മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. ഏത് തരം കഥാപാത്രങ്ങളും തന്നിൽ ഭദ്രമാണെന്ന് തെളിയിച്ച മഞ്ജു മലയാളികളുടെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ ആണ്. മഞ്ജുവിന്റെ അഭിനയത്തിന് മുന്നിൽ അമ്പരന്ന് നിന്ന് പോയതിനെക്കുറിച്ച് സംവിധായകരെല്ലാം തുറന്നുപറഞ്ഞിട്ടുമുണ്ട്. സിനിമയിൽ തിളങ്ങി നിൽക്കവെയാണ് താരം വിവാഹിതയാകുന്നത്. അതോടെ അഭിനയത്തിൽ നിന്നും പിന്മാറിയ താരം പതിനഞ്ചു വർഷങ്ങൾക്ക് ശേഷമാണ് അഭിനയത്തിലേയ്ക്ക് തിരിച്ചെത്തുന്നത്.
രണ്ടാം വരവിലും നായികയായി തിളങ്ങിയ മഞ്ജു വ്യത്യസ്തമാർന്ന നിരവധി കഥാപാത്രങ്ങൾ പ്രേക്ഷകർക്കായി സമ്മാനിച്ചു കഴിഞ്ഞു. ഇപ്പോൾ വളരെ സ്റ്റെെലിഷായി ചെറുപ്പമായ മഞ്ജുവിനെയാണ് പ്രേക്ഷകർ കാണുന്നത്. ഏവർക്കും മഞ്ജു ഒരു പ്രചോദനമാണെന്നാണ് ആരാധകർ പറയുന്നത്. തന്റെ സ്വപ്നങ്ങളും നടക്കാതെ പോയ ആഗ്രഹങ്ങളുമൊക്കെ നേടിയെടുക്കുന്ന തിരക്കിലും സന്തോഷത്തിലുമാണ് നടി.
ഇപ്പോഴിതാ തമിഴ് സിനിമകളുടെ തിരക്ക് മൂലം ഒഴിവാക്കേണ്ടി വന്ന മലയാളം സിനിമകളെക്കുറിച്ച് പറയുകയാണ് മഞ്ജു വാര്യർ. നേര് എന്ന സിനിമ, L360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി-മോഹൻലാൽ കൂട്ടുകെട്ടിലാെരുങ്ങുന്ന സിനിമ, എന്നിവയൊക്കെ തനിക്ക് വിഷമത്തോടെ വേണ്ടെന്ന് വെക്കേണ്ടി വന്നതാണ്. നേരത്തെ തമിഴ് സിനിമകൾക്ക് വേണ്ടി ഡേറ്റ് കൊടുത്ത് പോയിരുന്നു.
വളരെ നല്ല തമിഴ് സിനിമകൾ മൂന്നെണ്ണം തുടരെ വന്നു. അതിന്റെ കൂട്ടത്തിൽ എമ്പുരാൻ മാത്രമാണ് മലയാളത്തിൽ ചെയ്യാൻ സമയം കിട്ടിയത് എന്നുമാണ് മഞ്ജു വാര്യർ പറയുന്നത്. തമിഴ്നാട്ടിലായിരുന്നു കുട്ടിക്കാലം. ഈ ഓർമകൾ ഇപ്പോഴും എന്നിലുണ്ട്. കുട്ടിക്കാലത്തെ നൊസ്റ്റാൾജിയ ശക്തമായതിനായിരിക്കണം തമിഴ് സംസാരിക്കുന്നത് എവിടെയെങ്കിലും കേട്ടാൽ ഞാൻ ചെവി കൂർപ്പിക്കും.
അസുരൻ ഷൂട്ട് ചെയ്തത് കോവിൽപെട്ടി എന്ന് പറയുന്ന സ്ഥലത്താണ്. ഞാൻ പണ്ട് താമസിച്ച നാഗാർകോവിലിന്റെ അന്തരീക്ഷമാണ് അവിടെ. അത് ഞാൻ നന്നായി ആസ്വദിച്ചു. പൂർണമായും തമിഴ് സംസാരിക്കുന്ന സെറ്റിൽ പോകുമ്പോൾ തീർച്ചയായും കുട്ടിക്കാലത്തേക്കുള്ള തിരിച്ച് പോക്കുണ്ട്. നാഗാർകോവിലിൽ പോകുമ്പോൾ ഞങ്ങൾ പണ്ട് താമസിച്ച വാടക വീടുകളുടെ മുന്നിൽ വെറുതെയെങ്കിലും പോയി രണ്ട് മിനുട്ട് നിൽക്കാറുണ്ട്.
അടുത്തിടെ ലേഡി സൂപ്പർസ്റ്റാർ എന്ന വാക്ക് തന്നെ തനിക്ക് ഇപ്പോൾ ഇൻസൾട്ട് ആയിട്ടാണ് തോന്നുന്നതെന്ന് താരം പറഞ്ഞിരുന്നു. കാരണം പലരും ആ വാക്ക് ഓവർ യൂസ് ചെയ്ത് അവരവരുടെ ഡെഫനിഷൻസ് കൊടുക്കുകയാണ്. അതിനെ സംബന്ധിച്ച് ആവശ്യം ഇല്ലാത്ത ചർച്ചകളാണ് സോഷ്യൽ മീഡിയകളിൽ ഒക്കെ നടക്കുന്നത്.
അതുകൊണ്ട് എനിക്ക് അതിലേക്കേ കടക്കണ്ട. എനിക്ക് ആളുകളുടെ സ്‌നേഹം മതി. അല്ലാതെ ഈ ടൈറ്റിലുകൾ വേണ്ട. ഒരു സിനിമയ്ക്ക് ആവശ്യമായ കഥാപാത്രങ്ങൾ മതിയാകും. എന്നെ സംബന്ധിച്ച് ഈ നായിക – നായകൻ എന്ന് ജെൻഡറിനെ ബേസ് ചെയ്ത് പറയുന്നത് തന്നെ ഔട്ട് ഡേറ്റഡാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത് എന്നുമാണ് താരം പറഞ്ഞത്.
അതേസമയം, വേട്ടെയാൻ, വിടുതലെ 2, മിസ്റ്റർ എക്സ് എന്നിവയാണ് മഞ്ജുവിന്റെ പുറത്തിറങ്ങാനിരിക്കുന്ന തമിഴ് സിനിമകൾ. രജനികാന്തിന്റെ ഭാര്യയായി ആണ് മഞ്ജു വെട്ടയ്യനിൽ എത്തുന്നത്. വിടുതലൈ 2 ൽ വിജയ് സേതുപതിയാണ് നായകൻ. ആര്യ, ഗൗതം കാർത്തിക് എന്നിവർക്കൊപ്പമാണ് മിസ്റ്റർ എക്സിൽ മഞ്ജു അഭിനയിക്കുന്നത്.
ഫൂട്ടേജാണ് നടിയുടെ പുതിയ ചിത്രം. ആഗസ്റ്റ് 23 ന് ആണ് തിയേറ്ററുകളിലെത്തുക. എഡിറ്റർ സൈജു ശ്രീധർ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ഫൂട്ടേജ്. വിശാഖ് നായർ, ഗായത്രി അശോക് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് മഞ്ജു വാര്യർ മലയാളത്തിലേക്ക് വീണ്ടുമെത്തുന്നത്.