കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ സംഘങ്ങൾ ആദ്യം പിടിയിലായ കേസിൽ മാസങ്ങൾ പിന്നിട്ടപ്പോഴാണ് ദിലീപിന്റെ പേര് ഉയർന്നു കേട്ടത്. അതേ വർഷം ജൂലൈ പത്തിന് അറസ്റ്റിലായ ദിലീപിന് മൂന്ന് മാസത്തോളം ജയിലിൽ കഴിഞ്ഞ ശേഷമാണ് ജാമ്യം ലഭിച്ചത്. വിചാരണ തുടങ്ങിയെങ്കിലും ഇടയ്ക്ക് പുതിയ വെളിപ്പെടുത്തലുണ്ടായി.
തുടർന്ന് ഹൈക്കോടതിയിൽ നിന്നും നടന് ജാമ്യം ലഭിക്കുകയായിരുന്നു. അന്ന് മുതൽ ആരംഭിച്ച നടിയുടെ നിയമപോരാട്ടങ്ങൾ ഏഴാം വർഷത്തിലേയ്ക്ക് കടക്കവെ അന്തിമ വിധി വരാനുള്ള കാത്തിരിപ്പിലാണ് കേരളക്കര. കേസിൽ ദിലീപിനെ കൂടി പ്രതിചേർക്കുന്നതിന് കൃത്യമായ തെളിവുകൾ ലഭ്യമാണെന്നാണ് പൊലീസ് നിരന്തരം അവകാശപ്പെടുന്നത്. എന്നാൽ മറുവശത്ത് അദ്ദേഹത്തെ കേസിൽ കുടുക്കാൻ വലിയ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് വാദിക്കുന്നവരും നിരവധിയാണ്.
സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് ദിലീപിനെ പിന്തുണച്ച് കൊണ്ടും വിമർശിച്ചുകൊണ്ടും രംഗത്തെത്തിയിരുന്നത്. അതിൽ ഒരാണ് സംവിധായകൻ ശാന്തിവിള ദിനേശ്. മഞ്ജു വാര്യർ ഒരു വെടിപൊട്ടിച്ചതോടെയാണ് കേസിന്റെ അന്വേഷണത്തിൽ വഴിത്തിരിവ് ഉണ്ടാകുന്നത് എന്നാണ് അദ്ദേഹം പറയുന്നത്.
സംഭവം നടന്ന് രണ്ടു ദിവസം കഴിഞ്ഞ് നടിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് എറണാകുളത്ത് സിനിമാക്കാർ ഒന്നിച്ചുകൂടിയ സ്ഥലത്ത് വെച്ചാണല്ലോ മഞ്ജു വാര്യർ ആദ്യം വെടിപൊട്ടിച്ചത്. ഇതൊരു ഗൂഡാലോചനയാണെന്ന്. ആ സമയത്ത് പൾസർ അടക്കം ഏഴെണ്ണം അകത്തു കിടക്കുകയാണ്. അഞ്ചു മാസം കഴിഞ്ഞ് പൾസർ പറഞ്ഞതിന്റെ പേരിൽ ദിലീപ് ജൂലൈ മാസത്തിൽ അറസ്റ്റിലാകുന്നുവെന്നും ശാന്തിവിള ദിനേശ് പറയുന്നു. ലൈറ്റ്സ് ആക്ഷൻ ക്യാമറ എന്ന സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതുവരെ ഞാൻ ആരുടെയും പേര് പറയില്ല, പറഞ്ഞിട്ടില്ല, കുറ്റവാളികളെ പോലീസ് പിടിക്കട്ടെ എന്ന് മാന്യമായി പറഞ്ഞ ആളായിരുന്നു ഈ ആക്രമിക്കപ്പെട്ട യുവ നടി. ഫെബ്രുവരി 17ന് ദിലീപിന്റെ കൊട്ടേഷൻ എന്ന് പറഞ്ഞിട്ടും എന്തുകൊണ്ടാവും യുവനടി ദിലീപിന്റെ പേര് പിറ്റേന്ന് തന്നെ പോലീസിനോട് പറയാത്തത് അല്ലെങ്കിൽ പിടി തോമസ് കാണാൻ വന്നപ്പോൾ അദ്ദേഹത്തിനോടെങ്കിലും പറയാത്തതെന്ന് മനസ്സിലാകുന്നില്ല.
എന്തായാലും ഒരു കാര്യം ഉറപ്പായി. ഈ നാട്ടിൽ പൾസർ സുനിമാർക്ക് മാത്രമേ ജീവിക്കാൻ കഴിയൂ. അല്ലാതെ നിയമത്തിനേയും പോലീസിനേയും പേടിച്ച് മാന്യമായി ജീവിക്കണമെന്ന് വിചാരിക്കുന്ന എന്നെപ്പോലുള്ളവർക്ക് ജീവിക്കാൻ പറ്റിയ നാടല്ല കേരളം. ബാറിൽ കയറി അടിച്ചുപൊട്ടിച്ചും ക്യാമറയുടെ മുന്നിലിരുന്ന് എന്റെ കയ്യിൽ ഒറിജിനൽ സിമും ഒറിജിനൽ ഫോണും ഉണ്ടെന്ന് മാത്രമല്ല, ഞാൻ തന്നെയാണ് ചെയ്തതെന്ന് പച്ചക്ക് പറയുന്ന പൾസർ സുനിമാർക്ക് ഇവിടെ സുഖമായി ജീവിക്കാം. അവർക്കൊക്കെ പൊലീസിന്റെയും ഭരിക്കുന്നവരുടേയും പിന്തുണ കിട്ടുന്നു.
എന്നേപോലുള്ളവരുടെ കാര്യത്തിൽ ഏതെങ്കിലും ഒരു നടിയുടെ പേര് പറഞ്ഞാൽ അവൾ കൊണ്ടുവന്ന പേപ്പർ കൊടുത്താൽ അപ്പോ വാറണ്ടും കൊണ്ടുവരുന്ന നാടാണ് ഇത്. ഞാൻ അതേക്കുറിച്ച് ഒരുപാട് പ്രാവശ്യം പറഞ്ഞിട്ടുണ്ട്. നമ്മൾ സ്ത്രീകളോട് കാണിക്കുന്ന ഒരു ബഹുമാനം ഉണ്ട്. ആ ബഹുമാനത്തിന് എനിക്ക് കിട്ടിയ പ്രതിഫലം പോക്സോ കേസിലെ പ്രതിയാക്കുക എന്നായിരുന്നു. നിങ്ങൾ ആലോചിച്ചു നോക്കൂ, തെമ്മാടികളാണ് ഈ നാട്ടിൽ നന്നായി ജീവിക്കുന്നത്.
ഞാൻ ഒരു സംവിധായകൻ തെമ്മാടിത്തരം കാണിച്ചതിനെ കുറിച്ച് പറഞ്ഞതിന്റെ പേരിൽ അയാൾക്ക് കേസ് കൊടുക്കാൻ പറ്റാത്തതുകൊണ്ട് പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ കൊണ്ട് കേസ് കൊടിപ്പിച്ച് എന്നെ പോക്സോ കേസിലെ പ്രതിയാക്കിയ നാടാണ്. പക്ഷേ അയാളെയാണ് എന്റെ പാർട്ടി ഭരിക്കുന്ന കേരളത്തിൽ കൊണ്ടുനടക്കുന്നത്. അയാൾക്ക് എന്തെല്ലാം ചെയ്തു കൊടുക്കാൻ പറ്റുമോ അതെല്ലാം ചെയ്തുകൊടുക്കുമെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർക്കുന്നു.
നടി ആക്രമിക്കപ്പെട്ട കേസിന്റെ വിധി പുറത്ത് വരണമെന്ന് ആഗ്രഹിക്കുന്ന ഒരേയൊരു വ്യക്തി ദിലീപ് മാത്രമാണ് എന്നാണ് ശാന്തിവിള ദിനേശ് നേരത്തെ പറഞ്ഞിരുന്നത്. വേറെ ആർക്കുണ്ട്, അതിജീവിതയ്ക്കുണ്ടോ? അന്വേഷണ ഉദ്യോഗസ്ഥർക്കുണ്ടോ? ഭരിക്കുന്ന മുഖ്യമന്ത്രിക്കുണ്ടോ? ഇവർക്ക് ആർക്കുമില്ല. ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് തന്നെ അന്നത്തെ ഡി ജി പിയായിരുന്ന സെൻകുമാർ എന്താണ് പറഞ്ഞത്. തന്റെ മുന്നിൽ വന്ന ഒരു ഫയലിലും ദിലീപിനെ ഈ കേസിൽ കുടുക്കാൻ കഴിയുന്ന തെളിവുകൾ ഇല്ലെന്ന് പറഞ്ഞത് എല്ലാവരും മറന്നോ. അദ്ദേഹം ഇപ്പോൾ ബി ജെ പിയിലേക്ക് പോയെങ്കിലും ഇപ്പോഴും തലസ്ഥാനത്ത് ജീവിച്ചിരിപ്പുണ്ട്.
നടിയെ ആക്രമിച്ച കേസിലെ മുഴുവൻ പേരേയും അഴിക്കുള്ളിലാക്കി എന്നായിരുന്നില്ലേ ഈ കേസ് തുടങ്ങുമ്പോൾ പിണറായി വിജയൻ പറഞ്ഞിരുന്നത്. ഈ കേസിൽ മറ്റാർക്കും പങ്കില്ലെന്നും പരസ്യമായി വ്യക്തമാക്കി. എന്നാൽ എ ഡി ജി പിയായ ഒരു മഹതി എല്ലാ തെളിവുകളും എന്റെ കൈവശം ഉണ്ട്, അറസ്റ്റ് ചെയ്യട്ടേയെന്ന് ഒരു മുഖ്യമന്ത്രിയോട് ചോദിച്ചാൽ അറസ്റ്റ് ചെയ്യണ്ട എന്ന് പറയുമോ.
ദിലീപിനെ അറസ്റ്റ് ചെയ്ത് ജയിലിൽ ഇട്ടിട്ട് വർഷം എട്ട് തികയാൻ പോകുന്നു. എന്തായി ആ തെളിവുകൾ. ഞാൻ താരം തെളിവെന്നാണ് ഇപ്പോൾ ഒന്നാം പ്രതി തന്നെ പറയുന്നത്. ഒർജിനൽ ഫോണും സിമ്മും തന്റെ കൈവശം ഉണ്ടെന്നാണ് അയാൾ പറയുന്നത്. എട്ട് വർഷം ദിലീപിന്റെ പിറകെ അന്വേഷിച്ച് നടന്നിട്ടും കിട്ടാത്ത തെളിവുകളാണ് പൾസർ സുനി തന്റെ കൈവശം ഉണ്ടെന്ന് പറയുന്നത്. ഇക്കാര്യം എന്തുകൊണ്ട് മുഖ്യമന്ത്രി അന്വേഷണ ഉദ്യോഗസ്ഥരോട് ചോദിക്കുന്നില്ലെന്നും ശാന്തിവിള ദിനേശ് ചോദിക്കുന്നു.
ഈ വെളിപ്പെടുത്തലൊക്കെ നടത്തിയിട്ടും ഒരു അന്വേഷണ ഉദ്യോഗസ്ഥരും പൾസർ സുനിയെ വിളിച്ച് വരുത്തിയിട്ടില്ല. ആരും വരുത്തില്ല, കാരണം പൾസർ സുനിയിൽ അല്ലല്ലോ അവരുടെ ലക്ഷ്യം. ഞങ്ങൾക്ക് ഏത് വിധേനയും ദിലീപിനെ ചട്ടിയിലാക്കണം എന്നതാണ് ചിന്ത. അല്ലെങ്കിൽ ഒർജിനൽ ഫോൺ ലഭിക്കാനുള്ള ശ്രമം നടത്തില്ലേ. അവർ അതിനൊന്നും പോകില്ല. ദിലീപ് എങ്ങനെയെങ്കിലും ഇതോടെ തീരണം എന്ന് മാത്രമേ അവർക്കുള്ളുവെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർത്തു.
ലോകത്ത് ആദ്യമായാണ് ഒരു നടിയെ പീഡിപ്പിച്ച ടീം സേഫായി എവിടെ ഇറക്കണമെന്ന ചോദിക്കുന്നത്. സാധാരണ അത്തരക്കാർ വലിച്ചെറിഞ്ഞ് പോകാനല്ലേ നോക്കുക? നടിയോട് അവര് ചോദിച്ചു എവിടെ എറക്കണമെന്ന്, അപ്പോ അവർ പറഞ്ഞത് ലാലിന്റെ വീട്ടിൽ ഇറക്കിവിടണമെന്നാണ്. ആശിഖ് അബുവും പട്ടണം റഷീദുമൊക്കെ താമസിക്കുന്നത് അതേ റോഡിലാണ്.
ലാലിന്റെ വീട്ടിൽ ഇറക്കിവിട്ട സ്ഥിതിക്ക് ആ സംഭവത്തിൽ നിങ്ങൾക്ക് അറിയുന്ന സത്യാവസ്ഥ പറയണമെന്ന് ഞാൻ ലാലിനോട് ആവശ്യപ്പെട്ടു. എന്തായാലും ആ സംഭവത്തോടെ ലാലുമായുള്ള ബന്ധം അവസാനിച്ചുവെന്നും ശാന്തിവിള ദിനേശ് പറയുന്നു. കേസൊന്നും എവിടെയും എത്തില്ല, പുള്ളിയ്ക്ക് ഇനിയും അവസരമുണ്ടെന്നാണ് ശാന്തിവിള ദിനേശ് പറഞ്ഞിരുന്നത്.
അതേസമയം, നടിയെ ആ്രമിക്കാനായി ദിലീപ് നൽകിയത് ഒന്നരക്കോടിയുടെ ക്വട്ടേഷൻ ആണെന്ന് ആണ് സുനി പറയുന്നത്. ഇനി തനിയ്ക്ക് 80 ലക്ഷം രൂപയോളം കിട്ടാനുണ്ടെന്നും പൾസർ സുനി അവകാശപ്പെടുന്നു. എന്തുകൊണ്ടാണ് ദിലീപ് ഇത്തരമൊരു ക്വട്ടേഷനിലേക്ക് നീങ്ങിയതെന്നും മാധ്യമപ്രവർത്തകനോട് പൾസർ സുനി പറയുന്നുണ്ട്. അതോടൊപ്പം തന്നെ കേസിലെ നിർണ്ണായക തെളിവായി മാറിയേക്കാവുന്ന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും മെമ്മറി കാർഡും സുരക്ഷിതമായിരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അത് എവിടെയാണെന്ന് തുറന്ന് പറയാൻ പൾസർ സുനി തയ്യാറായില്ല. മെമ്മറി കാർഡിലെ ദൃശ്യങ്ങളുടെ ഒന്നിലേറെ പകർപ്പുകൾ എടുത്തിട്ടുണ്ടെന്ന നിർണ്ണായക വെളിപ്പെടുത്തലും ഒന്നാം പ്രതി നടത്തുന്നുണ്ട്.
പകർപ്പുകൾ പൊലീസിന്റെ കൈവശമുണ്ടെങ്കിലും യഥാർത്ഥ മെമ്മറി കാർഡ് കണ്ടെത്താൻ പൊലീസിന് സാധിച്ചിരുന്നില്ല. വിചാരണ അവസാനഘട്ടത്തിൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ പൾസർ സുനിയുടെ വെളിപ്പെടുത്തൽ പ്രോസിക്യൂഷന് സഹായകരമാകുന്ന തെളിവായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. തന്നെ ആക്രമിക്കരുതെന്ന് നടി കരഞ്ഞ് പറഞ്ഞിരുന്നുവെന്ന വെളിപ്പെടുത്തലും സുനിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. എന്താണ് സംഭവിക്കാൻ പോകുന്നതെന്നതിനെക്കുറിച്ച് അതിജീവിതയ്ക്ക് അറിയാമായിരുന്നു.
തന്നെ ആക്രമിക്കാതിരുന്നാൽ എത്ര പണം വേണമെങ്കിലും നൽകാമെന്ന് നടി പറഞ്ഞു. എന്നാൽ അതിന് ഞാൻ തയ്യാറായില്ല. ആ പണം വാങ്ങിയിരുന്നെങ്കിൽ ഇന്നിപ്പോൾ ജയിലിൽ പോകാതെ സുഖമായി കഴിയാമായിരുന്നു. എന്നാൽ അതിലും വലിയ ഓഫർ ക്വട്ടേഷൻ നൽകിയവർ തന്നു. സ്വാഭാവികമായ ദൃശ്യങ്ങൾ എടുക്കാൻ സമ്മതിച്ചില്ലെങ്കിൽ ഫ്ലാറ്റിൽ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും പൾസർ സുനി പറയുന്നു.
നടിയെ ബലാത്സംഗം ചെയ്യാൻ ഒന്നരക്കോടിയുടെ ക്വട്ടേഷനാണ് ദിലീപ് നൽകിയത്. ബലാത്സംഗം പകർത്താനും നിർദേശിച്ചു. എന്താണ് ചെയ്യാൻ ഉദ്ദേശിച്ചത് എന്ന് അതിജീവിതയ്ക്ക് അറിയാം. അതിക്രമം ഒഴിവാക്കാൻ എത്രകാശും തരാമെന്ന് അതിജീവിത പറഞ്ഞു. ആ പണം വാങ്ങിയിരുന്നെങ്കിൽ ജയിലിൽ പോകാതെ രക്ഷപ്പെടാമായിരുന്നു. തന്റെ കുടുംബം തകർത്തതിലെ വൈരാഗ്യമായിരുന്നു ദിലീപിന്. അക്രമം നടക്കുമ്പോൾ ഞാൻ ദിലീപിന്റെ നിരീക്ഷണത്തിലായിരുന്നു. ഏതാണ്ട് രണ്ട് മണിക്കൂർ നേരമാണ് നടിയെ മാനസികമായു ശാരീരികമായും ഉപദ്രവിച്ചത്.
പലതവണ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തി. ബലാത്സംഗത്തിലൂടെ അതിജീവിതയെ പൂട്ടുകയായിരുന്നു ലക്ഷ്യമെന്നുമാണ് പൾസർ സുനി വെളിപ്പെടുത്തിയിരിക്കുന്നത്. 2017ലാണ് കൊച്ചിിൽ നടി ആക്രമിക്കപ്പെട്ട സംഭവം നടക്കുന്നത്. എന്നാൽ ഈ 2017 ന് മുമ്പും സമാനമായ രീതിയിലുള്ള കൃത്യം ചെയ്തിട്ടുണ്ടെന്നാണ് പൾസർ സുനി പറയുന്നത്. എന്നാൽ അവർ ആരും കേസിന് പോയില്ല. എല്ലാം ഒത്തുതീർപ്പിൽ എത്തുകയായിരുന്നു. അതൊന്നും ദിലീപ് പറഞ്ഞിട്ടായിരുന്നില്ല. എന്നാൽ ഈ കാര്യങ്ങളൊക്കെ നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായ ദിലീപ് അടക്കമുള്ള പലർക്കും അറിയാമായിരുന്നുവെന്നും പൾസർ സുനി സമ്മതിക്കുന്നു.
മാത്രമല്ല, പലരും കുടുങ്ങുന്ന നിർണായകമായ തെളിവുകൾ ആ ഫോണിലുണ്ടെന്നും പൾസർ സുനി പറയുന്നു. ദൃശ്യങ്ങളുളള മെമ്മറി കാർഡിന്റെ കോപ്പി അഭിഭാഷകയ്ക്ക് കൈമാറി. ഈ വക്കീൽ ഉളളപ്പോൾ വേറെ പേടിക്കണ്ടല്ലോ എന്ന് കരുതിയാണ് അവിടെ ചെന്ന് കീഴടങ്ങാൻ നോക്കിയത്. പക്ഷേ ആ വക്കീൽ തങ്ങളുടെ പാസ്‌പോർട്ട് അടക്കമുളളവ കോടതിയിൽ കൊടുത്തു. വിജീഷിന്റെ പാസ്‌പോർട്ട് സറണ്ടർ ചെയ്തു. അങ്ങനെയാണ് ആ വക്കീലുമായുളള വിശ്വാസം നഷ്ടപ്പെടുന്നത്.
നമ്മൾ സേഫ് ആകാൻ നോക്കിയപ്പോൾ പുളളി അത് കോടതിയിൽ കൊടുത്തു. മെമ്മറി കാർഡിന്റെ കോപ്പി പോലീസിന് ലഭിച്ചില്ലായിരുന്നുവെങ്കിൽ ഇത്ര നാൾ ജയിലിൽ കിടക്കേണ്ടി വരില്ലായിരുന്നു ഒറിജിനൽ ഫോൺ ഇത്ര നാളായി കണ്ടെത്താൻ സാധിക്കാത്തത് പോലീസിന്റെ കുഴപ്പമാണെന്നും പൾസർ സുനി പറയുന്നു.