സ്റ്റൈൽ മന്നൻ രജനികാന്തിനൊപ്പം പൊളിച്ചടുക്കി മഞ്ജു വാര്യർ; മഞ്ജുവിന് പിറന്നാൾ സമ്മാനവുമായി വേട്ടയ്യൻ ടീം

മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും നമ്മെ വിസ്മയിപ്പിച്ച മഞ്ജു വാര്യർക്ക് ഇന്ന് നാൽപ്പത്തിയാറാം പിറന്നാൾ ആണ്. അഭിനയത്തിന്റെ അമൂർത്തമായ ഭാവങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്ക് കയറിയ മഞ്ജു വാര്യർ അന്നും ഇന്നും എന്നും മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ്.

മലയാളത്തിൻ്റെ ഈ പ്രിയനടിയെ കുറിച്ചോർക്കുമ്പോൾ ചിലർ വരുമ്പോൾ ചരിത്രം വഴിമാറുന്നു എന്ന പരസ്യവാചകമാണ് ആരാധകർ പറയാറുള്ളത്. കേരളീയരുടെ സ്വകാര്യ അഹങ്കാരമായ മഞ്ജുവിന് പിറന്നാൾ ആശംസകൾ നേർന്ന് നിരവധി പേരാണ് എത്തുന്നത്. എന്നാൽ ഇപ്പോഴിതാ മഞ്ജുവിന് വമ്പൻ സമ്മാനവുമായി ആണ് നടി നായികയായി എത്തുന്ന രജനികാന്ത് ചിത്രം വേട്ടയ്യന്റെ അണിയറപ്രവർത്തകർ എത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം നടിയുടെ പിറന്നാളിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ ലിറിക്കൽ ​ഗാനം പുറത്ത് വിട്ടിരുന്നു. സ്റ്റൈൽ മന്നൻ രജനികാന്തിനൊപ്പം ചുവടു വെയ്ക്കുന്ന മഞ്ജുവിന്റെ ചിത്രങ്ങൾ ഇതിനോടകം വൈറലായി മാറിയിട്ടുണ്ട്. രജനികാന്തിനെ കേന്ദ്രകഥാപാത്രമാക്കി ടി.ജി. ജ്ഞാനവേൽ ആണ്സംവിധാനം. ‘മനസിലായോ’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക് വിഡിയോ യുട്യൂബിലെത്തി നിമിഷങ്ങൾക്കകം തന്നെ നിരവധി പേരാണ് കണ്ടിരിക്കുന്നത്.

ട്രെൻഡിങ്ങിൽ തുടരുന്ന ഗാനത്തിന്റെ പ്രധാന ആകർഷണം രജനികാന്തിന്റെയും മഞ്ജുവിന്റെയും ചുവടുകളാണ്. കറുപ്പണിഞ്ഞ് രജനിയും ചുവന്ന സാരിയിൽ മഞ്ജുവും ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നു. ചുവന്ന സാരിക്കൊപ്പം കൂളിങ് ഗ്ലാസ് ധരിച്ച് ‘കൂൾ’ ലുക്കിലാണ് മഞ്ജു വാരിയർ. പതിവിൽ നിന്നു വ്യത്യസ്തമായി ലൗഡ് പെർഫോർമൻസുമായാണ് മഞ്ജു എത്തുന്നത്. അനിരുദ്ധ് രവിചന്ദറാണ് സം​ഗീത സംവിധാനം.

മലേഷ്യ വാസുദേവൻ, യുഗേന്ദ്രൻ വാസുദേവൻ, ദീപ്തി സുരേഷ് എന്നിവർ ചേർന്ന് ആലപിച്ചിരിക്കുന്ന ​ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് സൂപ്പർ സുബുവും വിഷ്ണു എടവനും ചേർന്നാണ്. ജയിലറിനു ശേഷം അനിരുദ്ധും രജനികാന്തും ഒന്നിക്കുന്ന ചിത്രമാണ് വേട്ടയ്യൻ. ജയിലറിലെ ഗാനങ്ങൾ പോലെ ഈ ചിത്രത്തിലെ ഗാനങ്ങളും സമൂഹമാധ്യമങ്ങളിൽ തരംഗമാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

‘ജയ് ഭീം’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം സംവിധായകൻ ജ്ഞാനവേൽ ഒരുക്കുന്ന വമ്പൻ താരനിരയുള്ള ഒരു ആക്‌ഷൻ എന്റർടെയ്‌നർ ചിത്രമാണ് വേട്ടയ്യൻ. റിട്ട. പോലീസ് ഓഫിസറുടെ വേഷത്തിലാണ് രജനികാന്ത് സിനിമയിൽ പ്രത്യക്ഷപ്പെടുന്നത് എന്നാണ് വിവരം. 32 വർഷങ്ങൾക്കു ശേഷം അമിതാഭ് ബച്ചനും രജനികാന്തും ഒരുമിച്ചഭിനയിക്കുന്ന ചിത്രം കൂടിയെന്ന പ്രത്യേകത കൂടിയുണ്ട്.

അതേസമയം, ഫഹദ് ഫാസിൽ, റാണ ദഗ്ഗുബതി, റിതിക സിങ്, ദുഷാര വിജയൻ എന്ന് തുടങ്ങി വമ്പൻ താരനിരയും ചിത്രത്തിലുണ്ട്. രജനികാന്തിന്റെ 170-ാം ചിത്രമാണ് ഇത്. ലൈക്ക പ്രൊഡക്‌ഷൻസ് ആണ് ചിത്രത്തിന്റെ നിർമാണം. വീഡിയോ വൈറലായതോടെ മഞ്ജുവിന് ഇതിലും വലിയ പിറന്നാൾ സമ്മാനം കിട്ടിനാലില്ലെന്നാണ് ആരാധകർ പറയുന്നത്.

തമിഴ്‌നാട്ടിലെ നാഗർകോവിലിലാണ് മഞ്ജു വാര്യരുടെ ജനനം. പഠിക്കുന്ന കാലത്ത് കലാതിലകമായിരുന്നു. നായികയായി തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു മഞ്ജു വാര്യരുടെ പ്രണയവും വിവാഹവും. വിവാഹശേഷം പതിനാല് വർഷത്തോളം സിനിമയിൽ നിന്നും വിട്ടുനിന്നിരുന്നു. വിവാഹമോചനത്തിന് ശേഷം വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തി. തിരിച്ചെത്തിയ മഞ്ജു പ്രേക്ഷക പ്രതീക്ഷകരെ നിരാശപ്പെടുത്തിയില്ല.

മലയാളവും കടന്ന് പ്രശസ്തി തെന്നിന്ത്യയൊട്ടാകെ വ്യാപിച്ചു. ഇന്ന് തെന്നിന്ത്യയിൽ ഏറ്റവും തിരക്കുള്ള നായികയാണ്. മലയാളവും കടന്ന് തമിഴിലേക്ക് എത്തിയതോടെ പ്രതിഫലത്തിന്റെ കാര്യത്തിലും മഞ്ജു മറ്റുള്ള മലയാള നടിമാരെ കടത്തിവെട്ടും. 142 കോടി രൂപയാണ് മഞ്ജു വാര്യരുടെ ആസ്തിയെന്നാണ് റിപ്പോർട്ടുകൾ. ഓരോ സിനിമയ്ക്കും 50 ലക്ഷം മുതൽ ഒരു കോടി വരെ പ്രതിഫലം വാങ്ങുന്നുണ്ട്.

Vijayasree Vijayasree :