ഒരിക്കലും സംഭവിക്കില്ല എന്ന് കരുതിയ കാര്യമാണ് നടന്നിരിക്കുന്നത്; ഡിസംബര്‍ മിസ്റ്റില്‍ പങ്കെടുത്ത് മഞ്ജു പറഞ്ഞ വാക്കുകള്‍ വൈറല്‍

മലയാളികള്‍ക്ക് മഞ്ജു വാര്യര്‍ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ ലോകത്ത് തന്റേതായ ഇടം സ്വന്തമാക്കി, തന്റെ ജൈത്രയാത്ര തുടരുകയാണ് നടി. രണ്ട് വര്‍ഷം തുടര്‍ച്ചയായി സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ കലാ തിലകം പട്ടം അണിഞ്ഞിട്ടുള്ള മഞ്ജു വാര്യര്‍ 1995ല്‍ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചലച്ചിത്രത്തിലൂടെയാണ് ആദ്യമായി മലയാള സിനിമയിലേയ്ക്ക് എത്തുന്നത്.

തന്റെ പതിനെട്ടാമത്തെ വയസ്സില്‍ സല്ലാപം എന്ന ചിത്രത്തിലെ നായികാ കഥാപത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. നായകനായി എത്തിയത് ദിലീപും. അതിനു ശേഷം ഏകദേശം ഇരുപതോളം മലയാള സിനിമകളില്‍ വ്യക്തിത്വമുള്ള ഒട്ടേറെ നായികാ കഥാപാത്രങ്ങളിലൂടെ മഞ്ജു പ്രേക്ഷകരെയും സഹപ്രവര്‍ത്തകരെയും ഒരു പോലെ വിസ്മയിപ്പിച്ചു.

ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിന് മഞ്ജുവിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു. 1999ല്‍ കണ്ണെഴുതി പൊട്ടൂം തൊട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചു. സിനിമയില്‍ ഉയരങ്ങള്‍ കീഴടക്കുന്നതിനിടയിലായിരുന്നു നടന്‍ ദിലീപുമായിട്ടുള്ള വിവാഹം. ഇതിനു ശേഷം മഞ്ജു വാര്യര്‍ സിനിമാ അഭിനയം നിര്‍ത്തി കുടുംബിനിയായി കഴിയുകയായിരുന്നു.

പിന്നീട് നീണ്ട 14 വര്‍ഷങ്ങള്‍ക്കു ശേഷം 2012 ഒക്ടോബര്‍ 24നായിരുന്നു മഞ്ജു വാര്യര്‍ വീണ്ടും അരങ്ങിലേയ്‌ക്കെത്തിയത്. ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയിലെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലാണ് നൃത്തം ചെയ്തത്. പിന്നാലെ 2014ല്‍ ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിലൂടെ വന്‍ തിരിച്ചു വരവ് നടത്തി. ഇപ്പോള്‍ മലയാളത്തിന് പുറത്തും ഒട്ടനവധി നിരവധി ജനപ്രിയ സിനിമകളില്‍ അഭിനയിച്ചു മുന്നേറുകയാണ് മഞ്ജു.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ മഞ്ജുവിന്റെ വ്യക്തി ജീവിതം എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. മഞ്ജു പറയുന്നതിലെല്ലാം കുടുംബവുമായി ബന്ധപ്പെടുത്തിയുള്ള വാര്‍ത്തകളും കമന്റുകളുമാണ് പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഇപ്പോഴിതാ ഇസ്രായേലില്‍ ഡിസംബര്‍ മിസ്റ്റ് എന്ന പ്രോഗ്രാമില്‍ പങ്കെടുത്തപ്പോള്‍ മഞ്ജു പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയ്ക്ക് വഴിതെളിച്ചിരിക്കുന്നത്.

ഒരിക്കലും സംഭവിക്കില്ല എന്ന് കരുതിയ കാര്യമാണ് നടന്നിരിക്കുന്നതെന്നാണ് മഞ്ജു പറയുന്നത്. ഇന്ന് ഈ വേദിയില്‍ നിന്ന് ഈ വിഷ് പറയുമ്പോള്‍ ഭയങ്കര പ്രത്യേകതയുണ്ട്. കാരണം യേശുദേവന്‍ ജനിച്ച രാജ്യത്താണ് നമ്മള്‍ നില്‍ക്കുന്നത്. അവിടെ നിന്നുകൊണ്ടാണ് ഈ ക്രിസ്മസ് വിഷൊക്കെ പറയാന്‍ സാധിക്കുന്നത്. ഇതുവരെ ഇങ്ങനൊരു ഭാഗ്യം എനിക്ക് ഉണ്ടായിട്ടില്ല. ഇത്രയും സ്‌നേഹം കവിഞ്ഞൊഴുകുന്ന വേദിയില്‍ അതിന്റെ പതിനായിരം മടങ്ങ് തിരിച്ചു തന്നുകൊണ്ടു തന്നെ എല്ലാവര്‍ക്കും സന്തോഷവും സമാധാനവും മനസമാധാനവും ആരോഗ്യവുമുള്ള ഒരു പുതിയ വര്‍ഷം നിങ്ങള്‍ക്ക് ഉണ്ടാകട്ടെ, നിങ്ങള്‍ ആഗ്രഹിക്കുന്ന എല്ലാ നല്ല കാര്യങ്ങളും സംഭവിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നുവെന്നും മഞ്ജു വാര്യര്‍ പറയുന്നു.

മാത്രമല്ല, ഈ സ്റ്റേജിലും സദസിലുമൊക്കെ നിറഞ്ഞ് നില്‍ക്കുന്ന എനര്‍ജിയെ കുറിച്ചും മഞ്ജു സംസാരിച്ചു. ഏറ്റവും പ്രധാനമായിട്ട് പറയേണ്ടത് കാണികളുടെ എനര്‍ജിയാണ്. ഇസ്രയേല്‍ പോലുള്ള ഒരു രാജ്യത്ത് എനിക്ക് വരാന്‍ സാധിക്കുമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നതല്ല. പാട്ടുകളിലും ഹിസ്റ്ററി ബുക്കുകളിലും വാര്‍ത്തകളിലും ചര്‍ച്ചകളിലുമൊക്കെയാണ് ഇസ്രയേല്‍ എന്ന പേര് കേട്ടിരിക്കുന്നത്. ആ ഒരു സ്ഥലത്ത് ഇപ്പോള്‍ വന്ന് നില്‍ക്കാന്‍ കഴിയുന്നത് ഭാഗ്യവും കലയും പ്രേക്ഷകരുടെ സ്‌നേഹവും കൊണ്ടു തന്നെയാണെന്നും മഞ്ജു വാര്യര്‍ പറയുന്നു.

ഇതിന് പിന്നാലെയാണ് മഞ്ജുവിന്റെ വാക്കുകളിലെ അര്‍ത്ഥങ്ങളെ കുറിച്ച് പലരും കമന്റുകള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയത്. മഞ്ജു 14 വര്‍ഷം കഴിഞ്ഞ ആ തടവറയില്‍ നിന്നും രക്ഷപ്പെട്ടതു കൊണ്ടാണ് ഇവിടെ എത്തിയതെന്നും ദൈവത്തോട് നന്ദി പറയണമെന്നുമാണ് ഒരു കമന്റ്. സ്വപ്‌നം പോലും കണ്ടിട്ടില്ലാത്ത ആ വലിയ ഭാഗ്യം മഞ്ജുവിന് ലഭിച്ചുവെന്നും അത് മഞ്ജുവിന്റെ മനസിന്റെ നന്മയാണെന്നുമാണ് ഒരു ആരാധകന്‍ പറയുന്നത്. ദിലീപിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ടതുകൊണ്ടാണ് മഞ്ജു ഇപ്പോള്‍ ഇവിടെയെത്തിയത് എന്ന് മഞ്ജു പൊതുവേദിയില്‍ പറയാതെ പറഞ്ഞുവെച്ചുവെന്നുമാണ് മറ്റൊരാളുടെ കമന്റ്.

Vijayasree Vijayasree :