ഞങ്ങളുടെ ജീവിതവും സ്‌നേഹവും നിങ്ങളുടെ പുഞ്ചിരി പോലെ മനോഹരമാകും; ഭർത്താവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മീര വാസുദേവ്

മലയാളികൾക്ക് സുപരിചിതയായ നടിയാണ് മീര വാസുദേവ്. മോഹൻലാലിന്റെ നായികയായി തന്മാത്ര എന്ന ചിത്രം മാത്രം മതി മീരയെ പ്രേക്ഷകർ ഓർത്തിരിക്കാൻ. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചുവെങ്കിലും ടെലിവിഷനിലൂടെയുള്ള തിരിച്ചുവരവിലാണ് മീര താരമായി മാറുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ 21-നായിരുന്നു നടിയുടെ മൂന്നാം വിവാഹം നടന്നത്. നടി അഭിനയിച്ചിരുന്ന കുടുംബവിളക്ക് എന്ന സീരിയലിന്റെ ഛായാഗ്രാഹകനും മലയാളിയുമായ വിപിൻ പുതിയങ്കമാണ് മീരയെ വിവാഹം ചെയ്തത്.

ഈ വിശേഷങ്ങൾ പങ്കുവെച്ചത് മുതൽ പരിഹാസങ്ങളും നേരിടേണ്ടതായി വന്നിരുന്നു. ഇപ്പോഴിതാ ഭർത്താവിനൊപ്പം പ്രണയനിമിഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് മീര. പരസ്പരം കെട്ടിപ്പിടിച്ച് അതീവ സന്തോഷത്തോടെ ഇരിക്കുന്ന ഫോട്ടോയാണ് താരങ്ങൾ പങ്കുവെച്ചത്. വാലന്റൈൻസ് ദിനത്തോട് അനുബന്ധിച്ചാണ് തങ്ങളുടെ പ്രണയത്തെയും ജീവിതത്തെ കുറിച്ചും പറഞ്ഞാണ് വിപിൻ എത്തിയത്. ‘ഞങ്ങളുടെ ജീവിതവും സ്‌നേഹവും നിങ്ങളുടെ പുഞ്ചിരി പോലെ മനോഹരമാകും.’ എന്നാണ് ചിത്രങ്ങൾക്ക് കൊടുത്തിരിക്കുന്ന ക്യാപ്ഷൻ.

പാലക്കാട് ആലത്തൂർ സ്വദേശിയാണ് വിപിൻ. കുടുംബ വിളക്കെന്ന പരമ്പരയിലെ മീരയുടെ സുമിത്ര എന്ന കഥാപാത്രം മിനിസ്ക്രീനിൽ താരത്തിന് നിരവധി ആരാധകരെ നേടികൊടുത്തിരുന്നു. ഈ സീരിയലിലെ ക്യാമറ നിർവഹിച്ചിരിക്കുന്നത് വിപിൻ പുതിയങ്കമാണ്. ഈ ബന്ധമാണ് സൗഹൃദത്തിലേക്കും ഇപ്പോൾ വിവാഹത്തിലേക്കും എത്തിയത് എന്ന് മീര പറഞ്ഞിരുന്നു.

വിവാഹ ചടങ്ങിൽ ഇരുവരുടേയും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമേ പങ്കെടുത്തിരുന്നുള്ളൂ. 42 കാരിയായ മീര വാസുദേവിന്റെ മൂന്നാം വിവാഹമാണിത്. അരീഹ എന്നു പേരുള്ള ഒരും മകനും താരത്തിനുണ്ട്. വിശാൽ അഗർവാളുമായി 2005 ൽ ആയിരുന്നു ആദ്യ വിവാഹം. 2010 ജൂലൈയിൽ ഈ ബന്ധം പിരിഞ്ഞു. പിന്നീട് 2012 ൽ നടൻ ജോൺ കൊക്കനെ വിവാഹം കഴിച്ചു. ഈ ബന്ധം 2016 ലാണ് പിരിഞ്ഞത്.

രണ്ടാം വിവാഹ ബന്ധത്തിലാണ് മകനുള്ളത്. തന്റെ രണ്ട് വിവാഹ ബന്ധങ്ങളുടേയും തകർച്ചയെ കുറിച്ച് മീര ഒരിക്കൽ പറഞ്ഞിരുന്നു. ആദ്യ ഭർത്താവിൽ നിന്ന് ശാരീരികവും മാനസികവുമായ ഉപദ്രവങ്ങൾ ഉണ്ടായിരുന്നു എന്ന് മീര പറഞ്ഞിരുന്നു. ഇതിന്റെ പേരിൽ പൊലീസ് പ്രൊട്ടക്ഷൻ വരെ തേടിയിട്ടുണ്ട്. മാനസികമായി പൊരുത്തപ്പെടാൻ സാധിക്കാത്തത് കൊണ്ടാണ് രണ്ടാം വിവാഹ ബന്ധം വേർപിരിഞ്ഞത് എന്നും മീര പറഞ്ഞിരുന്നു.

വിവാഹമോചനം കരിയറിനെ ബാധിച്ചുവോ എന്ന ചോദ്യത്തിന് ഞാൻ അത് ഒരു നഷ്ടമായി കാണുന്നില്ലെന്നാണ് നടി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നത്. ആ അനുഭവത്തിൽ നിന്നും ഞാൻ ഒരുപാട് പഠിച്ചിട്ടുണ്ട്. എനിക്ക് അതിൽ ഒരു സങ്കടവും ഇല്ല. നല്ല ഒരു നടിയാകാനും നല്ല ഒരു വ്യക്തിയാക്കാനുമുള്ള അനുഭവം ഞാൻ നേടി അതിൽ നിന്നെന്നാണ് താരം പറയുന്നത്.

2003 ലാണ് മീര സിനിമ അഭിനയത്തിലേക്ക് എത്തുന്നത്. പ്യാർ കാ സൂപ്പർ ഹിറ്റ് ഫോർമുല എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് തുടക്കം. അതേ വർഷം ഉന്നൈ സരണടയിൻന്തേൻ എന്ന തമിഴ് ചിത്രത്തിലും ഗോൽമാൽ എന്ന തെലുങ്കു ചിത്രത്തിലും നായികയായി. ഉന്നൈ സരണടയിൻന്തേൻ എന്ന ചിത്രത്തിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച നടിയ്ക്കുള്ള തമിഴ്‌നാട് സർക്കാരിന്റെ സ്‌പെഷൽ ജൂറി അവാർഡ് ലഭിച്ചു.

ഇതോടെ തെന്നിന്ത്യയിൽ താരം ശ്രദ്ധിക്കാൻ തുടങ്ങി. 2005 ൽ തന്മാത്ര എന്ന സിനിമയിൽ മോഹൻലാലിന്റെ നായികയായി മലയാളത്തിൽ എത്തി. ഈ ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. തൻമാത്രയ്ക്ക് ശേഷം ഒരുവൻ, ഏകാന്തം, വാൽമീകം, പച്ചമരണത്തണലിൽ,ഓർക്കുക വല്ലപ്പോഴും, 916, കാക്കി, ഗുൽമോഹർ തുടങ്ങിയ സിനിമകളിലും മീര വാസുദേവ് അഭിനയിച്ചിരുന്നു. എന്നാൽ ഈ സിനിമകളിലൊന്നും ശ്രദ്ധിക്കപ്പെടുന്ന വേഷം ലഭിക്കാതിരുന്നത് മീരയുടെ കരിയറിനെ സാരമായി ബാധിച്ചു. ഇരുപതിലധികം മലയാള ചിത്രങ്ങളിലും നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിലും മീര വേഷമിട്ടിട്ടുണ്ട്.

Vijayasree Vijayasree :