മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി പ്രശസ്ത എഡിറ്റർ സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഫൂട്ടേജ്’. ഓഗസ്റ്റ് രണ്ടിന് പുറത്തെത്താനിരുന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചുവെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. കേരളത്തെ നടുക്കിയ വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിലാണ് റിലീസ് മാറ്റിവച്ചത്.
ദുരിതം വിതച്ച് പെയ്തിറങ്ങിയ മഴക്കെടുതിയിലും ഉരുൾപൊട്ടലിലും വിറങ്ങലിച്ച് നിൽക്കുന്ന വയനാട്ടിലെ ജനങ്ങൾക്കൊപ്പം പ്രാർത്ഥനയോടെ. ഓഗസ്റ്റ് രണ്ടിന് റിലീസ് ചെയ്യുവാൻ നിശ്ചയിച്ചിരുന്ന ഫൂട്ടേജ് എന്ന ഞങ്ങളുടെ ചിത്രത്തിൻ്റെ റിലീസ് മറ്റൊരു ദിവസത്തിലേക്ക് മാറ്റിവെച്ചിരിക്കുന്നു’’, എന്നാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന ഗായത്രി അശോക് പങ്കുവച്ച പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
ഫൗണ്ട് ഫൂട്ടേജ് ഴോണറിലാണ് ചിത്രം എത്തുന്നത്. കുമ്പളങ്ങി നൈറ്റ്സ്, അഞ്ചാം പാതിരാ, മഹേഷിന്റെ പ്രതികാരം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ എഡിറ്റർ എന്ന നിലയിൽ ശ്രദ്ധേയനായ വ്യക്തിയാണ് സൈജു ശ്രീധരൻ. അദ്ദേഹത്തിന്റെ ആദ്യം സംവിധാന ചിത്രമാണ് ഫൂട്ടേജ്. സംവിധായകനും നടനുമായ അനുരാഗ് കശ്യപ് ആണ് സിനിമ അവതരിപ്പിക്കുന്നത്.
ഫൂട്ടേജ് എന്ന ഈ ചിത്രത്തിൽ മഞ്ജു വാര്യർ, വൈശാഖ് നായർ, ഗായത്രി അശോക് എന്നിവരെ കൂടാതെ വളരെ കുറച്ച് കഥാപാത്രങ്ങൾ മാത്രമേ ഉള്ളൂ. സസ്പെൻസ് ത്രില്ലറാണ് ചിത്രം. മൂവി ബക്കറ്റ്, കാസ്റ്റ് ആൻഡ് കോ, പെയിൽ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ ബിനീഷ് ചന്ദ്രൻ സൈജു ശ്രീധരൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.
അതേസമയം, ഉരുൾ പൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 151 ആയി. 481 പേരെ രക്ഷപ്പെടുത്തി. 187 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 3069 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. 98 പേരെ കണ്ടെത്താനുണ്ടെന്ന് സർക്കാരിൻറെ ഔദ്യോഗിക കണക്ക് വ്യക്തമാക്കുന്നു. എന്നാൽ 200 ഓളം പേരെ കാണാതായെന്നണ് പ്രദേശ വാസികൾ പറയുന്നത്.
അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ അടുത്ത 3 മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത.
തിരുവനന്തപുരം, കൊല്ലം, ഇടുക്കി, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.