ബോളിവുഡ് താരം ഷാറൂഖ് ഖാന്റെ ആഡംബര ഭവനമാണ് മന്നത്ത്. മുംബൈയിലെ ബാന്ദ്രയില്‍ സ്ഥിതി ചെയ്യുന്ന ആഡംബര ഭവനം കാണാന്‍ നിരവധി പേര്‍ എത്താറുണ്ട്. ബോളിവുഡ് താരങ്ങള്‍ക്ക് ഇടയില്‍ പോലും മന്നത്ത് ചര്‍ച്ചാ വിഷയമാണ്.
ഷാറൂഖ് ഖാന്റെ ആഡംബരഭവനമായ മന്നത്ത് ആദ്യം എത്തിയത് നടന്‍ സല്‍മാന്‍ ഖാന്റെ കൈകളിലായിരുന്നു. എന്നാല്‍ പിതാവ് സലിം ഖാന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മന്നത്ത് വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. ഒരു അഭിമുഖത്തിലാണ് ഇക്കാര്യം നടന്‍ വെളിപ്പെടുത്തിയത്.
ഷാറൂഖ് ഖാനില്‍ നിന്ന് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന വസ്തു എന്ന ചോദ്യത്തിനായിരുന്നു സല്‍മാന്‍ ഇക്കാര്യം പറഞ്ഞത്. ഇത്രയും വലിയ വീട്ടില്‍ ഷാറൂഖ് എന്താണ് ചെയ്യുന്നതെന്നും സല്‍മാന്‍ ചോദിച്ചു.
‘ഷാറൂഖിന്റെ മന്നത്ത് ആദ്യം എന്റെ കൈകളിലാണ് എത്തിയത്. എന്നാല്‍ പിതാവ് (സലിം ഖാന്‍) എന്നോട് ചോദിച്ചു ഇത്രയും വലിയ വീട്ടില്‍ എന്ത് ചെയ്യുമെന്ന്. തുടര്‍ന്ന് മന്നത്ത് വാങ്ങേണ്ടെന്ന് തീരുമാനിച്ചു’ എന്ന് സല്‍മാന്‍ ഖാന്‍ പറഞ്ഞു.
വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം മന്നത്തിലാണ് ഷാറൂഖ് ഖാന്‍ താമസിക്കുന്നത്. 200 കോടി വിലമതിക്കുന്ന മന്നത്ത് ഏകദേശം 27,000 ചതുരശ്ര അടിയിലാണ് സ്ഥിതി ചെയ്യുന്നത്. നരിമാന്‍ ദുബാഷിന്റെ കൈയില്‍ നിന്നാണ് ഈ ഭവനം എസ്. ആര്‍.കെ സ്വന്തമാക്കിയത്.
വില്ല വിയന്ന എന്നായിരുന്നു ആദ്യ പേര്. ആറ് നിലകളുള്ള ഈ ആഡംബര ഭവനത്തില്‍ ജിം, നീന്തല്‍കുളം, ലൈബ്രറി, സ്വകാര്യ സിനിമ തിയറ്റര്‍ എന്നിവയുണ്ട്. അതേസമയം, മാതാപിതാക്കള്‍ക്കും കുടുംബത്തിനുമൊപ്പം മുംബൈ ബാന്ദ്രയിലെ ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റിലാണ് സല്‍മാന്‍ താമസിക്കുന്നത്.