ഉണ്ണി മുകുന്ദൻ നായകനായി പുറത്തെത്തി തിയേറ്ററുകൾ നിറഞ്ഞോടുന്ന ചിത്രമാണ് മാർക്കോ. ഇപ്പോഴിതാ മാർക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവത്തിൽ ആലുവ സ്വദേശിയെ അറസ്റ്റ് ചെയ്തു. അക്വിബ് ഫനാൻ ആണ് സൈബർ സെല്ലിന്റെ അറസ്റ്റിലായത്. ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് വ്യാജ പതിപ്പ് പ്രചരിപ്പിച്ചത്. പ്രൈവറ്റ് മെസേജ് അയച്ചാൽ സിനിമയുടെ ലിങ്ക് അയച്ചുനൽകാമെന്നായിരുന്നു വാഗ്ദാനം.
വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി സിനിമയുടെ നിർമാതാവ് ഷെരീഫ് മുഹമ്മദ് കഴിഞ്ഞ ദിവസം ഇൻഫോ പാർക്ക് പൊലീസ് സ്റ്റേഷനിലെ സൈബർ സെല്ലിൽ പരാതി നൽകിയിരുന്നു. കോപ്പിറൈറ്റ് നിയമപ്രകാരം ഉൾപ്പെടെയാണ് ഇയാൾക്കെതിരെ സൈബർ പൊലീസ് കേസെടുത്തിരിക്കുന്നത്.
മലയാളം ഇതുവരെ കാണാത്ത വയലൻസ് രംഗങ്ങളും ഹെവി മാസ് ആക്ഷനുകളുമായി ക്രിസ്മസ് റിലീസായി ആണ് മാർക്കോ എത്തിയത്. മലയാള സിനിമയിൽ പുതുതായി രംഗപ്രവേശം ചെയ്ത ക്യൂബ്സ് എൻ്റർടൈൻമെൻ്റ്സ്ആൻ്റ് ഉണ്ണി മുകുന്ദൻ ഫിലിംസിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ബോളിവുഡിലേയും, കോളിവുഡിലേയും മികച്ച ആക്ഷൻ കോറിയോഗ്രാഫറായ കലൈകിംഗ് സ്റ്റഞാണ് ഈ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. കെ.ജി.എഫ്,സലാർ ഉൾപ്പടെ വൻകിട ചിത്രങ്ങൾക്ക് സംഗീതമൊരുക്കിയ രവി ബ്രസൂറിൻ്റെ സംഗീതവും ഈ ചിത്രത്തിൻ്റെ ഹൈലൈറ്റാണ്. പാൻ ഇന്ത്യൻ സിനിമയായി അവതരിപ്പിക്കുന്ന ഈ ചിത്രം മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക് കന്നഡ ഭാഷകളിലും ഒരുപോലെ എത്തി.
ഉണ്ണി മുകുന്ദനു ജഗദീഷ്, സിദ്ദിഖ്, ആൻസൺ പോൾ, കബീർദുഹാൻ സിംഗ് (ടർബോ ഫെയിം) യുക്തി തരേജ അഭിമന്യു തിലകൻ, ദിനേശ് പ്രഭാകർ, അജിത് കോശി,മാത്യു വർഗീസ്, ഇഷാൻ ഷൗക്കത്ത്, ഷാജി, സജിതാശ്രീജിത് രവി, ബിൻ സുബായ്, ധ്രുവ എന്നി വരും പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.