മീശമാധവൻ വീണ്ടും തിയേറ്ററുകളിലേയ്ക്ക്?; സൂചന നൽകി നിർമാതാവ് സുധീഷ്

ദിലീപിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് 2002ൽ പുറത്തെത്തിയ മീശമാധവൻ. ദിലീപും കാവ്യ മാധവനും ഒന്നിച്ചഭിനയിച്ച സിനിമകളിൽ ബോക്സ്ഓഫിസ് റെക്കോർ‍ഡുകൾ തിരുത്തിക്കുറിച്ച ചിത്രം കൂടിയായിരുന്നു ഇത്. ഇന്നും ടെലിവിഷനിൽ സംപ്രേഷണം ചെയ്യുമ്പോൾ മടുപ്പില്ലാതെ എല്ലാവരും കാണുന്ന ചിത്രം.

ഇന്നും ഇതിലെ പാട്ടുകൾ‌ക്കും കഥാപാത്രങ്ങൾക്കും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ മീശ മാധവൻ വീണ്ടും തിയേറ്ററിലേയ്ക്ക് എത്തുന്നുവെന്നുള്ള വിവരമാണ് പുറത്തെത്തുന്നത്. നിർമാതാക്കളിൽ ഒരാളായ സുധീഷ് ആണ് സിനിമ വീണ്ടും തിേയറ്ററുകളിലേയ്ക്ക് എത്തുന്നുവെന്ന സൂചന നൽകിയത്.

4K റി റിലീസിന് ചിത്രം ആലോചിക്കുന്നുണ്ടെന്നും എല്ലാവരുടെയും പ്രാർത്ഥനയുണ്ടെങ്കിൽ എല്ലാം നടത്തിയെടുക്കാം എന്നുമായിരുന്നു സുധീഷ് പറഞ്ഞത്. ലാൽ ജോസ് ആയിരുന്നു ചിത്രത്തിന്റെ സംവിധാനം. മീശമാധവന് മുൻപ് പുറത്തിറങ്ങിയ രണ്ടാം ഭാവം പരാജയമായതിനാൽ നിർമാതാക്കളൊന്നും ഈ സിനിമ ഏറ്റെടുക്കുന്നുണ്ടായിരുന്നില്ല.

സിനിമയുടെ അണിയറപ്രവർത്തകരിൽ വിശ്വാസമില്ലെന്ന് പറഞ്ഞായിരുന്നു പല നിർമാതാക്കളും കയ്യൊഴിഞ്ഞതെന്നും ലാൽ ജോസ് പലപ്പോഴായി പറഞ്ഞിട്ടുണ്ടായിരുന്നു. ഒടുക്കം ദിലീപിന്റെ സുഹൃത്തുക്കളായ സുബൈറും സുധീഷുമാണ് ഒടുവിൽ ചിത്രം നിർമിച്ചത്. രഞ്ജൻ പ്രമോദ് ആയിരുന്നു തിരക്കഥ.

Vijayasree Vijayasree :