മേഘനാഥൻ ഇനി ഓർമ; ഷൊർണൂരിലെ തറവാട്ടിൽ സംസ്കാര ചടങ്ങുകൾ‌ നടന്നു!

പ്രേക്ഷകർക്കേറെ സുപരിചിതനാണ് ബാലൻ കെ നായരുടെ മകനും നടനുമായ മേഘനാഥൻ. വ്യാഴാൻ്ച പുലർച്ചെയായിരുന്നു അന്ത്യം സംഭവിച്ചത്. കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം.

ഇപ്പോഴിതാ അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ ഷൊർണൂരിലെ അദ്ദേഹത്തിന്റെ തറവാട്ടിൽ നടന്നു. വീട്ടുവളപ്പിൽ അച്ഛൻ ബാലൻ കെ നായരും സഹോദരനും അന്ത്യവിശ്രമം കൊള്ളുന്ന ഭാ​ഗത്ത് തന്നെയാണ് മേഘനാഥന്റെ സംസ്കാരവും നടന്നത്. സിനിമ- ടെലിവിഷൻ, രാഷ്‌ട്രീയ മേഖലകളിൽ നിന്നും നിരവധി പേരാണ് അന്തിമോപചാരം അർപ്പിക്കാനായി എത്തിയത്.

ഏകദേശം അമ്പതിലധികം സീരിയലുകളിലും സിനിമകളിലും മേഘനാഥൻ അഭിനയിച്ചിട്ടുണ്ട്. 1980ൽ പി.എൻ.മേനോൻ സംവിധാനം ചെയ്‌ത ‘അസ്‌ത്രം’ എന്ന ചിത്രത്തിൽ സ്‌റ്റുഡിയോ ബോയിയെ അവതരിപ്പിച്ചാണ് മേഘനാഥൻ സിനിമാ രംഗത്തേയ്ക്കു പ്രവേശിച്ചത്.

പഞ്ചാഗ്നി, ചമയം, രാജധാനി, ഭൂമിഗീതം, ചെങ്കോൽ, മലപ്പുറം ഹാജി മഹാനായ ജോജി, പ്രായിക്കര പാപ്പാൻ, ഉദ്യാനപാലകൻ, ഈ പുഴയും കടന്ന്, ഉല്ലാസപ്പൂങ്കാറ്റ്, രാഷ്ട്രം, കുടമാറ്റം, വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും, വാസ്തവം, ആക്‌ഷൻ ഹീറോ ബിജു എന്നിവയാണ് പ്രധാന ചിത്രങ്ങൾ. ജീത്തു ജോസഫ് സംവിധാനം ചെയ്‌ത കൂമൻ എന്ന ചിത്രത്തിലാണ് അവസാനമായി മേഘനാഥൻ അഭിനയിച്ചത്.

പറയാൻ ബാക്കി വച്ചത്, സ്‌നേഹാജ്ഞലി, മേഘജീവിതം, സ്ത്രീത്വം, കഥയറിയാതെ, ധനുമാസപ്പെണ്ണ്, ചന്ദ്രേട്ടനും ശോഭേട്ടത്തിയും തുടങ്ങിയവയാണ് മേഘനാഥൻ അഭിനയിച്ച പ്രധാനപ്പെട്ട സീരിയലുകൾ. കൂടാതെ ടെലിഫിലിമുകളിലും അദ്ദേഹം വേഷമിട്ടിരുന്നു. കരിയറിന്റെ തുടക്കകാലത്ത് വില്ലൻ വേഷങ്ങളിലാണ് കൂടുതലായി തിളങ്ങിയിരുന്നത്.

എന്നാൽ അടുത്ത കാലത്തായി സ്വഭാവ വേഷങ്ങൾ കൂടി അദ്ദേഹത്തിന് ലഭിച്ചിരുന്നു. തിരുവനന്തപുരം സ്വദേശിയാണ് മേഘനാഥൻ. ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നായിരുന്നു അദ്ദേഹത്തിന്റെ പഠനം. ഓട്ടോമൊബൈൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ പൂർത്തിയാക്കിയിരുന്നു. ഇതിന് ശേഷമാണ് സിനിമയിലേക്ക് കടന്നുവന്നത്.

Vijayasree Vijayasree :