നർത്തകിയായും നടിയായും പ്രേക്ഷകർക്കേറെ സുപരിചിതയാണ് മേതിൽ ദേവിക. കഴിഞ്ഞ ദിവസം ഹേമകമ്മിറ്റി റിപ്പോർട്ട് ഉണ്ടാക്കിയ വിവാദങ്ങൾക്കിടെ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിനിമാ രംഗത്ത് മാറ്റങ്ങൾ അനിവാര്യമാണെന്ന് പറയുകയാണ് താരം. കഥ ഇന്നുവരെ എന്ന സിനിമയിലൂടെ സിനിമാ രംഗത്തേക്ക് കടന്ന് വരാനുള്ള തയ്യാറെടുപ്പുകൾക്കിടെയാണ് മേതിൽ ദേവികയുടെ പരാമർശം ശ്രദ്ധിക്കപ്പെടുന്നത്.
പണ്ടേ ഓഫറുകൾ വന്നതല്ലേ എന്തുകൊണ്ട് അന്ന് സിനിമകൾ ചെയ്തില്ലെന്ന് ഒരുപാട് പേർ ചോദിച്ചിട്ടുണ്ട്. എനിക്ക് താൽപര്യമുണ്ടായിരുന്നില്ല. കംഫർട്ടബിൾ അല്ലെന്ന് ഉള്ളിൽ തോന്നി. ഈ സിനിമ ചെയ്യാൻ കാരണം തനിക്ക് കംഫർട്ടബിൾ ആയ ടീമായിരുന്നു അത്. സിനിമാ രംഗത്തെ ഒരു നടനെ അവഗണിച്ചു എന്ന് പറഞ്ഞ് ഇന്ന് കിട്ടുന്ന പിന്തുണയുടെ പത്തിലൊരു അംശം പോലും ഡബ്ല്യുസിസിയ്ക്ക് ലഭിച്ചില്ല. ഞാൻ ഡബ്ല്യുസിസി അംഗമല്ല.
പക്ഷെ അവരുടെ ആശയങ്ങളെ താൻ അംഗീകരിക്കുന്നുണ്ട്. സിനിമാ രംഗത്തുള്ള താരങ്ങൾക്ക് ഹീറോയിസം ജീവിതത്തിലും കാണിക്കാം. അമ്മ സംഘടയുടെ ആശയങ്ങളുമായി താൻ ചേർന്ന് പോകുന്നില്ല. അതെന്റെ വിവരക്കേടായിരിക്കാം. വിവരക്കൂടുതൽ ആയിരിക്കാം. സിനിമാ രംഗത്തെ സംബന്ധിച്ച് താൻ പുറത്ത് നിന്നുള്ള ആളാണ്. പക്ഷെ ഞാനെരു ആർട്ടിസ്റ്റാണ്. എത്രയോ വർഷത്തെ അനുഭവമുണ്ട്. സ്റ്റേജിലെ ഡയരക്ടറാണ്.
അങ്ങനെ നിന്ന് കൊണ്ട് സിനിമാ രംഗത്തെ സാഹചര്യം കാണുമ്പോൾ എന്ത് നോൺ സെൻസാണെന്ന് തോന്നിയിട്ടുണ്ട്. ഒരു ഫിലിം കോൺട്രാക്ട് ഞാൻ കാണാനിടയായി. ഒരു ആർട്ടിസ്റ്റിനെ ബുക്ക് ചെയ്യുമ്പോൾ കരാറിൽ പലതും പണ്ടത്തെ സാധനങ്ങളാണ്. ഞാൻ ചെയ്ത സിനിമയുടെ കരാറിൽ കുറേ തിരുത്തലുകളുണ്ടായി. പലപ്പോഴും നിർമാതാക്കളും സംവിധായകരും ഇത് വായിക്കുന്നില്ല. അവരാെന്നും വിചാരിച്ചിട്ടായരിക്കില്ല.
എനിക്ക് തന്ന കരാർ വായിച്ചപ്പോൾ അതിൽ ഒരുപാട് ക്ലോസുകളിൽ വേർതിരിവ് ഉൾച്ചേർന്നിട്ടുണ്ട്. അതൊക്കെ ഞാൻ മാറ്റിച്ചു. അവരതിന് റെഡിയായിരുന്നു. മാം ഒന്ന് നിർദ്ദേശിക്കെന്ന് നിർമാതാവ് പറഞ്ഞു. ക്രിയേറ്റീവായി വർക്ക് ചെയ്യണമെങ്കിൽ അങ്ങനെയാരു അന്തരീക്ഷമുണ്ടാക്കണമെന്നും മേതിൽ ദേവിക പറഞ്ഞു.
ദേശീയ പുരസ്‌കാരം നേടിയ ‘മേപ്പടിയാൻ’ എന്ന ഉണ്ണിമുകുന്ദൻ ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു മോഹന്റെ പുതിയ സിനിമയിലാണ് നായികയായി ദേവിക എത്തുന്നത്. ‘കഥ ഇന്ന് വരെ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ബിജു മേനോൻ ആണ് നായകൻ. നമ്മുടെ സൗകര്യവും സമയവും ഏറെ പ്രധാനപ്പെട്ടതാണ് സിനിമയിൽ.
നാഷണൽ അവാർഡ് വിന്നറായ വിഷ്ണു മോഹൻ ഇങ്ങനെയൊരു അവസരം തന്നതിൽ സന്തോഷമുണ്ട്. എന്റെ ഡാൻസ് പ്രാക്ടീസും പരിപാടികളുമെല്ലാം പരിഗണിച്ചാണ് അദ്ദേഹം എന്നെ ഈ പ്രൊജക്ടിലേക്ക് ക്ഷണിച്ചത്. ഒരുപാട് സന്തോഷത്തോടെ ഞാൻ ഇത് നിങ്ങളുമായി പങ്കിടുന്നുവെന്നാണ് സിനിമയിലേയ്ക്കുള്ള തന്റെ വരവ് മേതിൽ ദേവിക അറിയിച്ചത്.
ക്ലാസിക്കൽ നർത്തകിയായ മേതിൽ ദേവികയ്ക്ക് രണ്ടു ദേശീയ പുരസ്‌കാരങ്ങൾ, കേരളം സംഗീത നാടക അക്കാദമിയുടേതടക്കം രണ്ടു സംസ്ഥാന പുരസ്‌കാരങ്ങൾ, ‘സർപ്പതത്വം’ എന്ന ആർക്കൈവൽ ചിത്രത്തിന് ലഭിച്ച ഓസ്‌കാർ കണ്ടെൻഷൻ എന്നിവ ലഭിച്ചിട്ടുണ്ട്. ഐഎസ്ആർഓയുടെ കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി നിന്നും പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ് ലഭിക്കുന്ന ആദ്യ നർത്തകിയാണ് മേതിൽ ദേവിക. കല ശാസ്ത്രവുമായി കോർത്തിണക്കി ദേവികയുടെ ആശയത്തിൽ നടക്കുന്ന ഒരു പഠനമാണ് ഇത്.