നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരജോഡികളായി മാറിയ താരങ്ങളാണ് മനോജ് കെ ജയനും ഉർവശിയും. ഇരുവരും ജീവിതത്തിലും ഒന്നിച്ചപ്പോൾ പ്രേക്ഷകർക്ക് സന്തോഷം ഇരട്ടിയായിരുന്നു. ഏറെ കാലത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു ഉർവ്വശിയും മനോജ് കെ ജയനും ജീവിതത്തിൽ ഒന്നായത്. നടൻ മനോജ് കെ ജയനുമായുള്ള ഉർവശിയുടെ വിവാഹബന്ധത്തിന് കുറച്ച് വർഷങ്ങൾ മാത്രമേ ആയുസുണ്ടായിരുന്നുള്ളൂ. 2008 ലാണ് ഇരുവരും വേർപിരിഞ്ഞത്.
ഇവർക്ക് തേജാ ലക്ഷ്മി എന്നൊരു മകളുണ്ട്. കുഞ്ഞാറ്റയെന്ന് സ്നേഹത്തോടെ വിളിക്കുന്ന തേജാലക്ഷ്മിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. തേജാലക്ഷ്മി നല്ലൊരു അഭിനേത്രിയായി മാറും എന്ന് പ്രേക്ഷകർ പലപ്പോഴും അഭിപ്രായപ്പെട്ടിരുന്നു. കുറച്ച് നാളുകൾക്ക് മുമ്പ് ഉർവശിയ്ക്കൊപ്പമുള്ള കുഞ്ഞാറ്റയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായിരുന്നു.
ഉർവശിയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തിയതിന്ശേഷം മനോജും ഉർവശിയും പിരിഞ്ഞപ്പോൾ മകളുടെ സംരക്ഷണാവകാശം മനോജ് കെ ജയൻ ചോദിച്ച് വാങ്ങുകയായിരുന്നു.എന്നിരുന്നാലും അമ്മയുടേയും അച്ഛന്റേയും സ്നേഹം കുഞ്ഞാറ്റയ്ക്ക് ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ മനോജ് കെ ജയൻ ആദ്യമായി മകളുടെ സിനിമാ പ്രവേശനത്തെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ്.
ഈ അടുത്താണ് മകൾക്ക് സിനിമയോട് താൽപര്യം വന്നതെന്നും എന്നാൽ ഒരിക്കലും സിനിമയിലേക്ക് അവളെ താൻ ഫോഴ്സ് ചെയ്ത് ഇറക്കാൻ താൽപര്യപ്പെടുന്നില്ലെന്നുമാണ് മനോജ് കെ ജയൻ ഒരു പരിപാടിയുടെ ഗ്രാൻഡ്ഫിനാലെയിൽ സംസാരിക്കവെ പറഞ്ഞത്. മകൾക്ക് പ്രിയപ്പെട്ട താരാട്ട് പാട്ടിനെ കുറിച്ച് സംസാരിച്ച് തുടങ്ങിയപ്പോഴായിരുന്നു അവതാരകൻ സിനിമയിലേക്ക് കുഞ്ഞാറ്റയെ പ്രതീക്ഷിക്കാമോയെന്ന് ചോദിച്ചത്.
ഞാനും കുഞ്ഞാറ്റയും മദ്രാസിലായിരുന്നപ്പോൾ ഒരുപാട് പാട്ട് പാടി അവളെ ഉറക്കുമായിരുന്നു. അന്ന് എം.ജയചന്ദ്രൻ സിനിമയിൽ എത്തിയിട്ടില്ല സീരിയലുകൾ ചെയ്യുകയാണ്. വാവ എന്നൊരു സീരിയലുണ്ടായിരുന്നു. അതിലെ പാട്ട് കുഞ്ഞാറ്റയ്ക്ക് വളരെ അധികം ഇഷ്ടമായിരുന്നു. അതുകൊണ്ട് തന്നെ എന്നോട് നിരന്തരം ആ പാട്ട് പാടാൻ അവൾ ആവശ്യപ്പെടുമായിരുന്നു. കുഞ്ഞാറ്റയിപ്പോൾ നാട്ടിലുണ്ട്. എന്നും എക്കാലത്തും ഇവിടെ തന്നെയാണ്. ഇടയ്ക്ക് ഞാനും അവളും യുകെ പോയി വരും. അവൾക്ക് ഈയിടക്കായി സിനിമയോട് ഒരു താൽപര്യം വന്ന് കേറിയിട്ടുണ്ട്.
ആ താൽപര്യം എന്നോട് പറഞ്ഞിരുന്നു. സിനിമയാണ് അതിന് ഒരു സമയമുണ്ട്, ഭാഗ്യമുണ്ട് നല്ല അവസരങ്ങൾ വന്നാൽ മാത്രം ചെയ്യുക എന്നൊക്കെ ഞാൻ അവളോട് പറഞ്ഞു. ഒരിക്കലും സിനിമയിലേക്ക് അവളെ ഞാൻ ഫോഴ്സ് ചെയ്ത് ഇറക്കില്ലെന്നത് തീരുമാനിച്ചിരുന്നു. അതുകൊണ്ട് തന്നെ അവൾ തന്നെ എന്നോട് ആഗ്രഹം പറഞ്ഞപ്പോൾ നല്ലത് നടക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു എന്ന രീതിയിൽ ഞാൻ നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുമ്പും മകളുടെ സിനിമാ പ്രവേശനത്തെ കുറിച്ച് മനോജ് കെ ജയൻ പറഞ്ഞിട്ടുണ്ട്. ഞാനും ആക്ടറാണ് അവളുടെ അമ്മ ഉർവശിയും വലിയ നടിയാണ്.
ഞങ്ങളുടെ മകൾക്ക് അഭിനയത്തിലാണ് വിധിയെങ്കിൽ അതിൽ സന്തോഷമേയുള്ളൂയെന്ന് അന്ന് മനോജ് കെ ജയൻ വ്യക്തമാക്കി. ഉർവശിയെ കാണാൻ ഇടയ്ക്കിടെ മകൾ തേജാ ലക്ഷ്മി എത്താറുണ്ട്.
രണ്ടാമത് വിവാഹം ചെയ്ത ശിവപ്രസാദിനൊപ്പം ചെന്നൈയിലാണ് ഉർവശി താമസിക്കുന്നത്. 2013 ലാണ് ഉർവശിയും ശിവപ്രസാദും വിവാഹിതരായത്. സ്വകാര്യമായാണ് വിവാഹം നടന്നത്. ഇഷാൻ പ്രജാപതി എന്ന മകനും ദമ്പതികൾക്ക് പിറന്നു. കൺസ്ട്രക്ഷൻ മേഖലയിലാണ് ശിവപ്രസാദ് പ്രവർത്തിക്കുന്നത്.ആശ ജയൻ എന്നാണ് മനോജ് കെ ജയന്റെ ഭാര്യയുടെ പേര്. ഇവർക്ക് ഒരു മകനുമുണ്ട്.