മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. ഏത് തരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച മഞ്ജു മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ്. മഞ്ജുവിന്റെ അഭിനയത്തിന് മുന്നില്‍ അമ്പരന്ന് നിന്ന് പോയതിനെക്കുറിച്ച് സംവിധായകരെല്ലാം തുറന്നുപറഞ്ഞിട്ടുമുണ്ട്. സല്ലാപം എന്ന ചിത്രത്തിലൂടെയായാണ് താരം നായികയായി അരങ്ങേറിയത്.
സിനിമയില്‍ തിളങ്ങി നില്‍ക്കവെയാണ് താരം വിവാഹിതയാകുന്നത്. അതോടെ അഭിനയത്തില്‍ നിന്നും പിന്മാറിയ താരം പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അഭിനയത്തിലേയ്ക്ക് തിരിച്ചെത്തുന്നത്. അതിനുശേഷം നായികയായി തിളങ്ങിയ മഞ്ജു വ്യത്യസ്തമാര്‍ന്ന നിരവധി കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്കായി സമ്മാനിച്ചു കഴിഞ്ഞു. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. ബൈക്ക് റൈഡും യാത്രകളുമൊക്കെയായി തിരക്കിട്ട ജീവിതം നയിക്കുകയാണ് നടി.
ഇപ്പോഴിതാ മഞ്ജു ആരാധകരുമായി നടത്തിയ ഒരു ഫാന്‍സ് മീറ്റിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം ആവുന്നത്. ഇതില്‍ തന്റെ സിനിമാ കരിയറിനെ കുറിച്ചും സൗന്ദര്യ രഹസ്യങ്ങളെ കുറിച്ചുമൊക്കെ മഞ്ജു മനസ് തുറക്കുന്നുണ്ട്. സിനിമയിലെ പ്രതിഫലത്തെ കുറിച്ചും, നടന്‍ മോഹന്‍ലാലുമായി അഭിനയിക്കുമ്പോള്‍ ഉള്ള അനുഭവത്തെ കുറിച്ചുമൊക്കെ മഞ്ജു പറയുന്നുണ്ട്.
‘ജീവിതത്തില്‍ നമ്മള്‍ കാത്തുസൂക്ഷിക്കുന്ന മൂല്യങ്ങളാണ് എത്ര കോടിക്കണക്കിന് രൂപയെക്കാളും പ്രധാനം. അതാണ് നമ്മുടെ ഏറ്റവും വലിയ സമ്പത്ത്. അങ്ങിനെ നോക്കുമ്പോള്‍ ഞാനും കോടീശ്വരിയാണ്. മനസിന് സന്തോഷം ഉണ്ടെങ്കില്‍ സൗന്ദര്യം ഒക്കെ ഉണ്ടാവും. പക്ഷെ ആ സന്തോഷം കണ്ടെത്തേണ്ടത് നമ്മളാണ്, അതാണ് എന്റെ അഭിപ്രായം. സന്തോഷമായിട്ടിരിക്കുന്നുണ്ട്, അതല്ലേ ഏറ്റവും പ്രധാനം. ഉള്ളില്‍ സന്തോഷം ഉണ്ടെങ്കില്‍ നമ്മളെ കാണുന്നവര്‍ക്ക് സൗന്ദര്യം ഒക്കെ താനേ തോന്നിക്കൊള്ളും’ മഞ്ജു പറയുന്നു.
‘നന്നായി പെര്‍ഫോം ചെയ്യാന്‍ പറ്റുന്ന കഥകള്‍ കൊണ്ടുവരാന്‍ ആണ് ഞാന്‍ എപ്പോഴും ആവശ്യപ്പെടുന്നത്. അങ്ങനെ ഉള്ള സിനിമകള്‍ ചെയ്യാനാണ് എനിക്ക് ഇഷ്ടം. പിന്നെ സ്ത്രീ കേന്ദ്രീകൃതമായത് ആണെങ്കിലും നല്ല കഥാപാത്രങ്ങള്‍ ആണ് പലപ്പോഴും വരുന്നത്. ചില സിനിമയില്‍ ഞാന്‍ അതിഥി വേഷം ചെയ്തിട്ടുണ്ട്, ചിലതില്‍ ഞാന്‍ നായകനൊപ്പം ഈക്വല്‍ ആയി നില്‍ക്കുന്ന കഥാപാത്രവും ചെയ്തിട്ടുണ്ട്. അതിലെല്ലാം എന്റേതായ ഒരു ഐഡന്റിറ്റി ഉണ്ടാവാറുണ്ട്. ഇക്കാര്യത്തില്‍ ഞാന്‍ അനുഗ്രഹീതയാണ്’ മഞ്ജു ചൂണ്ടിക്കാട്ടി.
‘എന്റെ അടുത്ത് വരുന്ന കഥകളില്‍ ഏറ്റവും നല്ലത് തിരഞ്ഞെടുക്കുക എന്ന ജോലി മാത്രമേ എനിക്ക് ചെയ്യേണ്ടി വരാറുള്ളൂ. നമ്മുടെ സിനിമ ഇന്‍ഡസ്ട്രിയുടെ ബിസിനസ് അത്രയും വലുതാണ്. അത്രത്തോളം പൈസ മുടക്കി ഉണ്ടാക്കുന്ന ഒരു പ്രൊഡക്റ്റ് ആണ് സിനിമ. അതുപോലെ ആയിരിക്കും അതിന്റെ റിട്ടേണും. അഭിനയിക്കുന്നവര്‍ ആയാലും നമ്മുടെ ശരീരം, മുഖം, സമയം എല്ലാം നമ്മള്‍ സിനിമയില്‍ ഇന്‍വെസ്റ്റ് ചെയ്യുകയാണ്.’ മഞ്ജു വാര്യര്‍ പറഞ്ഞു.
‘ആറാം തമ്പുരാന്‍ പോലെ ഒരു സിനിമ വരണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. ലാലേട്ടന്റെ കൂടെ അഭിനയിക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്. എല്ലാവരും വിചാരിച്ചത് ഞാനും ലാലേട്ടനും പത്തിരുപത് സിനിമയൊക്കെ ഒന്നിച്ച് ചെയ്തുവെന്നാണ്. ആകെ ആറോ ഏഴോ സിനിമയാണ് ഞാന്‍ ലാലേട്ടന്റെയൊപ്പം ചെയ്തത്. ആ കഥാപാത്രങ്ങളും സിനിമകളും നല്ലതായിരുന്നു. ഞാന്‍ ലാലേട്ടന്റെ കൂടെ ഇനിയും സിനിമ ചെയ്യണം എന്ന് ആഗ്രഹിക്കുകയും അതിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ട് എന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.
അതേസമയം, എല്ലാതരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് എത്രയോ മുന്‍പേ ഈ താരം തെളിയിച്ചിരുന്നു. ഹൗ ഓള്‍ഡ് ആര്‍യൂവിലൂടെയായിരുന്നു മഞ്ജു വാര്യര്‍ അഭിനയ ലോകത്തേക്ക് തിരിച്ചെത്തിയത്. അസുരന്‍ എന്ന ധനുഷ് ചിത്രത്തിലൂടെ തമിഴിലും മഞ്ജു ചുവടുറപ്പിച്ചു. അജിത്ത് ചിത്രം തുനിവ് ആണ് മഞ്ജു അവസാനമായി എത്തിയ തമിഴ് ചിത്രം. ‘മിസ്റ്റര്‍ എക്‌സ്’ എന്ന തമിഴ് സിനിമയിലാണ് മഞ്ജു വാര്യര്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ കൂടെ ‘തലൈവര്‍ 170’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലും മഞ്ജു പ്രധാന കഥാപ്ത്രമായി എത്തുന്നുണ്ട്. അമിതാബ് ബച്ചന്‍, മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, റാണ ദഗുബാട്ടി തുടങ്ങീ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. അമിതാഭ് ബച്ചനും രജനികാന്തും 32 വര്‍ഷത്തിന് ശേഷം ഒരുമിക്കുന്ന ചിത്രം കൂടിയാണ് തലൈവര്‍ 170.