‘ഏജന്റ് ടീന’യ്ക്ക് സമ്മാനവുമായി മഞ്ജു വാര്യര്‍’; വൈറലായി വീഡിയോ

കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു വിക്രം. ഈ ചിത്രത്തിലെ ഏജന്റ് ടീന എന്ന കഥാപാത്രത്തെ പ്രേക്ഷര്‍ അത്ര പെട്ടെന്ന് മറക്കാനിടയില്ല. തീപ്പാറും ആക്ഷന്‍ രംഗങ്ങള്‍കൊണ്ട് തിയേറ്ററില്‍ കയ്യടി നേടുകയായിരുന്നു ഏജന്റ് ടീന. നര്‍ത്തകിയായ വാസന്തിയാണ് ആ കഥാപാത്രത്തെ അവിസ്മരണീയമാക്കിയത്.

ഇപ്പോഴിതാ മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യര്‍ക്ക് ഒപ്പമുള്ളൊരു വീഡിയോ പങ്കിടുകയാണ് വാസന്തി. മഞ്ജു വാസന്തിയ്ക്ക് ഒരു സമ്മാനം നല്‍കുന്നതും ആലിംഗനം ചെയ്യുന്നതുമാണ് വീഡിയോയില്‍ കാണാനാവുക. വിലപ്പിടിച്ചൊരു സമ്മാനമാണ് മഞ്ജു മാഡം നല്‍കിയതെന്നാണ് വീഡിയോ പങ്കുവച്ച് വാസന്തി കുറിച്ചത്.

വര്‍ഷങ്ങളായി നൃത്തരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന കലാകാരിയാണ് വാസന്തി. നൃത്തസംവിധായകന്‍ ദിനേശ് മാസ്റ്ററുടെ സഹായിയായി മാസ്റ്റര്‍ എന്ന ചിത്രത്തില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ലോകേഷ് കനകരാജ് വിക്രത്തിലേക്ക് വാസന്തിയെ ക്ഷണിച്ചത്.

അതേസമയം, രജനീകാന്ത് നായകനാവുന്ന’വേട്ടയ്യന്‍’എന്ന ചിത്രത്തിന്റെ തിരക്കിലാണ് മഞ്ജു വാര്യര്‍. ചിത്രത്തില്‍ നായികയായാണ് മഞ്ജു എത്തുന്നത്. ടി.ജി. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടയ്യനില്‍ അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ ദഗുബാട്ടി, കിഷോര്‍, റിതിക സിങ്, ദുഷാര വിജയന്‍, ജി.എം. സുന്ദര്‍, രോഹിണി, റാവൊ രമേശ്, രമേശ് തിലക്, രക്ഷന്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ജയ് ഭീം എന്ന ചിത്രത്തിനു ശേഷം ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. എസ്.ആര്‍. കതിര്‍ ആണ് ഛായാഗ്രഹണം. സംഗീതം അനിരുദ്ധ്. ആക്ഷന്‍ അന്‍പറിവ്. എഡിറ്റിങ് ഫിലോമിന്‍ രാജ്. ലൈക പ്രൊഡക്ഷന്‍സ് ആണ് നിര്‍മാണം.

Vijayasree Vijayasree :