വയനാട് ദുരന്തത്തിന്റെ നടുക്കത്തിലാണ് കേരളക്കര. ഇതിനോടകം തന്നെ നിരവധി പേരാണ് വയനാടിന് സഹായവുമായി രംഗത്തെത്തിയിരുന്നത്. എന്നാൽ ഇപ്പോഴിതാ മനസ്സുലയ്ക്കുന്ന ദുരന്തമാണ് സംഭവിച്ചിരിക്കുന്നതെന്ന് പറയുകയാണ് തമിഴ് നടൻ മൻസൂർ അലിഖാൻ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹം ഇതേ കുറിച്ച് പറയുന്നത്.
ജാതി, മതം, വംശം, ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, താഴ്ന്ന ജാതി, ഉയർന്ന ജാതി, സിനിമ, രാഷ്ട്രീയം, ഭരണാധികാരികൾ, അധഃസ്ഥിതർ, അവസരവാദികൾ, വിവാഹം, ബന്ധം അങ്ങനെ ഒന്നുമില്ല. പ്രകൃതി.. പ്രകൃതിയാണ് എല്ലാം. ഇവിടെ മനസുലയ്ക്കുന്ന ദുരന്തമാണ് സംഭവിച്ചിരിക്കുന്നത്.
ഒരു കുടുംബം മുഴുവൻ മണ്ണിൽ കുഴിച്ചുമൂടപ്പെട്ടിരിക്കുന്നു. വയനാട്ടിൽ അതിദാരുണായ ദുരിതം, മറുവശത്ത്, റോക്കറ്റുകളും മിസൈലുകളും എറിഞ്ഞ് കെട്ടിടങ്ങളും നഗരങ്ങളും പട്ടണങ്ങളും നശിപ്പിക്കുന്ന മനുഷ്യരും ഭരണാധികാരികളും. ഒന്ന് ഓർക്കുക, എല്ലാം പ്രകൃതിയാണ് എന്നാണ് മൻസൂർ അലിഖാന്റെ പറയുന്നത്.
അതേസമയം, തിരച്ചിൽ ആറാം ദിനവും തുടരുകയാണ്. 1264 പേർ ആറ് സംഘങ്ങളായി മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമുട്ടം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് തിരച്ചിൽ നടത്തുക. 30-40 അംഗങ്ങളായിരിക്കും ഒരു സംഘത്തിൽ ഉണ്ടാവുക. മൃതദേഹങ്ങൾ കണ്ടെത്താൻ റഡാർ പരിശോധന നടത്തും.360 ഓളം മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. ഇനിയും 206 പേരെ കണ്ടെത്താൻ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്.