മലയാളത്തിലെ പുതിയ ഇന്‍ഡസ്ട്രി ഹിറ്റ്; ‘2018’നെയും മറികടന്ന് ‘മഞ്ഞുമ്മല്‍ ബോയ്‌സ്’

ജൂഡ് ആന്തണി സംവിധാനം ചെയ്ത് ‘2018’ എന്ന ചിത്രത്തെ മറികടന്ന് മലയാളത്തിലെ പുതിയ ഇന്‍ഡസ്ട്രി ഹിറ്റായി ‘മഞ്ഞുമ്മല്‍ ബോയ്‌സ്’. റിലീസ് ചെയ്ത് മൂന്നാഴ്ചയ്ക്കുള്ളിലാണ് ആഗോളതലത്തില്‍ ഏറ്റവുമധികം കളക്ഷന്‍ നേടുന്ന മലയാളചിത്രമായി ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ് മാറിയതെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെട്ടു.

ചിത്രത്തിന്റെ നിര്‍മാതാവ് സൗബിനാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. 175 കോടിയാണ് 2018ന്റെ ഫൈനല്‍ കളക്ഷന്‍. 200 കോടി ഗ്രോസ് കളക്ഷന്‍ നേടുന്ന ആദ്യ മലയാള ചിത്രമാകുമോ മഞ്ഞുമ്മല്‍ ബോയ്‌സ് എന്നാണ് ഇനി കാണാനുള്ളത്.

സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ കേരളത്തിലും തമിഴ്‌നാട്ടിലുമായാണ് ചിത്രികരിച്ചത്. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേര്‍ന്ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ച ചിത്രം ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരാണ് നിര്‍മിച്ചത്.

കേരളത്തില്‍ ഉണ്ടാക്കിയെടുത്തതിനേക്കാള്‍ വലുതാണ് തമിഴ്‌നാട്ടില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് സൃഷ്ടിച്ച ഓളം. കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവര്‍ക്ക് അഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ന്റെ പ്രമേയം. ഫെബ്രുവരി 22നാണ് മഞ്ഞുമ്മല്‍ ബോയ്‌സ് റിലീസ് ചെയ്തത്.

Vijayasree Vijayasree :