നാല്പത് ദിവസങ്ങള്‍ കൂടിയേ ജീവിച്ചിരിക്കൂവെന്ന് ഡോക്ടര്‍മാര്‍; മരണത്തിന് കീഴടങ്ങി ബോളിവുഡ് നടന്‍ മെഹമൂദ് ജൂനിയര്‍

തന്റേതായ ശൈലിയിലൂടെ സിനിമാ പ്രേമികളെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ച പ്രശസ്ത ബോളിവുഡ് നടനും ഗായകനുമാണ് മെഹമൂദ് ജൂനിയര്‍ എന്നറിയപ്പെടുന്ന നയീം സയ്യിദ്. ആരാധകരെ കണ്ണീരിലാഴ്ത്തി അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തെത്തുന്നത്. 67കാരനായ മെഹമൂദ് അര്‍ബുദബാധിതനായിരുന്നു.

മെഹമൂദ് ജൂനിയറിന്റെ മരണവാര്‍ത്ത അടുത്ത സുഹൃത്തായ സലാം കാസി ആണ് സ്ഥിരീകരിച്ചത്. ഒരുമാസം മുമ്പാണ് സംവിധായകന്‍ കൂടിയായ താരത്തിന് അര്‍ബുദമാണെന്ന് കണ്ടെത്തിയത്.

പക്ഷേ അപ്പോഴേക്കും രോഗം ശ്വാസകോശത്തേയും മറ്റ് ആന്തരികാവയവങ്ങളേയും ബാധിച്ചിരുന്നു. നാല്പത് ദിവസങ്ങള്‍ കൂടിയേ മെഹമൂദ് ജീവിച്ചിരിക്കൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നതായും സലാം കാസി പറഞ്ഞു. ഏഴു ഭാഷകളിലായി 250ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് മെഹമൂദ് ജൂനിയര്‍. ആറ് മറാഠി ചിത്രങ്ങള്‍ നിര്‍മിക്കുകയും സംവിധാനംചെയ്യുകയും ചെയ്തു.

1967ല്‍ പുറത്തിറങ്ങിയ നൗനിഹാലില്‍ ബാലതാരമായാണ് സിനിമാജീവിതം തുടങ്ങിയത്. കാരവന്‍, ജുദായി, ദാദാ?ഗിരി, ഹാഥി മേരേ സാഥി, മേരാ നാം ജോക്കര്‍ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചില ചിത്രങ്ങള്‍. പ്യാര്‍ കാ ദര്‍ദ് ഹേ മീഠാ മീഠാ പ്യാരാ പ്യാരാ, ഏക് റിഷ്താ സഝേധാരി കാ, തെനാലി രാമ എന്നീ ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.

Vijayasree Vijayasree :