ഭയങ്കര സന്തോഷമൊന്നും ആരുടെ മുഖത്തും ഞാൻ കണ്ടിരുന്നില്ല, സല്ലാപത്തിൽ നിന്നും എന്നെ മാറ്റുമെന്നാണ് കരുതിയിരുന്നത്; മഞ്ജു വാര്യർ

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിൽക്കവെയാണ് താരം വിവാഹിതയാകുന്നത്. അതോടെ അഭിനയത്തിൽ നിന്നും പിന്മാറിയ താരം പതിനഞ്ചു വർഷങ്ങൾക്ക് ശേഷമാണ് അഭിനയത്തിലേയ്ക്ക് തിരിച്ചെത്തുന്നത്. താരത്തിന്റെ സിനിമയിലേക്കുള്ള മടങ്ങി വരവ് ഇന്നും പ്രേക്ഷകർക്കിടയിൽ ഒരു ചർച്ചാ വിഷയമാണ്. ലേഡി സൂപ്പർസ്റ്റാറായി ആരാധകർ വാഴ്ത്തുന്ന മഞ്ജു ഓൺസ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ഏവർക്കും പ്രിയങ്കരിയാണ്.

തൊണ്ണൂറുകളിൽ മഞ്ജു വാര്യർ പ്രേക്ഷകർക്കിടയിലുണ്ടാക്കിയ തരം​ഗം ചെറുതല്ല. സാക്ഷ്യം എന്ന സിനിമയിലൂടെയാണ് നടി തുടക്കം കുറിക്കുന്നത്. ദിലീപിനൊപ്പമുള്ള സല്ലാപമാണ് നടിയുടെ കരിയറിൽ തന്നെ വഴിത്തിരിവായത്. 1996 ൽ പുറത്തെത്തിയ ഈ ചിത്രത്തെ കുറിച്ച് മഞ്ജു വാര്യർ മുമ്പ് ഒരു അഭിമുഖത്തിൽ പറഞഅഞ വാക്കുകളാണ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

ആദ്യമായി അഭിനയിച്ച സിനിമ സാക്ഷ്യമാണെങ്കിലും നായികയായത് സല്ലാപത്തിലാണ്. കലാതിലകമായി വന്ന കവർ പേജ് കണ്ടിട്ടാണ് ലോഹി സർ ഓഡിഷൻ വെച്ചത്. സല്ലാപം ഷൂട്ട് തുടങ്ങി കുറച്ച് ദിവസം കഴിഞ്ഞപ്പോഴും ചിലപ്പോൾ എന്നെ മാറ്റുമെന്നാണ് കരുതിയത്. ഭയങ്കര സന്തോഷമൊന്നും ആരുടെ മുഖത്തും ഞാൻ കണ്ടിരുന്നില്ല.

ഞാൻ ഡാൻസ് പഠിക്കാൻ തുടങ്ങിയത് അമ്മയുടെ ആ​ഗ്രഹം കൊണ്ട് മാത്രമാണ്. അമ്മയ്ക്ക് കുട്ടിക്കാലത്ത് ഡാൻസ് പഠിക്കാൻ ആ​ഗ്രഹമായിരുന്നു. ആ സമയത്തെ സാഹചര്യങ്ങൾ കൊണ്ട് പഠിക്കാൻ പറ്റിയില്ല. എനിക്ക് ആ​ഗ്രഹം വരുന്നതിന് മുമ്പേ എന്നെ ഡാൻസിന് ചേർത്തു. നാല് വയസിൽ പഠിക്കാൻ തുടങ്ങിയതാണെന്നും മഞ്ജു വാര്യർ ഓർത്ത് പറഞ്ഞു.

ഈ പുഴയും കടന്ന്, സല്ലാപം എന്നീ ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചതോടെയാണ് ദിലീപും മഞ്ജു വാര്യരും അടുപ്പത്തിലാകുന്നത്. അധികം താമസിയാതെ ഇരുവരുടെയും പ്രണയം പൂവിട്ടു. മഞ്ജു അക്കാലത്ത് സൂപ്പർതാര പദവിയിലേയ്ക്ക് എത്തിയിരുന്നു. ദിലീപിന് ഇപ്പോൾ ഉള്ള പോലെ താരപദവിയുണ്ടായിരുന്നില്ല. ദിലീപിനെ വിവാഹം കഴിക്കാൻ താൻ ആഗ്രഹിക്കുന്ന വിവരം മഞ്ജു വീട്ടിൽ പറഞ്ഞു. ദിലീപുമായുള്ള ബന്ധത്തെ മഞ്ജുവിന്റെ വീട്ടുകാർ ശക്തമായി എതിർത്തിരുന്നു. എന്നിട്ടും ഇരുവരും വിവാഹം കഴിക്കുകയായിരുന്നു.

1998 ലായിരുന്നു ദിലീപ് മഞ്ജു വാര്യരെ വിവാഹം കഴിക്കുന്നത്. ഇതോടെ അഭിനയത്തിൽ നിന്നും മഞ്ജു പിന്മാറിയിരുന്നു. പതിനാല് വർഷത്തിന് ശേഷം 2014 ൽ ഇരുവരും വിവാഹ മോചിതരാകുകയായിരുന്നു. ശേഷം 2016 ൽ ആണ് ദിലീപ് കാവ്യ മാധവനെ വിവാഹം കഴിക്കുന്നത്. തന്റെ പേരിൽ അപവാദം കേട്ട താരത്തെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് ദിലീപ് പറഞ്ഞത്.

അതേസമയം, വമ്പൻ ചിത്രങ്ങളാണ് മഞ്ജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. രജനീകാന്തിനൊപ്പമുള്ള വേട്ടയ്യൻ, വിജയ് സേതുപതിയ്ക്കൊപ്പം വിടുതലൈയുടെ രണ്ടാം ഭാഗം, മോഹൻലാലിനൊപ്പം എമ്പുരാൻ എന്നീ വമ്പൻ ചിത്രങ്ങളാണ് മഞ്ജുവിന്റേതായി വരാനിരിക്കുന്നത്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നടിയുടെ പിറന്നാളിനോട് അനുബന്ധിച്ച് വേട്ടയ്യൻ എന്ന ചിത്രത്തിന്റെ ലിറിക്കൽ ഗാനം പുറത്ത് വിട്ടിരുന്നു. സ്റ്റൈൽ മന്നൻ രജനികാന്തിനൊപ്പം ചുവടു വെയ്ക്കുന്ന മഞ്ജുവിന്റെ വീഡിയോ വൈറലായിരുന്നു. രജനികാന്തിനെ കേന്ദ്രകഥാപാത്രമാക്കി ടി.ജി. ജ്ഞാനവേൽ ആണ്സംവിധാനം. ‘മനസിലായോ’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക് വിഡിയോ യുട്യൂബിലെത്തി നിമിഷങ്ങൾക്കകം തന്നെ നിരവധി പേരാണ് കണ്ടിരിക്കുന്നത്.

ട്രെൻഡിങ്ങിൽ ആയിരുന്ന ഗാനത്തിന്റെ പ്രധാന ആകർഷണം രജനികാന്തിന്റെയും മഞ്ജുവിന്റെയും ചുവടുകളാണ്. കറുപ്പണിഞ്ഞ് രജനിയും ചുവന്ന സാരിയിൽ മഞ്ജുവും ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നു. ചുവന്ന സാരിക്കൊപ്പം കൂളിങ് ഗ്ലാസ് ധരിച്ച് ‘കൂൾ’ ലുക്കിലാണ് മഞ്ജു വാരിയർ. പതിവിൽ നിന്നു വ്യത്യസ്തമായി ലൗഡ് പെർഫോർമൻസുമായാണ് മഞ്ജു എത്തുന്നത്.

Vijayasree Vijayasree :