ദേശസ്‌നേഹ സിനിമകളിലൂടെ പ്രശസ്തനായ നടനും നിർമാതാവുമായ മനോജ് കുമാർ (87) അന്തരിച്ചു. മുംബൈയിലെ കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. 1937 ൽ ആണ് മനോജ് കുമാറിന്റെ ജനനം. ഹരികൃഷ്ണൻ ഗിരി ഗോസ്വാമി എന്നതാണ് യഥാർത്ഥ പേര്.
1957 ൽ ‘ഫാഷൻ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. എന്നാൽ, ‘കാഞ്ചി കി ഗുഡിയ’ എന്ന ചിത്രമാണ് അദ്ദേഹത്തിന് സിനിമയിൽ ആദ്യ വഴിത്തിരിവ് നൽകിയത്.
അഭിനയ രംഗത്തേക്ക് ഇറങ്ങുന്നതിന് മുൻപ് ‘ഉപ്കാർ’, ‘ഷോർ’, ‘ജയ് ഹിന്ദി’ തുടങ്ങിയ ക്ലാസിക്കുകൾ സംവിധാനം ചെയ്യുകയും എഡിറ്റ് ചെയ്യുകയും ചെയ്തിരുന്നു.
സ്വാതന്ത്ര്യ സമര സേനാനിയായ ഭഗത് സിങ്ങിന്റെ ജീവിതം ആസ്പദമാക്കിയുള്ള ഷഹീദ് (1965) എന്ന സിനിമയിലും മനോജ് കുമാർ അഭിനയിച്ചു. ചിത്രം ഏറെ നിരൂപക പ്രശംസ നേടി. ദേശീയ ചലച്ചിത്ര അവാർഡും ഏഴ് ഫിലിംഫെയർ അവാർഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പത്മശ്രീ, ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരങ്ങൾ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.