കഴിഞ്ഞ വർഷം അവസാനം ഉണ്ണി മുകുന്ദൻ നായകനായി പുറത്തെത്തിയ ചിത്രമായിരുന്നു മാർക്കോ. ഇപ്പോഴിതാ ഈ ചിത്രം കാണാൻ പോയപ്പോഴുള്ള തന‍്റെ അനുഭവം പങ്കുവെച്ച് എത്തിയിരിക്കുകായാണ് തെലുങ്ക് യുവനടൻ കിരൺ അബ്ബാവരം. സിനിമ തീരും മുന്നേ ഇറങ്ങിപ്പോവേണ്ടി വന്നുവെന്നാണ് നടൻ പറയുന്നത്.
ഞാൻ മാർക്കോ കണ്ടു. പക്ഷേ മുഴുവൻ കാണാൻ സാധിച്ചില്ല. അമിതമായ വയലൻസായതിനാൽ ഗർഭിണിയായ എന്റെ ഭാര്യയ്ക്ക് മാർക്കോ കണ്ടുകൊണ്ടിരിക്കാൻ പറ്റിയില്ല. തീരെ പറ്റാതായപ്പോൾ സിനിമ തീരും മുൻപേ ഇറങ്ങിപ്പോരുകയായിരുന്നു. അ ക്രമം കുറച്ച് കൂടുതലായാണ് തോന്നിയത്. അവൾക്കും സിനിമ സുഖകരമായി തോന്നിയില്ല.
സിനിമകൾ പ്രേക്ഷകരിൽ സ്വാധീനം ചെലുത്താറുണ്ട്. നമ്മൾ കാണുന്നതെന്തും കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും നമുക്കുള്ളിൽ നിലനിൽക്കും. എല്ലാവരുടെയും ചിന്താഗതി ഒരുപോലെയാകില്ല, സിനിമയെ സിനിമയായി കാണുന്നവരുണ്ട്. അതിൽ നിന്ന് എന്തെങ്കിലും മനസ്സിലാക്കുന്നവരുമുണ്ട്. എന്റെ ടീനേജിൽ ഞാനും സ്വാധീനിക്കപ്പെട്ടിട്ടുണ്ടെന്നും കിരൺ പറഞ്ഞു.
ക്യൂബ്‌സ് എൻറർടെയ്ൻമെൻറ്സിൻറെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ‘മാർക്കോ’ ലോകമാകെ തരംഗമായിരുന്നു. ഹെവി മാസ് വയലൻസ് മൂവി എന്നാണ് ഏവരും ചിത്രത്തെ വാഴ്ത്തുന്നത്. കിടിലൻ ആക്ഷൻ സീനുകളും മറ്റുമായി ബോളിവുഡ് പ്രേക്ഷകരെ വരെ ചിത്രം പിടിച്ചിരുത്തിയിരുന്നു.
ബോളിവുഡിലേയും, കോളിവുഡിലേയും മികച്ച ആക്ഷൻ കോറിയോഗ്രാഫറായ കലൈകിംഗ്സൺസ് ആണ് ഈ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. കെ.ജി.എഫ്,സലാർ ഉൾപ്പടെ വൻകിട ചിത്രങ്ങൾക്ക് സംഗീതമൊരുക്കിയ രവി ബ്രസൂറിൻ്റെ സംഗീതവും ഈ ചിത്രത്തിൻ്റെ ഹൈലൈറ്റാണ്.
മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക് കന്നഡ ഭാഷകളിലും ഒരുപോലെയാണ് റിലീസിനെത്തിയത്. മലയാളത്തിലെ മറ്റൊരു 100 കോടി ചിത്രമെന്ന നേട്ടവും മാർക്കോയ്ക്ക് വന്ന് ചേർന്നിരുന്നു. ഒപ്പം പല കോണിൽ നിന്നും വിവാദങ്ങളും ചിത്രത്തിന് നേരെ വന്നിരുന്നു. സമൂഹത്തിൽ നടക്കുന്ന പല അതിക്രമങ്ങൾക്കും കാരണം മാർക്കോ പോലുള്ള ചിത്രങ്ങളാണെന്നായിരുന്നു വിമർശനം.