മാനനഷ്ടക്കേസ്; ആദ്യം പിഴ അടയ്ക്കാമെന്ന് തമ്മതിച്ചു, ഇപ്പോള്‍ പണമില്ല; നടന്‍ മന്‍സൂര്‍ അലി ഖാന് കോടതിയില്‍ വീണ്ടും തിരിച്ചടി

സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ നടന്‍ മന്‍സൂര്‍ അലി ഖാന് വീണ്ടും തിരിച്ചടി. മാനനഷ്ടകേസില്‍ പിഴ അടയ്ക്കണമെന്ന ഉത്തരവ് സ്‌റ്റേ ചെയാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഡിവിഷന്‍ ബഞ്ചിന്റേതാണ് ഉത്തരവ്. നേരത്തെ പിഴ അടയ്ക്കാമെന്ന് സമ്മതിച്ചതല്ലേയെന്ന് കോടതി മന്‍സൂറിനോട് ചോദിച്ചു. സിംഗിള്‍ ബെഞ്ചിനെ തന്നെ സമീപിക്കാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തൃഷ അടക്കം ഉള്ള താരങ്ങള്‍ക്കെതിരെ നല്‍കിയ മാനനഷ്ട കേസിലാണ് മന്‍സൂര്‍ അലി ഖാന് ഒരു ലക്ഷം രൂപ പിഴ വിധിച്ചത്. നടി തൃഷയ്ക്ക് എതിരായ സ്ത്രീ വിരുദ്ധ പരാമര്‍ശം വലിയ വിവാദമായ ഘട്ടത്തിലാണ് മന്‍സൂര്‍ അലി ഖാന്‍ ഇത്തരമൊരു മാനനഷ്ട കേസ് നല്‍കിയത്. അപകീര്‍ത്തിപരമായ പ്രസ്താവനയിലൂടെ തനിക്കാണ് നഷ്ടം സംഭവിച്ചതെന്ന് കാട്ടി നടന്‍ കോടതിയെ സമീപിക്കുക ആയിരുന്നു.

കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിനും യഥാര്‍ത്ഥത്തില്‍ മന്‍സൂറിന് എതിരെയാണ് കേസ് എടുക്കേണ്ടതെന്നും ചൂണ്ടിക്കാട്ടിയ കോടതി നടനെതിരെ ഒരു ലക്ഷം രൂപ പിഴ ചുമത്തുക ആയിരുന്നു. അതോടൊപ്പം തന്നെ എത്രയും വേഗം ഈ തുക ക്യാന്‍സര്‍ സെന്ററില്‍ അടക്കാനും നിര്‍ദ്ദേശം ഉണ്ടായിരുന്നു. അന്ന് മന്‍സൂര്‍ ഇക്കാര്യം സമ്മതിക്കുകയും ചെയ്തു.

എന്നാല്‍ ഏതാനും നാളുകള്‍ക്ക് ശേഷം തന്റെ പക്കല്‍ പണമില്ലെന്നും പത്ത് ദിവസം കൂടി സാവകാശം നല്‍കണമെന്നും കാട്ടി മദ്രാസ് ഹൈക്കോടതിയെ ഇയാള്‍ സമീപിക്കുകയും ചെയ്തിരുന്നു. ഈ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് സിംഗില്‍ ബഞ്ചിന്റെ ഉത്തരവിന് എതിരെ ഡിവിഷന്‍ ബഞ്ചിനെ മന്‍സൂര്‍ അലി ഖാന്‍ സമീപിച്ചത്. തനിക്കെതിരെ ചുമത്തിയ പിഴ റദ്ദാക്കണമെന്നതായിരുന്നു ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് മദ്രാസ് ഹൈക്കോടതി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

Vijayasree Vijayasree :