മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർ സ്റ്റാറാണ് മഞ്ജു വാര്യർ. ഇരുപത് വർഷത്തിലേറെയായി തെന്നിന്ത്യൻ സിനിമയുടെ മിന്നും താരമായ നടിയുടെ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഇത്രയും കാലം സിനിമയിലുള്ള നടിയ്ക്ക് ഒരു കാലത്ത് ക്യാമറയും തിയേറ്ററും ഭയമായിരുന്നുവെന്നാണ് ഇപ്പോൾ നടി പറയുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തൽ.
അതേസമയം പണ്ടൊക്കെ ക്യാമറയുടെ ഫ്ലാഷ് അടിയുന്നത് കണ്ടാൽ വാവിട്ട് കരയുമായിരുന്നെന്നും കള്ളം പറഞ്ഞാണ് കുടുംബം തന്നെയും കൊണ്ട് തിയേറ്ററിൽ പോയിരുന്നതെന്നും മഞ്ജു വാര്യർ വെളിപ്പെടുത്തുന്നു. ഫ്ലാഷ് അടിക്കുന്ന ക്യാമറ കാണുമ്പോൾ ഞാൻ അലറി കരയുന്നത് ഇപ്പോഴും ഓർമയുണ്ട്.
മാത്രമല്ല ഓണത്തിന്റെ സമയത്ത് പൂക്കളത്തിന് മുന്നിൽ എന്നെ വലിച്ചുപിടിച്ച് ഇരുത്തിയപ്പോൾ കരയുന്ന തന്റെ ഫോട്ടോ ഇപ്പോഴും വീട്ടിലുണ്ടെന്നും എന്നാൽ ക്യാമറയോടും തിയേറ്ററിനോടുമുള്ള ഭയം ഇല്ലാതായത് എപ്പോഴാണെന്ന് അറിയില്ലെന്നും നടി പറഞ്ഞു. എന്നാൽ വർഷങ്ങൾക്ക് ശേഷം ചിന്തിക്കാറുണ്ട്, ക്യാമറയും തിയേറ്ററും പേടിയായിരുന്ന എന്റെ ലൈഫ് തന്നെ ഇപ്പോൾ ഇതുമായി ബന്ധപ്പെട്ടാണല്ലോയെന്നും മഞ്ജു പറഞ്ഞു.
അഭിമുഖത്തിൽ നടി മറ്റൊരു വെളിപ്പെടുത്തലും നടത്തുകയുണ്ടായി. കണ്ണെഴുതി പൊട്ടുംതൊട്ട് സിനിമയുടെ ഷൂട്ടിങ് സമയത്ത് നടന്ന ഒരു സംഭവമാണ് നടി വിവരിച്ചത്. നീന്തൽ അറിയാതെ ബെറ്റിന്റെ പുറത്ത് കായലിൽ ചാടിയ അനുഭവമാണ് മഞ്ജു പറഞ്ഞത്. കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന സിനിമയിലായിരുന്നു ആദ്യമായി അകേല ക്യാമറ ക്രെയിൻ എന്നൊരു സംവിധാനം ഉപയോഗിച്ചത്. അതിൽ ഫസ്റ്റ് ഷോട്ട് ആർക്ക് കിട്ടും എന്നൊരു മത്സരമുണ്ടായിരുന്നു. ബിജു ചേട്ടനും ഞാനുമാണ് ബെറ്റ് വെച്ചത്. എന്നാൽ അത് ചെളി വെള്ളമായിരുന്നു. അതിലേക്ക് എടുത്ത് ചാടിയാൽ ഫസ്റ്റ് ഷോട്ട് എനിക്ക് തരാമെന്ന് പറഞ്ഞു.
തുടർന്ന് താൻ വെള്ളത്തിലേക്ക് എടുത്ത് ചാടി. നിലയില്ലാ കയമൊന്നുമായിരുന്നില്ല, അത് ചെളി വെള്ളമായിരുന്നു. പക്ഷെ, തനിക്ക് നീന്തൽ അറിയില്ലായിരുന്നുവെന്നും ഒരു ചിരിയോടെ താരം പറഞ്ഞു. എന്നാൽ ഫസ്റ്റ് ഷോട്ടിന്റെ കാര്യമെല്ലാം വെറുതെ പറഞ്ഞ് ഉണ്ടാക്കിയതാണെന്നും ഞങ്ങൾക്ക് രണ്ടുപേർക്കും ആ ക്രെയിനിൽ കോമ്പിനേഷൻ ഷോട്ടായിരുന്നു ആദ്യമെന്നും മഞ്ജു പഴയ ഓർമ പങ്കുവെച്ചുകൊണ്ട് പറഞ്ഞു.