പ്രശസ്ത ബ്രിട്ടീഷ് ഗായികയും നടിയുമായ മാരിയാൻ ഫെയ്ത്ത്ഫുൾ അന്തരിച്ചു. 78 വയസായിരുന്നു പ്രായം. വാർധക്യ സഹചമായ അസുഖങ്ങളെ തുടർന്ന് ലണ്ടനിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ബുലിമിയ, സ്താനാർബുദം, എംഫിസിമ തുടങ്ങി വിവിധരോഗങ്ങൾ അലട്ടിയിരുന്ന മരിയാന 2020-ൽ കോവിഡ് ബാധയെ തുടർന്ന് 22 ദിവസത്തോളം ആശുപത്രിയിൽ കഴിഞ്ഞു.
അതിജീവിക്കാനുള്ള സാധ്യത കുറവാണെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നെങ്കിലും രോഗമുക്തി നേടി. 1946 ഡിസംബർ 29-ന് ആണ് മാരിയാന്റെ ജനനം. 1960-കളിലാണ് പോപ്പ് ഗാനരംഗത്ത് ശ്രദ്ധേയ ആകുന്നത്. സംഗീതത്തിനൊപ്പം തന്നെ അഭിനയത്തെയും മാരിയാൻ നെഞ്ചോട് ചേർത്ത് വെച്ചിരുന്നു.
അബ്‌സല്യൂട്ട്‌ലി ഫാബുലസ് എന്ന സിറ്റ്‌കോമിന്റെ രണ്ട് എപ്പിസോഡുകളിൽ പ്രത്യക്ഷപ്പെട്ട മാരിയാൻ, ദ ബ്ലാക്ക് റൈഡറിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. 2009-ൽ വിമൻസ് വേൾഡ് അവാർഡ്‌സിൽ വേൾഡ് ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡിന് മാരിയാൻ അർഹയായി. മൂന്നുവട്ടം വിവാഹിതയായിട്ടുണ്ട്.