മലയാളികള്‍ക്ക് എം.ജി ശ്രീകുമാര്‍ എന്ന ഗായകനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളികള്‍ മൂളി നടക്കുന്ന, നിരവധി ഹിറ്റ് ഗാനങ്ങളുമായി അദ്ദേഹം നീണ്ട നാല് പതിറ്റാണ്ടുകളായി നമുക്കൊപ്പം ഉണ്ട്. അടിച്ചുപൊളി ഗാനങ്ങള്‍, മെലഡികള്‍, ക്ലാസിക്കല്‍ ഗാനങ്ങള്‍, ഭക്തി ഗാനങ്ങള്‍ തുടങ്ങി ഏത് തരത്തിലുള്ള ഗാനങ്ങളും അനായാസം പാടാനുള്ള അദ്ദേഹത്തിന് നിരവധി ആരാധകരുണ്ട്. കെജെ യേശുദാസ് കഴിഞ്ഞാല്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ കേട്ടിട്ടുള്ള ശബ്ദം എം.ജി ശ്രീകുമാര്‍ എന്ന ഗായകന്റേതാണ്.
മലയാളത്തിലെ ഒട്ടുമിക്ക എല്ലാ സംഗീത സംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിക്കാന്‍ എം.ജി ശ്രീകുമാര്‍ എന്ന ഗായകന് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ആദ്യമായി കിട്ടിയ നാഷണല്‍ അവാര്‍ഡ് ഗാനത്തിന് സംഗീതം ചെയ്തത് രവീന്ദ്രന് മാസ്റ്ററായിരുന്നു. രണ്ടാമത് പുരസ്കാരം കിട്ടിയ ഗാനം ചെയ്തത് മോഹന്‍ സിതാരയായിരുന്നു. അതുപോലെ തന്നെ എം.ജി ശ്രീകുമാര്‍ ആലപിച്ച അയ്യപ്പ ഭക്തി ഗാനങ്ങള്‍ക്കും വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. മണ്ഡലകാലമായാല്‍ എവിടെയും മുഴങ്ങി കേള്‍ക്കാറുള്ളത് എം.ജി ആലപിച്ച അയ്യപ്പ ഭക്ത ഗാനങ്ങളാണ്.
ഇപ്പോഴിതാ മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായി മാളികപ്പുറത്തെ കുറിച്ച് എംജി ശ്രീകുമാര്‍ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു മാളികപ്പുറം. കല്യാണി എന്ന എട്ടു വയസുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥ പറഞ്ഞ ചിത്രത്തിന് വന്‍ ജനപ്രീതീയാണ് ലഭിച്ചത്.
രഞ്ജിന് രാജാണ് സിനിമയിലെഗാനങ്ങള് ഒരുക്കിയിരുന്നത്. ഇപ്പോഴിതാ, മാളികപ്പുറം എന്ന സിനിമയെപ്പറ്റി കേള്‍ക്കുമ്പോള്‍ തനിക്ക് ദുഃഖമാണ് വരുന്നതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഗായകന് എം.ജി ശ്രീകുമാര്‍. അതിന് കാരണം രഞ്ജിന് രാജ് വിളിക്കാത്തതാണെന്നും അദ്ദേഹം വെളിപ്പെടുത്തി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ്ഗായകന്റെ പ്രതികരണം.
‘പണ്ടൊക്കെ പുരാണ ചിത്രങ്ങള്‍ക്ക് ഒരു കാലമുണ്ടായിരുന്നു. ഇന്ന് അതില്ല, പുരാണ ചിത്രങ്ങളെടുത്താല്‍ ഓടാറില്ല. പക്ഷെ മാളികപ്പുറം എന്ന പുരാണ ചിത്രം നന്നായി ഓടിയല്ലോ. മാളികപ്പുറം എന്ന് പറയുമ്പോള്‍ ചെറിയ ഒരു വിഷമം ഉണ്ട് എനിക്ക്. വേറൊന്നുമല്ല, മാളികപ്പുറം എന്ന സിനിമയില്‍ അയ്യപ്പന്റെ ഒരു പാട്ട് പാടണമെന്ന് എനിക്കൊരു ആഗ്രഹമുണ്ടായിരുന്നു. വേറെ പാട്ട് പാടണമെന്ന് എനിക്ക് അത്ര വലിയ ആഗ്രഹമൊന്നുമില്ല, എത്രയോ പാടിയിരിക്കുന്നു’.
‘എന്റെ തന്നെ ശിഷ്യനായിട്ടുള്ള ആളാണ് രഞ്ജിന് രാജ്. അദ്ദേഹത്തിന്റെ ആദ്യ ചിത്രത്തില്‍ പാടിയത് ഞാനും സുജാതയും കൂടിയാണ്. മാളികപ്പുറത്തിലും ഒരു പാട്ട് പാടണമെന്ന് പറഞ്ഞ് പ്രൊഡക്ഷന്‍ കണ്ട്രോളര് വിളിച്ചിരുന്നു. അതിന് മുമ്പ് ഇസ്റ്റ്കോസ്റ്റ് വിജയന് ചേട്ടനും പാട്ട് പാടാന്‍ വിളിച്ചിരുന്നു. അതും രഞ്ജിന് രാജിന്റെഗാനമായിരുന്നു. പക്ഷെ, പിന്നീട് വിളിച്ചില്ല. മാളികപ്പുറത്തിന് വേണ്ടി പാട്ട് പാടാന്‍ വിളിച്ചപ്പോള്‍ രഞ്ജിന് രാജിനോട് ഒന്ന് വിളിക്കാന്‍ പറയണമെന്ന് ഞാന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറോട് പറഞ്ഞിരുന്നു. നമുക്ക് പാടാന്‍ പറ്റുന്ന തരത്തിലുള്ളഗാനമാണോ എന്നറിയാന്‍ വേണ്ടിയായിരുന്നു. പക്ഷെ, അദ്ദേഹം വിളിച്ചില്ല’.
‘പിന്നീട് രഞ്ജിന് തന്നെയാണ് ആ പാട്ട് പാടിയത്. എന്താണ് അതിന് പിന്നില്‍ നടന്നതെന്ന് എനിക്ക് അറിയില്ല. അയ്യപ്പന്റെ പാട്ടായതുകൊണ്ട് എനിക്കത് ഒരു വിഷമമായി അവശേഷിക്കുന്നു. അയ്യപ്പനെ പ്രാര്‍ത്ഥിക്കുന്ന, അയ്യപ്പനെ വിശ്വസിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ എനിക്കത് വലിയ വിഷമമുണ്ടാക്കി. പക്ഷെ, ഞാനത് പറയാന്‍ ഒന്നും പോയില്ല’ എന്നും എം.ജി ശ്രീകുമാര്‍ പറഞ്ഞു.
അതേസമയം, അയ്യപ്പന് എം.ജിയുടെ ജീവിതത്തില്‍ വലിയൊരു സ്ഥാനമുണ്ടെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്. എല്ലാ സൗഭാഗ്യങ്ങളും അയ്യപ്പന്റെ അനുഗ്രഹമെന്നത് എം.ജി ശ്രീകുമാര്‍ എപ്പോഴും പറയാറുള്ള ഒന്നാണ്. ‘അയ്യപ്പന്റെ എത്ര പാട്ടുകളാണ് പാടിയതെന്ന് ഓര്‍മ്മയില്ല. 1987ന് മുമ്പ് ഒരുപാട് പാട്ടുകള്‍ ഞാന്‍ പാടിയിട്ടുണ്ട്. ദേവമുദ്ര എന്ന കാസറ്റിലാണ് ആദ്യമായി പത്ത് പാട്ടുകള്‍ പാടി ഇറക്കുന്നത്. അത് മുതല്‍ 2018 വരെ ഇറക്കിയ എല്ലാ ആല്‍ബങ്ങളിലും പാടി.
‘ഒരിക്കല്‍ അവിടെ നിന്നും പാടി തിരികെ ഇറങ്ങിയപ്പോള്‍ 80 വയസായ ഒരു മനുഷ്യനെ കണ്ടു.’ഒരു ചെറിയ തോര്‍ത്ത് മുണ്ടൊക്കെ ഉടുത്ത് തോളത്തും അതുപോലെ ഒരു മുണ്ട് ഒപ്പം ഇരുമുടികെട്ടും. അദ്ദേഹത്തിന് ഒട്ടും വയ്യ. ഇദ്ദേഹം ഒരു പടി മുന്നോട്ട് വെച്ചാല്‍ പുറകോട്ട് പോയി പോസ്റ്റിലേയ്ക്ക് ഇടിക്കുകയാണ് അത്രയും നടക്കാന്‍ വയ്യാത്ത ഒരാള്‍. ഞങ്ങള്‍ക്ക് പുള്ളിയുടെ ഭാഷയും മനസിലാകുന്നില്ല. പുള്ളിയെ അവിടെ ഇങ്ങനെ നിര്‍ത്തി പോരാനും തോന്നിയില്ല.’
‘ഞാന്‍ കൂടെ ഉണ്ടായിരുന്ന ആളുകളോട് പറഞ്ഞു നമുക്ക് പുള്ളിയെ മാക്സിമം താഴേയ്ക്ക് വരെ തൂക്കി പിടിച്ചായാലും എത്തിക്കാമെന്ന്. ഞങ്ങള്‍ മാറി മാറി പുള്ളിയെ ചുമന്ന് പമ്പാ ഗണപതിയുടെ സമീപം വരെ എത്തിച്ചു. താഴെ എത്തുമ്പോഴേക്കും നമ്മള് ആകെ തളര്‍ന്നു. അദ്ദേഹത്തെ ഒരു കലിങ്കില്‍ ഇരുത്തി ഞങ്ങള്‍ കട്ടന്‍ ചായ കുടിക്കാന്‍ പോയി തിരികെ വന്ന് നോക്കുമ്പോള്‍ അയാളെ കാണാന്‍ ഇല്ല. അവിടെയൊക്കെ അയാളെ നോക്കി കാണാന്‍ ഇല്ല. എനിക്ക് സത്യം പറഞ്ഞാല്‍ തോന്നുന്നത് ചെറിയ ഒരു ടാസ്ക്ക് അയ്യപ്പന് തന്ന പോലെയാണ്.’
