സുരേഷ് ഗോപിയുടെ മൂസയുടെ പേര് മാറ്റി; ഇനി മുതല്‍ മലപ്പുറം മൂസ!

പട്ടാളക്കാരന്‍ മൂസയായി സുരേഷ് ഗോപി എത്തിയ ചിത്രമായിരുന്നു മേം ഹൂം മൂസ. സെപ്തംബര്‍ 30 ന് തിയേറ്ററിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രീതി തന്നെയാണ് ലഭിക്കുന്നത്. കുടുംബപ്രേക്ഷകരുടെയും യുവാക്കളുടെയും മനം കവര്‍ന്ന ചിത്രത്തിന്റേതായി പുറത്തെത്തിയ പുതിയ വിശേഷമാണ് ഇപ്പോള്‍ ആരാധകരുടെ മനം കവരുന്നത്.

ചിത്രത്തിന്റെ മേം ഹൂം മൂസ എന്ന പേര് മാറ്റിയിരിക്കുകയാണ്. ഇത് സംബന്ധിച്ച പോസ്റ്ററുകള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. പുതിയ പോസ്റ്ററുകളില്‍ ‘മലപ്പുറം മൂസ’ എന്നാണ്. നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ക്ക് കൊണ്ട് പൊതിഞ്ഞ ആനുകാലിക പ്രസക്തിയുള്ള നല്ലൊരു സിനിമ തന്നെയാണ് മേം ഹൂം മൂസ.

മൂസ എന്നൊരു പട്ടാളക്കാരന്റെ കഥയാണ്. രാജ്യത്തിന് വേണ്ടി യുദ്ധത്തില്‍ വീര മൃത്യു വരിച്ചു എന്ന് നാട് മൊത്തം വിശ്വസിച്ചിരുന്ന മൂസ വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ നാട്ടിലേക്ക് ജീവനോടെ മടങ്ങിയെത്തുകയാണ്. ഇതേ തുടര്‍ന്ന് സംഭവിക്കുന്ന രസകരമായ സംഭവങ്ങളാണ് മേ ഹൂം മൂസയിലൂടെടെ നമുക്ക് കാണാനാവുക.

ലോകത്ത് നടക്കുന്ന സംഭവങ്ങള്‍ ഒന്നും അറിയാതെ കഴിഞ്ഞ മൂസ പിന്നീട് ആധുനിക ലോകത്തേക്ക് കടന്നു വരുമ്പോളുണ്ടാകുന്ന കാര്യങ്ങള്‍ ഒരേ സമയം നമ്മളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും. താന്‍ സ്ഥിരം ചെയ്യുന്ന തരം റോള്‍ അല്ലാഞ്ഞിട്ട് കൂടി മൂസ എന്ന കഥാപാത്രത്തെ അതിന്റെ പൂര്‍ണതയില്‍ എത്തിക്കാന്‍ സുരേഷ് ഗോപിക്ക് കഴിഞ്ഞുവെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

3 വ്യത്യസ്ഥ കാലഘട്ടത്തില്‍ 3 വ്യത്യസ്ഥ ഗെറ്റപ്പുകളിലാണ് സുരേഷ് ഗോപി എത്തുന്നത്. 1998 മുതല്‍ 2018 വരെയുള്ള കാലഘട്ടമാണ് സിനിമയുടെ കഥാപശ്ചാത്തലം. തന്റെ മുന്‍ ചിത്രങ്ങളിലേതുപോലെ നര്‍മ്മത്തിന്റെ മേമ്പൊടി ഉണ്ടെങ്കിലും ഗൗരവമുള്ള വിഷയമാണ് ചിത്രം സംസാരിക്കുന്നതെന്നും ജിബു ജേക്കബ് വ്യക്തമാക്കിയിരുന്നു. സുരേഷ് ഗോപിയുടെ കരിയറിലെ 253ാം സിനിമയാണ് മേ ഹൂം മൂസ.

രചന രൂബേഷ് റെയിന്‍, ഛായാഗ്രഹണം വിഷ്ണു നാരായണന്‍, സംഗീതം ശ്രീനാഥ് ശിവശങ്കരന്‍, എഡിറ്റിംഗ് സൂരജ് ഇ എസ്, കലാസംവിധാനം സജിത്ത് ശിവഗംഗ, വരികള്‍ സജ്ജാദ്, റഫീഖ് അഹമ്മദ്, ഹരിനാരായണന്‍, വസ്ത്രാലങ്കാരം നിസാര്‍ റഹ്മത്ത്, മേക്കപ്പ് പ്രദീപ് രംഗന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് ഭാസ്‌കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് ചന്ദിരൂര്‍, അസോസിയേറ്റ് ഡയറക്ടേഴ്‌സ് ഷാബില്‍, സിന്റോ, ബോബി, സ്റ്റില്‍സ് അജിത്ത് വി ശങ്കര്‍, ഡിസൈന്‍ ഏസ്‌തെറ്റിക് കുഞ്ഞമ്മ.

Vijayasree Vijayasree :