ആറാം തമ്പുരാനായി ചെയര്‍മാന്‍ നടക്കുന്നത് കൊണ്ടല്ല ഫിലിം ഫെസ്റ്റിവല്‍ നടക്കുന്നത്; ഞങ്ങള്‍ നിലകൊള്ളുന്നത് ചെയര്‍മാന്റെ മാടമ്പിത്തരത്തിന് എതിരെ!

സംവിധായകന്‍ രഞ്ജിത്തിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍. ആറാം തമ്പുരാനായി ചെയര്‍മാന്‍ നടക്കുന്നത് കൊണ്ടല്ല ഫിലിം ഫെസ്റ്റിവല്‍ നടക്കുന്നത്. ചെയര്‍മാന്‍ അസ്ഥാനത്ത് നടത്തുന്ന വലിയ അസംബന്ധങ്ങളും വിവരക്കേടും ആണ് മനോഹരമായി നടക്കുന്ന മേളയില്‍ കല്ലുകടിയാണെന്നും കൗണ്‍സില്‍ അംഗം മനോജ് കാന പറഞ്ഞു.

അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് ഇരുന്നുകൊണ്ട് അക്കാദമിയെ തന്നെ അവഹേളിക്കുന്ന തരത്തിലുള്ള സംസാരമാണ് അദ്ദേഹം നടത്തിയത്. പ്രശ്‌നങ്ങളെ രമ്യമായി പരിഹരിക്കാനും അദ്ദേഹത്തിന്റെ തെറ്റുകള്‍ തിരുത്താനും സൗഹാര്‍ദ്ദപൂര്‍വ്വം ശ്രമിച്ചിട്ടുണ്ട്.

ആര്‍ട്ടിസ്റ്റുകളെ വളരെ മോശമായ രീതിയില്‍ മ്ലേച്ഛമായ രീതിയിലാണ് അവഹേളിക്കുന്നത്. എല്ലാവരും ആര്‍ട്ടിസ്റ്റുകളാണ്. അവരവര്‍ക്ക് തങ്ങളുടേതായ പരിമിതികള്‍ ഉണ്ടാകാം. അതിനെ പുച്ഛിച്ച് തള്ളുന്ന സമീപനം ആണ് രഞ്ജിത്തിന്റേത്. ഇത് വരിക്കാശ്ശേരി മനയിലെ ലൊക്കേഷന്‍ അല്ല.

ചലച്ചിത്ര അക്കാദമി ആണ്. ആ ധാരണ പോലും അദ്ദേഹത്തിനില്ല. രഞ്ജിത്ത് പത്രസമ്മേളനം വിളിക്കുമ്പോള്‍ ഞങ്ങള്‍ അടുത്തുണ്ട്. ഞങ്ങളെ വിളിക്കാനോ എന്താണ് പ്രശ്‌നമെന്ന് പറയാനോ അദ്ദേഹം തയ്യാറായില്ല. ഇത്തരത്തിലുള്ള ധിക്കാരപരമായ നടപടിയും കള്ളത്തരങ്ങളും ആണ് രഞ്ജിത്ത് പറയുന്നത്.

സര്‍ക്കാരിനെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പെരുമാറ്റമാണിത്. ഞങ്ങള്‍ ആര്‍ക്കും എതിരല്ല. ചെയര്‍മാന്റെ മാടമ്പിത്തരത്തിന് എതിരെയാണ് ഞങ്ങള്‍ നിലകൊള്ളുന്നത്. ഒന്നുകില്‍ രഞ്ജിത് തന്റെ പരാമര്‍ശങ്ങള്‍ തിരുത്തണം. അല്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കണം എന്നാണ് മനോജ് കാന പറയുന്നത്.

Vijayasree Vijayasree :