്ട്. പക്ഷെ എന്റെ ഭർത്താവാണ് എന്റെ അവസാന വാക്ക്. ഞാൻ അതിൽ വിശ്വസിക്കുന്നു. ശ്രീക്കുട്ടൻ ഒരു കാര്യം ഇല്ലാതെ അത് വേണ്ട ചെയ്യരുത് എന്ന് പറയില്ല. രണ്ടാമത് എനിക്ക് എല്ലാ സ്വാതന്ത്ര്യവും ഉണ്ട്. ചില സമയം ചില കാര്യങ്ങൾ അദ്ദേഹം ചെയ്യരുത് എന്ന് പറയുമ്പോൾ ആദ്യം വിഷമം തോന്നിയാലും അവിടെയാണ് അണ്ടർസ്റ്റാന്ഡിങ്. അതാണ് ദാമ്പത്യത്തിലെ വിജയം എന്നാണ് ലേഖയുടെ പക്ഷം.
അതേസമയം, സഹോദരൻ എം.ജി.രാധാകൃഷ്ണന്റെ കൂടെ കച്ചേരികൾ അവതരിപ്പിച്ചുകൊണ്ടായിരുന്നു ശ്രീകുമാർ സംഗീതത്തിൽ അരങ്ങേറ്റം കുറിച്ചത്. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ഹിന്ദിയിലും നിന്നുമായി ഏകദേശം 35000ത്തോളം ഗാനങ്ങൾ ഇതിനോടകം എംജി ശ്രീകുമാർ പാടിയിട്ടുണ്ട്. രണ്ട് തവണ നാഷണൽ അവാർഡും നേടി. മൂന്ന് തവണ കേരള സംസ്ഥാന അവാർഡിനും എംജി ശ്രീകുമാർ അർഹനായി. എംജിയുടെ ഫാസ്റ്റ് നമ്പർ ഗാനങ്ങൾ കേൾക്കാൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്.
1982 ൽ പത്മരാജൻ സംവിധാനം ചെയ്ത് എം.ജി.രാധാകൃഷ്ണൻ സംഗീതം നിർവഹിച്ച ‘നവംബറിന്റെ നഷ്ടം’ എന്ന ചിത്രത്തിലൂടെയാണ് എംജി പിന്നണി ഗായകനായി അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് കൂലി, പൂച്ചയ്ക്കൊരു മൂക്കുത്തി, ഓടരുതമ്മാവാ ആളറിയാം തുടങ്ങിയ ചിത്രങ്ങൾക്കുവേണ്ടി ഗാനം ആലപിച്ചു.
ഗാനഗന്ധർവൻ കെ.ജെ.യേശുദാസ് തിളങ്ങി നിൽക്കുന്ന കാലത്ത് കണ്ണീർപൂവിന്റെ, നാദ രൂപിണി ശങ്കരി പാഹിമാം തുടങ്ങിയ ഗാനങ്ങളിലൂടെയാണ് എംജി പ്രശസ്തനായത്. മോഹൻലാൽ എന്ന മഹാനായ നടന്റെ ശബ്ദവുമായി ചേർന്ന് നിൽക്കുന്നു എന്നതും എന്ന ഗായകന്റെ വളർച്ചയുടെ ഒരു പ്രധാന കാരണം തന്നെയാണ്. മോഹൻലാലിന്റെ ശബ്ദവുമായുള്ള സാമ്യം ശ്രീകുമാറിലെ ഗായകന് പിന്നണിഗാനരംഗത്ത് മുതൽകൂട്ടായി എന്ന് പറയാം.
ലാലിനു വേണ്ടിയാണ് എംജി ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ചിട്ടുള്ളത്. താളവട്ടം, ചിത്രം, കിരീടം, ആര്യൻ, റാംജിറാവു സ്പീക്കിങ്, ഹിസ്ഹൈനസ് അബ്ദുള്ള, ഇന്ദ്രജാലം, ഗോഡ്ഫാദർ, യോദ്ധ, ചമ്പക്കുളം തച്ചൻ, അദ്വൈതം, കിലുക്കം തുടങ്ങിയ ചിത്രങ്ങളിലെ മലയാളികളുടെ ഗൃഹാതുരത്വത്തെ തൊട്ടുണർത്തുന്ന നിരവധി ഗാനങ്ങൾ ഈ ഗായകന്റെ ശേഖരത്തിലുണ്ട്.