‘മഞ്ഞുമ്മൽ ബോയ്‌സ്’ വീണ്ടും വിവാദത്തിൽ: നിർമ്മാതാക്കൾക്കെതിരെ ഇഡി അന്വേഷണം; നടൻ സൗബിനെ ഇഡി ചോദ്യം ചെയ്യും

മലയാള സിനിമ ഇൻഡസ്ട്രിയെ മറ്റൊരു തലത്തിൽ എത്തിച്ച സിനിമയാണ് ‘മഞ്ഞുമ്മല്‍ ബോയ്‌സ്’. ചിത്രത്തിന് ആരാധകർ ഏറുകയാണ്. എന്നാൽ സിനിമയുമയി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് അടക്കം നിരവധി കേസുകളാണ് ഇപ്പോൾ നിലനിൽക്കുന്നത്. ഇപ്പോൾ പുറത്തുവരുന്ന വാർത്ത മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ നിര്‍മാതാക്കളായ പറവ ഫിലിംസിനെതിരെ ഇഡി അന്വേഷണം നടത്തുമെന്നാണ്. പറവ ഫിലിംസ് കള്ളപ്പണം ഇടപാടുകള്‍ നടത്തിയിട്ടുണ്ടോയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുക.

അതേസമയം നിര്‍മാതാവ് ഷോണ്‍ ആന്റണിയെ ഇഡി ചോദ്യം ചെയ്തു. കേസുമായി ബന്ധപ്പെട്ട് നടന്‍ സൗബിന്‍ ഷാഹിര്‍ ഉള്‍പ്പെടെയുള്ളവരെ ഇഡി ചോദ്യം ചെയ്യും. ഇതിന്റെ ഭാ​ഗമായി കഴിഞ്ഞയാഴ്ച നിര്‍മാതാക്കളായ സൗബിന്‍ ഷാഹിര്‍, പിതാവ് ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടിസ് നല്‍കിയിരുന്നു.

മാത്രമല്ല, മുമ്പ് സിനിമയുടെ ലാഭവിഹിതം വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തയതായും പറവ ഫിലിംസിനെതിരെ കേസ് നിലനിൽക്കുന്നുണ്ട്. അരൂര്‍ സ്വദേശി സിറാജ് വലിയതറ ഹമീദാണ് പരാതി നൽകിയത്. ഇയാൾക്ക് ഏഴുകോടി രൂപ സിനിമയ്ക്കായി മുടക്കിയാല്‍ 40 % ശതമാനം ലാഭവിഹിതമാണ് വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ തന്നെ വഞ്ചിച്ചെന്ന് കാട്ടി ഹമീദ് നല്‍കിയ കേസില്‍ നിര്‍മാതാക്കള്‍ തട്ടിപ്പ് നടത്തിയെന്ന് കേസന്വേഷിച്ച മരട് പോലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയുടെ അന്വേഷണം.

Vismaya Venkitesh :