മലയാളുകളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവസ്മരണീയമാക്കിയ താരത്തിന് ആരാധകർ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. വലിയൊരു ആരാധകവൃന്തം തന്നെ മോഹൻലാലിനുണ്ട്. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ മനസ്സിനെ കീഴടക്കാൻ മോഹൻലാൽ എന്ന നടന് അധികം കാലതാമസം ഒന്നും വേണ്ടി വന്നില്ല. നടനായും സംവിധായകനായും എല്ലാം അദ്ദേഹം മോളിവുഡിന്റെ അഭിമാനമായി നിലനിൽക്കുകയാണ്.
ഇപ്പോഴിതാ മോഹൻലാലിന് സമ്മാനവുമായി എത്തിയിരിക്കുകയാണ് ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി. മെസിയുടെ ഓട്ടോഗ്രാഫ് പതിഞ്ഞ ജേഴ്‌സിയാണ് മോഹൻലാലിന് സമ്മാനമായി ലഭിച്ചിരിക്കുന്നത്. മോഹൻലാൽ തന്നെയാണ് ഈ സന്തോഷ വാർത്ത തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പ്രേക്ഷകർക്കായി പങ്കുവച്ചത്.
‘പ്രിയപ്പെട്ട ലാലേട്ടന്’ എന്നെഴുതിയാണ് മെസി ജേഴ്‌സിയിൽ കയ്യൊപ്പ് പതിത്. ഇതിന്റെ വീഡിയോ ഉൽപ്പെടെയാണ് മോഹൻലാൽ പങ്കുവച്ചിരിക്കുന്നത്. ജേഴ്സിയുമായി നിൽക്കുന്ന മോഹൻലാലിനെയും വീഡിയോയിൽ കാണാം. ജീവിതത്തിലെ ചില നിമിഷങ്ങൾ വാക്കുകൾക്ക് അതീതമാണ്. അവ എന്നെന്നേക്കും നിങ്ങൾക്കൊപ്പമുണ്ടാകും.
ഇന്ന് ഞാൻ അങ്ങനെയൊരു നിമിഷത്തിലൂടെ കടന്നുപോയി. എനിക്ക് കിട്ടിയ സമ്മാനപ്പൊതി പതുക്കെ ഞാൻ തുറന്നു. എന്റെ ഹൃദയം നിലച്ചുപോയി. ഇതിഹാസ താരം ലയണൽ മെസി ഒപ്പുവച്ച ജേഴ്സി. അതിൽ എന്റെ പേരും എഴുതിയിട്ടുണ്ടായിരുന്നു. മെസിയുടെ മൈതാനത്തെ മിടുക്കിനെ മാത്രമല്ല, അദ്ദേഹത്തിന്റെ ദയയും വിനയവുമെല്ലാം കണ്ട് ഏറെക്കാലമായി അദ്ദേഹത്തെ ആരാധിക്കുന്ന ഒരാൾക്ക് ഇത് ശരിക്കും സവിശേഷമായ ഒന്നാണ്.
എന്റെ സുഹൃത്തുക്കളായ ഡോ, രാജീവ് മാങ്കോട്ടിലും രാജേഷ് ഫിലിപ്പും ഇല്ലായിരുന്നെങ്കിൽ ഈ അവിശ്വസിനീയമായ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദിയറിയിക്കുന്നു. എല്ലാത്തിനുമുപരിയായി, മറക്കാനാകാത്ത ഈ സമ്മാനത്തിന് ദൈവത്തോട് നന്ദി പറയുന്നു എന്നാണ് മോഹൻലാൽ കുറിച്ചിരിക്കുന്നത്.
ഡോക്ടർ രാജീവ് മാങ്കോട്ടിൽ, രാജേഷ് ഫിലിപ്പ് എന്നിവരാണ് ഇത്തരത്തിൽ ഒരപൂർവമായ സമ്മാനം മോഹൻലാലിനായി ഒരുക്കിയത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ഹൃദയപൂർവം’ എന്ന സിനിമയുടെ സെറ്റിലെത്തിയാണ് ജേഴ്‌സി ഇവർ മോഹൻലാലിന് കൈമാറിയത്. രണ്ടാളും ഒരുമിക്കുന്ന 20-ാമത്തെ സിനിമയാണിത്. ഈ സിനിമ നിർമിക്കുന്നത് ആശീർവാദ് സിനിമാസ് ആണ്.