ഉണ്ണി മുകുന്ദന്റെ മാർക്കോ എന്ന ചിത്രത്തിന് ടെലിവിഷൻ പ്രദർശനാനുമതി നിഷേധിച്ച് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ. റീജിയണൽ എക്‌സാമിനേഷൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് നടപടി. എന്നാൽ വേണമെങ്കിൽ സിനിമയിലെ കൂടുതൽ സീനുകൾ വെട്ടിമാറ്റി നിർമാതാക്കൾക്ക് വീണ്ടും അപേക്ഷിക്കാമെന്നും സി.ബി.എഫ്.സി അറിയിച്ചു.
നിലവിൽ യു അല്ലെങ്കിൽ യു/എ കാറ്റഗറിയിലേയ്ക്ക് മാറ്റാൻ പറ്റാത്ത വിധത്തിലുള്ള വയലൻസ് സിനിമയിൽ ഉണ്ടെന്നാണ് കണ്ടെത്തൽ. സിനിമയിലെ വയലൻസുകൾ യുവാക്കളെ സ്വാധീനിക്കുന്നുണ്ടെന്ന ചർച്ചകൾക്കും വാദങ്ങൾക്കുമിടിയാണ് മാർക്കോയ്ക്ക് ടെലിവിഷൻ പ്രദർശനാനുമതി നിഷേധിച്ചിരിക്കുന്നത്.
2024ൽ ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നാണ് മാർക്കോ. ഇന്ത്യയിലെ ഏറ്റവും വയലൻസ് നിറഞ്ഞ ചിത്രമെന്ന ടാഗ്‌ലൈനോടുകൂടിയാണ് ചിത്രം തിയേറ്ററിലെത്തിയത്. സമീപകാല മലയാള സിനിമയിലെ ഏറ്റവും മികച്ച ആക്ഷൻ വയലൻസ് ചിത്രം കൂടിയാണിത്. മലയാള സിനിമയിൽ പുതുതായി രംഗപ്രവേശം ചെയ്ത ക്യൂബ്സ് എൻ്റർടൈൻമെൻ്റ്സ്ആൻ്റ് ഉണ്ണി മുകുന്ദൻ ഫിലിംസിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാർക്കോ. ബോളിവുഡിലേയും, കോളിവുഡിലേയും മികച്ച ആക്ഷൻ കോറിയോഗ്രാഫറായ കലൈകിംഗ്സൺസ് ആണ് ഈ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. കെ.ജി.എഫ്,സലാർ ഉൾപ്പടെ വൻകിട ചിത്രങ്ങൾക്ക് സംഗീതമൊരുക്കിയ രവി ബ്രസൂറിൻ്റെ സംഗീതവും ഈ ചിത്രത്തിൻ്റെ ഹൈലൈറ്റാണ്. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക് കന്നഡ ഭാഷകളിലും ഒരുപോലെയാണ് റിലീസിനെത്തിയത്.