മലയാള സിനിമയുടെ സീൻ മാറ്റിയ ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. സൂപ്പർ താരങ്ങളുടെയടക്കം റിക്കോർഡുകളായിരുന്നു ചിത്രം തിരുത്തിക്കുറിച്ചത്. ചിത്രത്തിൽ സംഗീതത്തിനും ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിനുമെല്ലാം വളരെ പ്രാധാന്യമുമ്ടായിരുന്നു. ഈ സിനിമയുടെ ജീവൻ എന്ന് തന്നെ പറയാവുന്നത് ‘കൺമണി അൻപോട്’ എന്ന ഗാനം തന്നെയായിരുന്നു.
എന്നാൽ കുറച്ച് നാളുകൾക്ക് മുമ്പ് ഈ സിനിമയിൽ ഈ ഗാനം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് സംഗീത സംവിധായകൻ ഇളയരാജ രംഗത്തെത്തിയതും വാർത്തയായിരുന്നു. തന്റെ അനുവാദം ഇല്ലാതെയാണ് ചിത്രത്തിൽ ഗാനം ഉപയോഗിച്ചതെന്നായിരുന്നു ഇളയരാജയുടെ ആരോപണം.
എന്നാൽ ഇപ്പോഴിതാ മഞ്ഞുമ്മൽ നിർമ്മാതാക്കൾ ഇളയരാജയ്ക്ക് നഷ്ടപരിഹാരം നൽകിയതായാണ് പുതിയ വിവരം. മഞ്ഞുമ്മൽ ബോയ്സ് വലിയ വിജയം നേടിയ സാഹചര്യത്തിൽ രണ്ടുകോടിയാണ് ഇളയരാജ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്. പിന്നീട് ചർച്ചകൾക്കൊടുവിൽ മഞ്ഞുമ്മൽ ബോയ്സിന്റെ നിർമ്മാതാക്കൾ നഷ്ടപരിഹാരമായി 60 ലക്ഷം രൂപ നൽകിയതായാണ് വിവരം.
1991-ൽ സന്താന ഭാരതി സംവിധാനം ചെയ്ത കമൽ ഹാസൻ ചിത്രം ‘ഗുണ’ എന്ന ചിത്രത്തിന് വേണ്ടി ഇളയരാജ കമ്പോസ് ചെയ്ത ഗാനമാണ് ‘കൺമണി അൻപോട് ‘ എന്ന ഗാനം. മഞ്ഞുമ്മൽ ബോയ്സ് റിലീസിന് ശേഷം കൺമണി അൻപോട് വീണ്ടും മലയാളത്തിലും തമിഴിലും ട്രെൻഡായി മാറുകയും ഗുണ സിനിമ ചർച്ചയാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇളയരാജ പരാതിയുമായി രംഗത്ത് വന്നത്.
സിനിമ ആഗോളതലത്തിൽ 241.1 കോടിയാണ് നേടിയത്. കേരളത്തിൽ നിന്ന് സിനിമ 72 കോടി നേടിയപ്പോൾ തമിഴ്‌നാട്ടിൽ നിന്ന് 63 കോടിയാണ് നേടിയത്. കർണാടകത്തിൽ നിന്ന് 5.85 കോടിയും ആന്ധ്ര-തെലങ്കാന സംസ്ഥാനങ്ങളിൽ നിന്നും 14.1 കോടിയുമാണ് സിനിമ നേടിയത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുമായി സിനിമ 2.7 കോടി നേടിയതോടെ 167.65 കോടിയാണ് മഞ്ഞുമ്മൽ ബോയ്സിന്റെ ആകെ കളക്ഷൻ 73.45 കോടിയാണ്.
ഫെബ്രുവരി 22 നാണ് മഞ്ഞുമ്മൽ ബോയ്സ് തിയേറ്ററുകളിലെത്തിയത്. മഞ്ഞുമ്മലിൽ നിന്ന് ഒരു സംഘം യുവാക്കൾ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലിൽ എത്തുന്നതും, അവിടെ അവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. യഥാർത്ഥ കഥയെ ആസ്പദമാക്കിയാണ് ചിത്രമെടുത്തിരിക്കുന്നത്.