ആ വേഷത്തില്‍ നിന്നപ്പോള്‍ ഞാന്‍ എന്നെത്തന്നെ വിളിച്ചത് ഡാന്‍സ് മാസ്റ്റര്‍ വിക്രം എന്നായിരുന്നു, ട്രോളുകൾ ആസ്വദിച്ചു; തുറന്ന് പറഞ്ഞ് മഞ്ജു വാര്യര്‍

മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയ നടിയാണ് മഞ്ജു വാര്യർ. വെള്ളിത്തിരയില്‍നിന്ന് ശക്തമായ കഥാപാത്രങ്ങളായി മലയാളികളുടെ ഹൃദയത്തിലേക്ക് നടന്നുകയറിയ നായികയാണ് മഞ്ജു. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരികയും മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുകയും ചെയ്ത നടി ഇപ്പോൾ കൈനിറയെ ചിത്രങ്ങളുമായി മുന്നേറുകയാണ്.

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രമാണ് ആയിഷ. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിന്റേതായി മുമ്പ് റിലീസ് ചെയ്ത പോസ്റ്ററുകളെല്ലാം തന്നെ ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. അടുത്തിടെയാണ് ചിത്രത്തിലെ ഗാനം പുറത്തിറങ്ങിയത് . പാട്ട് വൈറലായതോടെ നിരവധി ട്രോളുകളും വന്നിരുന്നു. കൊറിയോഗ്രാഫിയെ വിമർശിച്ചുകൊണ്ടായിരുന്നു കൂടുതൽ ട്രോളുകളും.

ഇപ്പോഴിതാ, ആ ഗാന രംഗത്തിന് ട്രോളുകള്‍ പ്രതീക്ഷിച്ചിരുന്നുവെന്ന് പറയുകയാണ് മഞ്ജു ഇപ്പോൾ. ഡാന്‍സ് മാസ്റ്റര്‍ വിക്രമമുമായുള്ള സാദൃശ്യത്തിനായിരുന്നു കൂടുതല്‍ ട്രോളുകള്‍ വന്നത്. ‘ആ വേഷത്തില്‍ നിന്നപ്പോള്‍ ഞാന്‍ എന്നെത്തന്നെ വിളിച്ചത് ഡാന്‍സ് മാസ്റ്റര്‍ വിക്രം എന്നായിരുന്നു’ എന്ന് മഞ്ജു പറയുന്നു. പ്രതീക്ഷിച്ച പോലെ വളരെ മനോഹരമായ ട്രോളുകള്‍ വന്നിരുന്നു. അത് ആസ്വദിക്കുകയും ചെയ്തു. ഗാനരംഗത്തിൽ കണ്ടത് തന്റെ ഒറിജിനൽ മുടി തന്നെ ആയിരുന്നെന്നും നടി പറഞ്ഞു.

ആമിർ പള്ളിക്കലാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ഏഴ് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രമാണ് ആയിഷ. ഇതാദ്യമാണ് മഞ്ജു വാര്യരുടെ ഒരു സിനിമ ഇത്രയും ഭാഷകളിൽ എത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ഇംഗ്ലീഷ്, അറബിക് ഭാഷകളിലാണ് ചിത്രത്തിന്റെ റിലീസ്. ആഷിഫ് കക്കോടിയാണ് രചന നിർവഹിച്ചിരിക്കുന്നത്. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയയാണ് നിര്‍മ്മാണം. ആയിഷയിലെ കണ്ണില് കണ്ണില് എന്ന് തുടങ്ങുന്ന വീഡിയോ ​ഗാനമാണ് രണ്ടാഴ്ച മുൻപ് പുറത്തെത്തിയത്. ചടുലമായ നൃത്ത ചുവടുകളുമായെത്തുന്ന മഞ്ജു വാര്യരെ ഗാനരംഗത്തിൽ കാണാം. പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ ​ഗാനം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. പ്രഭുദേവയുടേതാണ് കൊറിയോ​ഗ്രഫി. നീണ്ട ഇടവേളയ്ക്കു ശേഷമാണ് പ്രഭുദേവ ഒരു മലയാള സിനിമയില്‍കൊറിയോഗ്രാഫർ ആകുന്നത്.

ബി.കെ ഹരിനാരായണൻ എഴുതി എം.ജയചന്ദ്രൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അഹി അജയനാണ്.

Noora T Noora T :